തീര്‍ത്ഥാടനം പരമ്പരയിലൂടെ നാം അനേകം പുണ്യസ്ഥലങ്ങള്‍ ഇതിനോടകം സന്ദര്‍ശിച്ചുകഴിഞ്ഞു. ഇത്തവണ നാം പോവുന്നത് മഹാരാഷ്ട്രയിലെ ത്രിവിക്രമ ക്ഷേത്രത്തിലേക്കാണ്. പേരുകേട്ട മുനിവര്യനായ കദോഗി മഹാരാജാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഫോട്ടോഗാലറി
1744 ല്‍ പണികഴിപ്പിച്ച ഈ ക്ഷേത്രം ഖന്ധേശ് പ്രദേശത്തുള്ള ഷെന്ദൂരിണി ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിയെ കുറിച്ച് വളരെ ആകര്‍ഷകമായ ഒരു പുരാണമുണ്ട്.
പ്രധാന പൂജാരിയായ ശാന്താറാം മഹാരാജ് ഭഗത്താണ് ക്ഷേത്ര പുരാണം വിവരിച്ചു നല്‍കിയത്. കഗോദി മഹാരാജ് വിത്താല്‍ ദേവനെ ഭജിക്കാനായി ദിനവും കാല്‍നടയായി പന്ധാല്‍പ്പൂരിലേക്ക് പോവാറുണ്ടായിരുന്നുവത്രേ. ഒരു ദിവസം, ഈശ്വരന്‍ കദോഗിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ വിഗ്രഹം ഗ്രാമത്തിലെ നദിക്കടുത്ത് പുതഞ്ഞ് കിടപ്പുണ്ട് എന്ന് പറഞ്ഞു. തന്‍റെ വാഹനമായ വരാഹത്തോടു കൂടിയുള്ള വിഗ്രഹം കണ്ടെടുത്ത് യഥാവിധി പ്രതിഷ്ഠിക്കണമെന്നും പ്രത്യക്ഷനായ ദേവന്‍ പറഞ്ഞു എന്ന് ശാന്താറാം മഹാരാജ് വിവരിക്കുന്നു.
മടങ്ങിയെത്തിയ കദോഗി മഹാരാജ് ഗ്രാമീണരോട് നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, അവര്‍ അത് അവിശ്വസിച്ചു എന്ന് മാത്രമല്ല കദോഗിക്ക് ഭ്രാന്താണെന്ന് പറയാന്‍ പോലും മടിച്ചില്ല. ഇതിലൊന്നും നിരാശനാവാതെ മുനിവര്യന്‍ സ്വന്തം ഭൂമി കിളച്ചു തുടങ്ങി, ഏറെ കഴിയും മുമ്പേ വരാഹ വിഗ്രഹം ലഭിച്ചു. ഇതറിഞ്ഞ ഗ്രാമീണരും കദോഗിക്കൊപ്പം കൂടി. അവര്‍ 25 അടി താഴ്ചയിലെത്തിയപ്പോഴേക്കും വിഗ്രഹം ലഭിച്ചു! നാലര അടി ഉയരമുള്ള വിഗ്രഹത്തില്‍ യഥാവിധി പൂജകഴിച്ച് ആരാധനയും തുടങ്ങി.