കണ്ണീര്‍ വര്‍ഷം-2009

WEBDUNIA|
മുരളി
നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുരളി അന്തരിച്ചു. തിരുവനന്തപുരം പിആര്‍എസ്‌ ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. അമ്പത്തിയഞ്ച് വയസ്സായിരുന്നു. അമാനുഷനായ നായക കഥാപാത്രങ്ങളെ കണ്ട് ശിലിച്ച മലയാളി പ്രേക്ഷകന് മണ്ണിന്‍റെ മണമുള്ള നായക കഥാപാത്രങ്ങളിലൂടെ പുതൊയൊരു ഭാവുകത്വം സമ്മാനിച്ച മുരളിയുടെ വിറ്യോഗത്തിലൂടെ കലാകൈരളിയുടെ പൂമുഖത്തെ കളിവിളക്കില്‍ ഒരു തിരികൂടി അണയുകയായിരുന്നു.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 73 വയസായിരുന്നു. മുസ്ലിംലീഗ് രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നിയന്ത്രിച്ച അമരക്കാരന്‍ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സൌമ്യമായ സമീപനവും ഉറച്ചനിലപാടുകളും കൊണ്ട് രാഷ്ട്രീയ കേരളത്തിന്‍റെ ആദരവ് നേടിയ വ്യക്തിത്വമായിരുന്നു.

കൌമുദി ടീച്ചര്‍
സ്വാതന്ത്ര സമര സേനാനിയും ഗാന്ധിയനുമായിരുന്ന കൌമുദി ടീച്ചര്‍ (93) അന്തരിച്ചു. ഭൂദാന പ്രസ്ഥാനങ്ങളില്‍ സജീവയായിരുന്നു കൌമുദി ടീച്ചര്‍. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിന് 1934 ജനുവരി 13ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി നല്‍കിയ ടീച്ചറുടെ പ്രവൃത്തി ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു.

മേഴ്‌സി രവി
കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ ഭാര്യയും മുന്‍ എംഎല്‍എയുമായ മേഴ്സി രവി (63) ചെന്നൈയില്‍ അന്തരിച്ചു. സംസ്ഥാന മഹിളാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി ദേശീയ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

അടൂര്‍ ഭവാനി
പ്രശസ്ത നടി അടൂര്‍ ഭവാനി അന്തരിച്ചു. 85 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഗ്രാമീണ തനിമയുള്ള കഥാപാത്രങ്ങളിലൂടെയും വിസ്മയിപ്പിക്കുന്ന മുഖ ഭാവങ്ങള്‍ കൊണ്ടും വെള്ളിത്തിരയില്‍ തിളങ്ങിയ അടൂര്‍ ഭവാനി അന്തരിച്ചു രോഗങ്ങള്‍ മൂലം ഏറെ കാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :