ചരിത്രപ്രധാനമായ ശാര്‍ക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ട് ഫെബ്രുവരി 29 ന് നടക്കും. തിരുവനന്തപുരം ചിറയിന്‍കീഴിനു സമീപമാണ് പുരാതനമായ ശാര്‍ക്കര ദേവീക്ഷേത്രം. കാളി പ്രീതിക്കായി നടത്തുന്ന അനുഷ്ഠാനമാണ് കാളിയൂട്ട് എന്ന കാളീനാടകം.
ഒമ്പത് ദിസമാണ് കാളിയൂട്ട് മഹോത്സവം നടക്കുക. ഒമ്പതാം ദിവസം നിലത്തീല്‍ പോര് എന്ന അനുഷ്ഠാനമാണ് നടക്കുക. യുദ്ധത്തില്‍ ദാരികനെ വെല്ലുവിളിച്ച് പൊരുതുന്ന ദേവി ദാരിക നിഗ്രഹം നടത്തുന്നു എന്നാണ് സങ്കല്‍പ്പം. ചടങ്ങുകള്‍ക്കൊടുവില്‍ കൊലവാഴ വെട്ടി ദാരിക നിഗ്രഹം നടത്തുന്നു എന്ന് സങ്കല്പ്പിക്കുകയാണ് പതിവ്. ഇതോടെ ഉത്സവം സമാപിക്കും.
ഒന്നാം ദിവസം രാവിലെ കുറികുറിപ്പ് നടത്തുന്നു. കാളിയൂട്ട് നടത്തുന്ന തീയതി തീരുമാനിക്കുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അന്ന് പൊന്നറ കുടുംബത്തില്‍ നിന്നും പതിനേഴര പേരുടെ കാളിയൂട്ട് കളിപ്പിള്ള മുണ്ടും തോര്‍ത്തും വാങ്ങാനുള്ള പണം ഏറ്റുവാങ്ങുന്നു.
പഴയവീട്ടില്‍ പിള്ളയുടെ അധ്യക്ഷതയില്‍ മേല്‍ശാന്തി ഭദ്രകാളിയെ വിളക്കില്‍ ആവാഹിച്ച് പാട്ടുപുരയില്‍ കൊണ്ടുവരുന്നു. രാത്രി നടത്തുന്ന ചടങ്ങാണ് വെള്ളാട്ടം കളി. രണ്ട് പേര് ചേര്‍ന്ന് ദേവിയുടെ കഥപറയുന്നു.
WD
WD
രണ്ടാം ദിവസത്തെ ചടങ്ങാണ് കുരുത്തോല ചാട്ടം. ഈ അനുഷ്ഠാനത്തില്‍ പങ്കെടുക്കുന്ന രണ്ട് പേര് കുരുത്തോല കൊണ്ട് ആഭരണമുണ്ടാക്കി ഉറഞ്ഞു തുള്ളുകയും കഥപറയുകയും ചെയ്യുന്നു. മൂന്നാം ദിവസം കുരുത്തോളചാട്ടം, വെള്ളാട്ടംകളി എന്നിവയ്ക്ക് ശേഷം നാരദരുടെ പുറപ്പാട് നടത്തുന്നു. നാരദരുടെ വേഷം കെട്ടിയാണ് അന്ന് ദാരികവധം കഥ മുഴുവനും പറയുക.
നാലാം ദിവസം കാളിയൂട്ട് പുരയില്‍ കാവല്‍ നില്ക്കുന്ന ഒരു നായരുടെ കഥയാണ് പറയുക. അതിനായി ഒരാള്‍ കാവിലുടയ നായരുടെ വേഷം കെട്ടുന്നു. അഞ്ചാം ദിവസം ഐരാണി പറയാണ്. മാലമ്പള്ളി, ഉഗ്രംപള്ളി എന്നിങ്ങനെ രണ്ട് പേര് വടക്ക് നിന്ന് തെക്കോട്ടെത്തി കാളിയൂട്ട് നടത്തുന്നു എന്നാണ് സങ്കല്‍പ്പം.