രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം പങ്കിട്ട ഇന്ത്യന്‍ വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന് ജന്‍മദേശത്തു നിന്ന് അഭിനന്ദന പ്രവാഹം. രാഷ്ട്രപതി പ്രതിഭാ പാട്ടീലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വെങ്കട്ടരാമനെ അഭിനന്ദനമറിയിച്ചു.
വെങ്കട്ടരാമന് നോബല്‍ സമ്മാനം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും റൈബോസോം ഘടനയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട് എന്നും രാഷ്ട്രപതി അനുമോദന സന്ദേശത്തില്‍ അറിയിച്ചു. നോബല്‍ സമ്മാനം നേടിയതിലൂടെ വെങ്കട്ടരാമന്‍ രാഷ്ട്രത്തിന്റെ യശസ്സ് ഉയര്‍ത്തി എന്ന് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.
വെങ്കട്ടരാമന്‍ പഠിച്ചിരുന്ന വഡോദരയിലെ സയാജിറാവു സര്‍വകലാശാലയിലും ചിദംബരത്തെ അണ്ണാമല സര്‍വകലാശാലയിലും ബുധനാഴ്ച ആഘോഷത്തിന്റെ ദിവസമായിരുന്നു. സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിക്ക് നോബല്‍ സമ്മാനം ലഭിച്ചത് മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ഇവിടങ്ങളില്‍ ആഘോഷിച്ചത്.
ഇപ്പോള്‍ യു എസ് പൌരത്വമാണ് വെങ്കട്ടരാമനുള്ളത്. ഇസ്രയേലില്‍ നിന്നുള്ള ആദ യൊനാത്, യു എസുകാരനായ തോമസ് സ്റ്റെയിറ്റ്സ് എന്നിവര്‍ക്കൊപ്പമാണ് ഇദ്ദേഹം രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടത്.