ആശ്വാസത്തിന്റെയും അനുഗൃഹത്തിന്റെയും നിസ്തുല സാന്നിദ്ധ്യം
WD
WD
ദുരിതങ്ങളുടെ കയത്തിന്നപ്പുറം വിളങ്ങുന്ന അഭയത്തിന്റെ ദീപ്തസന്നിധാനമാണ് വിശ്വാസികള്‍ക്ക് ബീമാപള്ളി. ഇസ്ളാംമതം നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തില്‍ വേരോടിയിരുന്നു. അതിന്റെ തെളിവാണ് തിരുവനന്തപുരത്ത് നിന്ന് എട്ടു കിലോമീറ്റര്‍ മാത്രമകലെ കടലോരത്തുള്ള വിമാനത്താവളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബീമാപള്ളി.
അഭയത്തിനും അനുഗൃഹത്തിനുമായി ജാതി മത വത്യാസമില്ലാതെ ജനലക്ഷങ്ങളെത്തുന്ന ഈ മഹാപ്രാകാരം, ഇസ്ളാം വാസ്തു മാതൃകയിലുള്ളതാണ്.
വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ഒരമ്മയും മകനും
പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതത്താല് പ്രചോദിതയായി നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, അറേബ്യയില്‍ നിന്ന് ഇസ്ളാം പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ പുണ്യാത്മാവാണ് സെയ്യിദത്തുനിസ്സ ബീമാബീവി. മരുഭൂമിയുടെ കാഠിന്യം വകവയ്ക്കാതെ, അന്നുള്ള പരിമിതമായ യാത്രാസൗകര്യത്തിന്റെ ബുദ്ധിമുട്ടുകള്‍ സഹിച്ച്, വിശ്വാസത്തിന്റെ വെളിച്ചത്താല്‍ നയിക്കപ്പെട്ട്, ബീമാബീവി കേരളത്തിലെത്തി.
ജീവീതം മുഴുവന്‍ ഇസ്ളാമിന്റെ ധാര്‍മ്മികമൂല്യങ്ങള്‍ക്കായി ഉഴിഞ്ഞ് വച്ച ആ ഉമ്മയ്ക്ക് തന്റെ പാത പിന്തുടരാന് സ്വന്തം പുത്രനെ തന്നെ ലഭിച്ചു. അവിടുത്തെ ഓമനപ്പുത്രനായ അശൈഖ് സയ്യിദ് ഷഹീദ് മാഹീന് അബൂബക്കര്‍ ഒലിയുല്ലാഹ് തീവ്രസാധന കൊണ്ടും ഭക്തികൊണ്ട ും ഉള്ളുണര്‍ന്ന മഹാസിദ്ധനായിത്തീര്‍ന്നു.
ഈ ഉമ്മയുടെയും മകന്റെയും പുണ്യകബറിടങ്ങളാണ് പിന്നീട് ബീമാപള്ളിയായിത്തീര്‍ന്നത്. ഈ മഹാ സമാധികളില്‍ വന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തൊട്ടറിയുന്നതുപോലെ ആശ്വാസമേകുന്ന സാന്നിദ്ധ്യമാണ് ഈ കബറുകള്‍.