നോബല്‍ സമ്മാനത്തിലും ഇന്ത്യന്‍ സ്പര്‍ശം

PRATHAPA CHANDRAN|
PRO
ഇന്ത്യന്‍ വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയത് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് യശസ്സ് നേടിത്തന്നു. വെങ്കട്ടരാമന്‍ രാമകൃഷ്ണന് ഒപ്പം തോമസ് സ്റ്റെയിറ്റ്സ് എന്ന യുഎസ് ശാസ്ത്രജ്ഞനും ഇസ്രയേല്‍ വംശജയായ അദ യോനാതുമാണ് 2009 ലെ രസതന്ത്ര നോബല്‍ പങ്കിട്ടത്.

1952ല്‍ തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ച വെങ്കിട്ടരാമന്‍ ബറോഡ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും 1976 ല്‍ ഓഹിയോ സര്‍വകലാശാലയില്‍ നിന്ന് പി‌എച്ച്‌ഡിയും സ്വന്തമാക്കി. ഇപ്പോള്‍ ബ്രിട്ടണില്‍ താമസിക്കുന്ന വെങ്കട്ടരാമന് അമേരിക്കന്‍ പൌരത്വമാണുള്ളത്.

റൈബോസോമുകളുടെ ഘടനയെ കുറിച്ചുള്ള പഠനമാണ് ഇത്തവണ രസതന്ത്ര നോബല്‍ സമ്മാനത്തിന് അര്‍ഹമായത്. ആറ്റത്തിന്റെ തലത്തില്‍ റൈബോസോമുകളുടെ പ്രവര്‍ത്തനങ്ങളെയും ഇവയുടെ രൂ‍പത്തെക്കുറിച്ചും മൂ‍ന്ന് ഗവേഷകരും വിശദീകരിച്ചിട്ടുണ്ട്. എക്സ്-റേ ക്രിസ്റ്റലോഗ്രാഫി എന്ന രീതി ഉപയോഗിച്ചാണ് റൈബോസോമുകളെ കുറിച്ച് ഇവര്‍ വിശദീകരിച്ചത്. ആന്റിബയോട്ടിക്കുകളും റൈബോസോമുകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തെ കുറിച്ചും വിശദീകരിച്ച ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ പുതിയതരം ആന്റിബയോട്ടിക്കുകള്‍ വികസിപ്പിക്കാന്‍ സഹായകമായേക്കുമെന്ന് നോബല്‍ സമിതി വിലയിരുത്തി.

സാന്‍ഡീഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നാണ് വെങ്കട്ടരാമാന്‍ ബയോളജി പഠനം ആരംഭിച്ചു. ബയോകെമിസ്റ്റായ മൊറിസിയോ മൊണാലുമായി ചേര്‍ന്ന് ഗവേഷണവും ആരംഭിച്ചു. അമേരിക്കയിലെ ബ്രൂക്‌നെര്‍ നാഷണല്‍ ലബോറട്ടറിയില്‍ ഗവേഷകനായി ചേര്‍ന്നു. റൈബോസോമല്‍ പ്രൊട്ടീനുകളുടെ ത്രിമാനഘടന നിര്‍ണയിക്കാനുള്ള ജീന്‍‌ക്ലോണിംഗ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. അതിനിടെ ഗൂഗെനിം ഫെലോഷിപ്പ് ലഭിച്ചു. എക്‌സ്‌-റേ ക്രിസ്റ്റലോഗ്രാഫി പഠനത്തിനായിരുന്നു അത്. 1995ല്‍ ഉട്ടാ സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറായി. പിന്നീടാണ് കേംബ്രിഡ്ജിലെ മോളിക്കുലര്‍ ബയോളജി ലബോറട്ടറിയില്‍ സീനിയര്‍ സയന്റിസ്റ്റായും, സ്ട്രക്ചറല്‍ സ്റ്റഡീസ് വിഭാഗം ഗ്രൂപ്പ് ലീഡറായും ചേര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :