കേരളത്തിലെ പ്രധാനപ്പെട്ട നാഗരാജാ ക്ഷേത്രങ്ങളില്‍ ഒന്നായ മണ്ണാറശ്ശാലയിലെ ആയില്യം ആഘോഷം വെള്ളിയാഴ്ച നടക്കും. ഇതിനു മുന്നോടിയായി നവംബര്‍ ഒന്നിന് പൂയം നാളില്‍ തന്നെ പരിപാടികള്‍ ആരംഭിച്ചു.
പരശുരാമന്‍ പ്രതിഷ്ഠ നടത്തിയതാണ് ഈ ക്ഷേത്രം. കടലില്‍ നിന്ന് വീണ്ടെടുത്ത കേരളം ഉപ്പിന്‍റെ ആധിക്യം കൊണ്ട് അന്ന് ഫലഭൂയിഷ്ടമായിരുന്നില്ല. പരമശിവന്‍റെ നിര്‍ദ്ദേശാനുസരണം പരശുരാമന്‍ നാഗരാജാവിനെ പ്രാര്‍ത്ഥിക്കുകയും നാഗരാജാവ് വിഷജ്വാലകള്‍ കൊണ്ട് ഉപ്പെല്ലാം നശിപ്പിച്ച് ഭൂമി ഫലഭൂയിഷ്ടമാക്കുകയും ചെയ്തു.
തുടര്‍ന്ന് പരശുരാമന്‍റെ നിര്‍ദ്ദേശ പ്രകാരം ഇവിടെ മന്ദാരതരുക്കള്‍ നിറഞ്ഞ സ്ഥലത്ത് തന്‍റെ സാന്നിദ്ധ്യം ഉണ്ടാവും എന്നറിയിച്ചു. തുടര്‍ന്ന് പരശുരാമന്‍ വിഷ്ണു സ്വരൂപമായ അനന്തനേയും ശിവമയമായ വാസുകിയേയും ഏകഭാവത്തില്‍ മണ്ണാറശ്ശാലയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.
എല്ലാമാസത്തേയും ആയില്യം, കന്നിയിലേയും തുലാത്തിലേയും ആയില്യം, എന്നിവകൂടാതെ ശിവരാത്രിയും ഇവിടെ പ്രധാനമാണ്.