മണ്ണാറശ്ശാല ഇല്ലത്തെ നിലവറയില്‍ അനന്ത ചൈതന്യമുള്ള നാഗരാജാവ് ഇപ്പോഴും ഉണ്ടെന്നാണ് വിശ്വാസം. നിലവറയില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ പൂജയുള്ളു - ശിവരാത്രിയുടെ പിറ്റേന്ന് മാത്രം. നിലവറയിലുള്ള നാഗരാജാവ് മുമ്പ് ഇല്ലത്തെ അമ്മയുടെ മകനായി ജനിച്ചതാണെന്നാണ് വിശ്വാസം. ഭഗവാന്‍ ഇന്നും ചിരഞ്ജീവിയായി നിലവറയില്‍ കഴിയുന്നു. കുടുംബാംഗങ്ങള്‍ ആവട്ടെ കുടുംബനാഥനായ മുത്തശ്ശനായി അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്നു.
ഇതിനെ കുറിച്ചുള്ള കഥ ഇങ്ങനെയാണ് : ഒരിക്കല്‍ കാട്ടുതീ പടര്‍ന്നു പിടിച്ചപ്പോള്‍ രക്ഷ തേടി നാഗങ്ങള്‍ മണ്ണാറശ്ശാലയില്‍ അഭയം തേടി. അവിടെ നാഗ ഉപാസകരായ വാസുദേവനും ശ്രീദേവിയുമാണ് ഉണ്ടായിരുന്നത്. അവര്‍ നാഗങ്ങളെ പരിരക്ഷിച്ചു. ഇതിനെ തുടര്‍ന്ന് അമ്മയ്ക്ക് നാഗരാജാവ് സ്വപ്നത്തില്‍ ദര്‍ശനം നല്‍കി. താന്‍ മകനായി പിറക്കുമെന്ന് അരുളിച്ചെയ്യുകയും ചെയ്തു.
താമസിയാതെ ഗര്‍ഭം ധരിച്ച ശ്രീദേവി അന്തര്‍ജ്ജനം രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒരു മനുഷ്യക്കുഞ്ഞും അഞ്ച് തലയുള്ള ഒരു നാഗക്കുഞ്ഞും. ബാല്യദശ പിന്നിട്ടതോടെ നാഗക്കുഞ്ഞിന്‍റെ തേജസ്സ് വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു. ഇത് മറ്റുള്ളവരില്‍ ഭയം ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആ മകന്‍ അമ്മയോട് പറഞ്ഞു താനിവിടെ ആരും കാണാതെ നിലവറയില്‍ ഒതുങ്ങിക്കഴിഞ്ഞുകൊള്ളാം എന്ന്. ശിവരാത്രി പിറ്റേന്ന് മാത്രം ഉപചാരങ്ങള്‍ മതി എന്നും നിര്‍ദ്ദേശിച്ചു.