തൃക്കാര്‍ത്തിക സര്‍വ്വാഭീഷ്ട പ്രദായിനിയും സര്‍വ്വമംഗളദായികയുമായ കുമാരനല്ലൂര്‍ ഭഗവതിയുടെ തിരുനാള്‍.
കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ പത്തു ദിവസത്തെ കാര്‍ത്തിക മഹോത്സവമാണ് കുമാരനല്ലൂര്‍ ദേശത്തെ പ്രധാന ഉത്സവം. ആറാട്ടോടെഉത്സവം സമാപിയ്ക്കും. പള്ളിവേട്ടനാളിലാണ് തൃക്കാര്‍ത്തിക . തൃക്കാര്‍ത്തിക ദിവസം പ്രസാദമൂട്ടും ഉണ്ടായിരിയ്ക്കും.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ താലൂക്കിലെ മഹാക്ഷേത്രങ്ങളിലൊന്നായ പ്രസിദ്ധമായ ദുര്‍ഗാ ദേവി പ്രാസാദമാണ് കുമാരനല്ലൂര്‍ ഭഗവതി ക്ഷേത്രം. കേരളത്തിലെ പഴയ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നാണിത്.
ശംഖുമുണ്ടിടത്തു വലമേയൊരു ചക്രമുണ്ടു കാലില്‍ ചിലമ്പു ചില മുത്തുപടം കഴുത്തില്‍ ഓടീട്ടു വന്നു കുടി കൊണ്ട കുമാരനല്ലൂര്‍- കാര്‍ത്ത്യായനീ ! ശരണമെന്നിത കൈതൊഴുന്നേന്‍.
പണ്ട് തുലാത്തിലെ രോഹിണി മുതല്‍ വൃശ്ചികത്തിലെ രോഹിണി വരെ 28 ദിവസമായിരുന്നു ഉത്സവം. വൃശ്ചികത്തില് അവിട്ടം നാളില്‍ തുടങ്ങി കാര്‍ത്തിക ദിനത്തില്‍ പള്ളിവേട്ടയോടെ സമാപിക്കുന്ന ഉത്സവമാണിപ്പോള്‍.
എല്ലാ ദിവസവും മീനച്ചിലാറ്റില്‍ ആറാട്ടും. അമ്പലപ്പുഴ രാജാവിന്റെ കാണിക്കയായ ഭദ്രദീപത്തില്‍ തിരി തെളിയുമ്പോള്‍ ദുര്‍ഗാ ദേവിയുടെ ഐശ്വര്യ കടാക്ഷങ്ങള്‍ കുമാരനല്ലൂരില്‍ നിറയും.
സുബ്രഹ്മണ്യക്ഷേത്രത്തിനായി നിര്‍മ്മിച്ച അമ്പലം പിന്നീട് ദേവീക്ഷേത്രമായി മാറുകയാണുണ്ടായത്.അതുപോലെ ഉദയ നായകി എന്ന ദേവിയെ പ്രതിഷ്ഠിക്കാന്‍ ഉണ്ടാക്കിയ ഉദയാനപുരം ക്ഷേത്രത്തില്‍ സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കേണ്ടതായും വന്നു .