ശ്രീനു എസ്|
Last Updated:
തിങ്കള്‍, 12 ഏപ്രില്‍ 2021 (18:01 IST)
ശബരിമല അയ്യപ്പന്റെ പൂങ്കാവനം മാലിന്യ മുക്തമായി പരിരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായ ശുചീകരണത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കാളിയായി. ഇളയമകന്‍ കബീര്‍ ആരിഫിന് ഒപ്പം ശബരിമല ദര്‍ശനം നടത്തിയ ഗവര്‍ണര്‍ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സന്നിധാനവും പരിസര പ്രദേശങ്ങളും ശുചിയാക്കുന്നതില്‍ തിങ്കളാഴ്ച പങ്കാളിയായി. പുണ്യം പൂങ്കാവനം വോളണ്ടിയര്‍മാര്‍, അയ്യപ്പസേവാസംഘം വോളണ്ടിയര്‍മാര്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.
പുണ്യം പൂങ്കാവനത്തിന്റെ ശബരിമലയിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷം ഗവര്‍ണര്‍ തന്റെ അഭിപ്രായവും ഓഫീസ് രജിസ്റ്ററില്‍ രേഖപ്പെടുത്തി. പുണ്യം പൂങ്കാവനം പദ്ധതി സംബന്ധിച്ച ബ്രോഷര്‍ പുണ്യം പൂങ്കാവനം കോ -ഓഡിനേറ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ സജി മുരളി ഗവര്‍ണര്‍ക്ക് കൈമാറി. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ ഗവര്‍ണര്‍ ശബരിമല മാളികപ്പുറത്തെ മണി മണ്ഡപത്തിന് തൊട്ടടുത്തായി ചന്ദന തൈ നട്ടു നനച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു ഗവര്‍ണര്‍ക്ക് നടുന്നതിനായി ചന്ദനമരം നല്‍കി.