പ്രണയ ബന്ധങ്ങള്‍ ഊഷ്മളമാവാന്‍

ഡി എം എന്‍

WDWD
പ്രണയമെന്ന വികാരം ഒരു നിമിഷം കൊണ്ട് അല്ലെങ്കില്‍ ഒരുപാട് നാളുകള്‍ കൊണ്ട് അനുഭവപ്പെടുന്നതാകാം. പക്ഷെ വിടരാന്‍ കൊതിക്കുന്ന ഈ വികാരത്തെ നല്ല ബന്ധമായി വളര്‍ത്തിയെടുക്കണമെങ്കില്‍ നാം ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വെറും വികാര പ്രകടനമല്ല മറിച്ച് ജീവിതത്തിലെ ഏറ്റവും സുന്ദരമായ ബന്ധമായി പ്രണയത്തെ മാറ്റിയെടുക്കാന്‍ നാം ചിലതു ചെയ്യുക അത്രമാത്രം.

ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാവുക

ഒരാളോട് പ്രണയം പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ അവരോടുള്ള നമ്മുടെ സമീപനത്തില്‍ കാതലായ മാറ്റം വരും. പ്രണയിക്കുന്ന ആളോട് പൂര്‍ണമായും ആത്മാര്‍ത്ഥത പുലര്‍ത്തണം. പ്രണയഭാജനത്തോട് വളരെ ഉത്തരവാദിത്വ ബോധത്തോടെയുള്ള പെരുമാറ്റമാവണം. അവരുടെ വികാരവിചാരങ്ങളെ മനസ്സിലാക്കി അതിനനുസരിച്ച് പെറുമാറുകയും അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സഹായിക്കാനുള്ള ശ്രമവും ഉണ്ടാവണം. സ്നേഹവും സംരക്ഷണവും നിര്‍ലോഭം നല്‍കാന്‍ തയാറാവണം.

ദയ, സഹാനുഭൂതി, അംഗീകാരം

നിങ്ങള്‍ എന്താണൊ പ്രണയിതാവില്‍ നിന്നാഗ്രഹിക്കുന്നത് അതുപോലെ തന്നെ അങ്ങോട്ടും സ്നേഹവും ബഹുമാനവും നല്‍കാന്‍ തയാറാവണം. അവരെ അംഗീകരിക്കാനുള്ള മനസ് വളര്‍ത്തിയെടുക്കുക. ജീവിതം നാം ഒരുമ്മിച്ചാണ് നേരിടുന്നത് എന്ന ചിന്തയോടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഒത്തൊരുമയുടെ ശബ്ദം സൃഷ്ടിക്കുക.

നിയന്ത്രണമല്ല മനസിലാക്കലാണു വേണ്ടത്

പ്രണയിതാ‍വിന്‍റെ സ്വഭാവത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കാതെ അവരെ ഉള്‍ക്കൊള്ളാനുള്ള ശ്രമമാണ് നടത്തേണ്ടത്. അവരും ഒരു വ്യക്തിയാണ് തനതായ വികാരവിചാരങ്ങള്‍ അവര്‍ക്കും ഉണ്ട് എന്നു മനസിലാക്കുക. വിമര്‍ശനവും, ദേഷ്യപ്പെടലും, ന്യായീകരണങ്ങളും, തള്ളിപറയലുകളും ഒഴിവാക്കുക.

സംസാരിക്കാന്‍ അവസരങ്ങള്‍ കണ്ടെത്തുക

പ്രണയിതാവുമായുള്ള കണ്ടുമുട്ടലുകള്‍ ഒഴിവാക്കാതിരിക്കുക. മനസു തുറന്ന് സംസാരിക്കാനുള്ള സാഹചര്യങ്ങള്‍ പരമാവധി കണ്ടെത്തി പരസ്പരം തിരിച്ചറിയാന്‍ ശ്രമിക്കുക. ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവെയ്ക്കുക. ചിന്താഗതികള്‍ മനസിലാക്കി ഒരേ പാതയില്‍ സഞ്ചരിക്കുന്നവരാകാന്‍ ശ്രമിക്കുക.

പരാതികള്‍ വേണോ?

നിസാ‍ര കാര്യങ്ങള്‍ക്കു പോലും പരാതി പറയുന്ന സ്വഭാവം പ്രണയ ബന്ധങ്ങളെ കാര്യമായി ബാധിക്കും. ആഗ്രഹിക്കുന്ന സമയത്ത് അടുത്തില്ലാതെ വരുമ്പോഴും മറവികള്‍ സംഭവിക്കുമ്പോഴും അതില്‍ പിടിച്ച് പരാതി പറഞ്ഞു പറഞ്ഞ് മനസ്സില്‍ കരടു വീഴ്ത്താന്‍ ശ്രമിക്കാതിരിക്കുക.

സന്തോഷ നിമിഷങ്ങള്‍

വീണു കിട്ടുന്ന അവസരങ്ങള്‍ ആഹ്ലാദനിമിഷങ്ങളാക്കി മാറ്റുക. സന്തോഷത്തില്‍ മാത്രമല്ല ദു:ഖത്തിലും ഒപ്പമുണ്ടാവണം. പരസ്പരം ആശ്വാസമേകാന്‍ കഴിയണം.

WEBDUNIA|
പ്രണയ ബന്ധത്തില്‍ മാത്രമല്ല മറ്റു ബന്ധങ്ങളും വളര്‍ത്തിയെടുക്കാന്‍ നമ്മുടെ സ്വഭാവങ്ങളില്‍ പലപ്പോഴും മാറ്റം വരുത്തേണ്ടി വരാറുണ്ട്. പക്ഷെ ഈ തിരുത്തലുകള്‍ സ്വന്തം മനസാക്ഷിക്കെതിരാവരുത് എന്നു മാത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :