ചെന്നൈ|
joys joy|
Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (16:08 IST)
വിവാഹം തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ ആണിന്റെയും പെണ്ണിന്റെയും ഉള്ളില്‍ മോഹങ്ങളുടെ വേലിയേറ്റമാണ്. ആദ്യരാത്രി, വിവാഹത്തിനു ശേഷമുള്ള ജീവിതം, ഒരുമിച്ചുള്ള താമസം അതിനേക്കാള്‍ ഒക്കെ ഏറ്റവും കൂടുതല്‍ പ്ലാന്‍ ചെയ്യുന്നതും ആഗ്രഹിക്കുന്നതുമാണ് ഹണിമൂണ്‍ യാത്ര. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ മൂന്നു മാസങ്ങള്‍ ആണ് ഹണിമൂണ്‍ കാലയളവ് ആയി അറിയപ്പെടുന്നത്. അതില്‍ തന്നെ ആദ്യത്തെ 40 ദിവസങ്ങള്‍ പങ്കാളികള്‍ പരസ്പരം മനസ്സിലാക്കുന്ന സമയമാണ്. ഈ കാലയളവില്‍ ദമ്പതികള്‍ പരസ്പരമുള്ള ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും എല്ലാം അറിയുന്ന സമയമാണ്. അതുകൊണ്ടു തന്നെ ഹണിമൂണ്‍ യാത്രയ്ക്ക് ദാമ്പത്യജീവിതത്തില്‍ വലിയ പങ്കുണ്ട്. എന്നാല്‍, മിക്കവര്‍ക്കും വ്യക്തമായ പ്ലാനിങ് ഇല്ലാത്തതിനാല്‍ ഹണിമൂണ്‍ യാത്ര എന്നത് പലപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കും എന്നതാണ് സത്യം.
വ്യക്തമായ ഒരു
പ്ലാന്‍ ഉണ്ടെങ്കില്‍ ഹണിമുണ്‍ ട്രിപ്പുകള്‍ ജീവിതത്തില്‍ അവിസ്മരണീയമായ അസുലഭമായ നിമിഷങ്ങളാക്കി മാറ്റാന്‍ കഴിയും. ചില കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കണമെന്നു മാത്രം. അല്ലെങ്കില്‍, പാകിസ്ഥാന്‍ സ്വദേശികളായ ഹുമ മൊബിന്റെയും അര്‍സലാന്‍ സെവറിന്റെയും അനുഭവം വരെ ഉണ്ടായേക്കാം. സംഭവം ഇത്രേയുള്ളൂ, യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെങ്കിലും ഭര്‍ത്താവായ അര്‍സലാന് വിസ ലഭിച്ചില്ല. അങ്ങനെ ഹുമ അമ്മായിയച്ചനും അമ്മായിയമ്മയ്ക്കും ഒപ്പം ഹണിമൂണ്‍ ആഘോഷിച്ചതും നല്ല പാതിയില്ലാത്ത ദു:ഖത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമെല്ലാം വൈറല്‍ ആയിരുന്നു.
ഹണിമൂണ്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. യാത്രയ്ക്കുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതിനു മുമ്പ് പരസ്പരം ഇഷ്‌ടങ്ങള്‍ തുറന്നുപറഞ്ഞ് സംസാരിക്കുക. ചിലര്‍ക്ക്, തണുപ്പുള്ള സ്ഥലങ്ങള്‍ ആയിരിക്കും താല്പര്യം. എന്നാല്‍, തണുപ്പ് അലര്‍ജിയുള്ളവരും ഉണ്ട്. അതുകൊണ്ട് തന്നെ ഹണിമൂണിന് കറങ്ങാനുള്ള സ്ഥലം പ്ലാന്‍ ചെയ്യുന്നതിനു മുമ്പ് ദമ്പതിമാര്‍ അവര്‍ ഇരുവരുടെയും ആരോഗ്യവും ഇഷ്‌ടങ്ങളും പരിഗണിക്കുക.
2. പങ്കാളിക്കായി ചെറിയ ചെറിയ അത്‌ഭുതങ്ങള്‍ ഹണിമൂണിനിടയില്‍ കരുതിവെയ്ക്കാം. തമാശകളും കളിചിരികളും നിറഞ്ഞതായിരിക്കണം ഹണിമൂണ്‍. മനസ് ഫ്രീ ആകുമ്പോള്‍ തന്നെ പങ്കാളിയുമായി ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ നിങ്ങള്‍ പാകപ്പെടും. പങ്കാളിക്ക്
ഭയബഹുമാനങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി മസില് പിടിക്കാമെന്ന് വിചാരിച്ചാല്‍ നിങ്ങളുടെ സമയവും ദിവസവും ഒക്കെ പാഴായെന്ന് കരുതിയാല്‍ മതി.
3. ബാക്കിയെല്ലാത്തിനെയും മാറ്റി നിര്‍ത്തി വേണം ഹണിമൂണിനായി ഇറങ്ങി പുറപ്പെടാന്‍. കാരണം, ജീവിതകാലം മുഴുവന്‍ ഒരുമിച്ചു മുന്നോട്ടു പോകേണ്ട രണ്ടു വ്യക്തികള്‍ പരസ്പരം മനസ്സിലാക്കുന്ന സമയമാണ് ഇത്. ജോലി സംബന്ധമായ തിരക്കുകളും മറ്റും നിര്‍ബന്ധമായും ഒഴിവാക്കി വെയ്ക്കുക. ഫോണ്‍, നെറ്റ് എന്നിവ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. കൂടുതല്‍ സമയവും പങ്കാളികള്‍ ഒരുമിച്ചായിരിക്കുക, മുന്നോട്ടുള്ള യാത്രയ്ക്ക് ഇത് വലിയ ഊര്‍ജ്ജം പകരും.
4. ഒരുമിച്ചുള്ള യാത്രയുടെ ചിത്രങ്ങള്‍ എടുക്കുക. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള സുന്ദരമായ നിമിഷങ്ങള്‍ ആയിരിക്കണം ഹണിമൂണ്‍ യാത്രകള്‍. അതുകൊണ്ടു തന്നെ ഹണിമൂണ്‍ സമയങ്ങളില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ജീവിതകാലത്ത് എന്നും നിങ്ങള്‍ക്ക് രസകരമായ ആ യാത്രയുടെ ഓര്‍മ്മകള്‍ പകരും.
5. എല്ലാ ദിവസവും പുതുതായി എന്തെങ്കിലും ട്രൈ ചെയ്യുക. അത്, സ്നേഹപ്രകടനത്തിലാകാം ഭക്ഷണത്തിലാകാം യാത്രയുടെ രീതിയിലാകാം വസ്ത്രധാരണത്തിലാകാം അങ്ങനെ ഏതു രീതിയിലുമാകാം. സ്ഥിരമായി ഒരേ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള ബോറടി മാറ്റാന്‍ ഇത് സഹായിക്കും.
6. ഹണിമൂണ്‍ യാത്രയ്ക്ക് പാക്ക് ചെയ്യുന്നതിനു മുമ്പ് അത്യാവശ്യത്തിനു വേണ്ട എല്ലാ സാധനങ്ങളുടെയും പട്ടിക തയ്യാറാക്കുക. ആവശ്യത്തിനു വേണ്ട വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ചെറിയ ബാഗ്, മരുന്നുകള്‍ തുടങ്ങി അവശ്യം വേണ്ട എല്ലാ വസ്തുക്കളും യാത്രാബാഗില്‍ ഉണ്ടായിരിക്കണം. എന്നാല്‍, വലിയ ഭാരവും വലിച്ച് ഹണിമൂണ്‍ യാത്രയ്ക്ക് പോകുകയുമരുത്.
7. കുസൃതികളും കളിതമാശകളും നിറഞ്ഞതായിരിക്കണം ഹണിമൂണ്‍ എങ്കിലും സമയവും സന്ദര്‍ഭവും ലഭിക്കുന്നതിന് അനുസരിച്ച് ജീവിതത്തെപറ്റി ഗൌരവമായ ചര്‍ച്ചകളുമാകാം. സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങി ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ മോഹങ്ങളും പങ്കുവെയ്ക്കാം. പക്ഷേ, അതെല്ലാം പങ്കാളിയെ വെറുപ്പിക്കാത്ത രീതിയില്‍ ആയിരിക്കണമെന്നു മാത്രം.