സൂപ്പര്‍താര സാന്നിധ്യമല്ല സിനിമയുടെ വിജയത്തിന് ആധാരമെന്ന് ഈ വര്‍ഷം ഒരിക്കല്‍ കൂടി തെളിയിച്ചു. അമിത പ്രതീക്ഷയോടെയെത്തിയെ ഒരു പിടി സൂപ്പര്‍താര ചിത്രങ്ങളാണ് ഈ വര്‍ഷം ബോക്സോഫീസില്‍ മൂക്കും കുത്തി വീണത്. മമ്മൂട്ടി നായകനായ ലവ് ഇന്‍ സിംഗപ്പൂര്‍, ഈ പട്ടണത്തില്‍ ഭൂതം, ഡാഡി കൂള്‍, മോഹന്‍ലാലിന്റെ റെഡ് ചില്ലീസ്, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, ഭഗവാന്, എയ്ഞ്ചല്‍ ജോണ്‍ എന്നിവയെല്ലാം പ്രേക്ഷക പ്രതീക്ഷ തകര്‍ത്തു.
മറ്റൊരു സൂപ്പര്‍ താരമായ സുരേഷ് ഗോപിയുടെ ഹയ്ലേസ, ഐജി, ഭൂമിമലയാളം, ബ്ളാക് ഡാലിയ, കാഞ്ചീപുരത്തെ കല്യാണം, വൈരം തുടങ്ങി ചിത്രങ്ങളും നഷ്ടക്കണക്കിലാണ് ഇടം നേടിയത്. ഒറ്റ ഹിറ്റ് പോലുമില്ലാതെയാണ് സുരേഷ് ഗോപി 2009നോട് വിടപറയുന്നത്.
നല്ല സംവിധായകരുടെ പിന്തുണ ഉണ്ടായിട്ടും മറ്റൊരു വിജയനായകനായ ദിലീപിന്റെ സ്ഥിതിയും വ്യത്യസ്തമായില്ല. കളേഴ്സ്, മോസ് ആന്‍ഡ് ക്യാറ്റ്, സ്വലേ തുടങ്ങിയ ദിലീപ് സിനിമകള്‍ പ്രേക്ഷകനില്‍ ചിരി ഉണര്‍ത്താതെ തിയറ്റര്‍ വിട്ടു. ജയറാമിന് സത്യന് അന്തിക്കാടിന്റെ ഭാഗ്യദേവത തുണയായെങ്കിലും സമസ്തകേരളം പിഒ, വിന്റര്‍, രഹസ്യ പോലീസ്, കാണാകണ്മണി, സീതാകല്യാണം, മൈ ബിഗ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലൊന്നും പ്രേക്ഷകരെ പിടിച്ചിരുത്താനായില്ല.
യുവ സൂപ്പര്‍താരം പൃഥ്വീരാജിന് പുതിയ പരിവേഷം നല്കാന് ദീപന്റെ പുതിയ മുഖത്തിന് കഴിഞ്ഞു. എങ്കിലും ജോഷിയെപ്പോലൊരു സംവിധായകന്റെ പിന്തുണ ഉണ്ടായിട്ടും റോബിന്‍ഹുഡിനെ പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞു. നമ്മള് തമ്മില്‍, കലണ്ടര്‍ എന്നീ പൃഥ്വി ചിത്രങ്ങളെയും പ്രേക്ഷകര്‍ നിര്‍ദയം കൈയ്യൊഴിഞ്ഞു.