ഇന്ന് ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിവസം. ത്രേതായുഗത്തില്‍ ഇങ്ങനെയൊരു ദിവസം പുണര്‍തം നക്ഷത്രത്തിലാണ് ശ്രീരാമന് ജനിച്ചത്.
അതുകൊണ്ട് ചൈത്രമാസ ശുക്ളപക്ഷ നവമി ശ്രീരാമ നവമി എന്ന ശ്രീരാമ ജയന്തി ആയി ആഘോഷിക്കുന്നു. - മിക്കപ്പോഴും ഈ ദിവസം പുണര്‍തം നക്ഷത്രം ആവാറില്ലെങ്കിലും . സനാതന ധര്‍മ്മങ്ങളുടെ പാലകനായ അവതാര പുരുഷനാണ് ശ്രീരാമന്.
ഹിന്ദുക്കള്‍ ഈ ദിവസം ഭക്ത്യാദരങ്ങളോടെ കൊണ്ടാടുന്നു. പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍. ശ്രീരാമ ക്ഷേത്രങ്ങളില്‍ വിഗ്രഹത്തില്‍ പഞ്ചാമൃതം അഭിഷേകം ചെയ്യും. ധൂപങ്ങളും ദീപങ്ങളും നൈവേദ്യവും കൊണ്ട് പൂജകള്‍ നടത്തും. രാമായണ പാരായണം, പ്രഭാഷണം എന്നിവയും ഉണ്ടാകാറുണ്ട്.
ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയില്‍ ഈ ദിവസം വളരെ പ്രധാനമാണ്. ഭക്തന്മാര് സരയൂ നദിയില്‍ മുങ്ങിക്കുളിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നു. ചിലര്‍ ഉച്ചവരെ വ്രതമെടുത്ത് രാമചരിത മാനസം വായിച്ച ശേഷം ഉച്ചയ്ക്ക് ശ്രീരാമ വിഗ്രഹത്തില്‍ അര്‍ച്ചനയും ആരതിയും നടത്തുന്നു.
മറ്റു ചിലര്‍ രാമായണ കഥ പുനരാഖ്യാനം ചെയ്യുന്നു. നാടകമായും നൃത്തമായും ഹരികഥയായും ഈ കഥ അവതരിപ്പിക്കുന്നു. ഗുരു ഗോപിനാഥ് സംവിധാനം ചെയ്ത രാമായണം ബാലെ കേരളത്തില്‍ ആയിരത്തിലേറെ അരങ്ങുകളില്‍ അവതരിപ്പിച്ചുട്ടുണ്ട്.
ഡല്‍ഹിയിലെ ശ്രീരാം ഭാരതീയ കലാ കേന്ദ്രത്തിന്റെ രാമ്ലീല എത്രയോ വര്‍ഷമായി തുടരുന്ന വാര്‍ഷിക അവതരണമാണ്. രാം ലീല ഇന്നു കാണുന്ന മട്ടില്‍ അഖില ഭാരതീയ സങ്കല്പ്പത്തോടെ ചിട്ടപ്പെടുത്തിയത് ഗുരു ഗോപിനാഥാണ്
താന്‍ പ്രതിഷ്ഠിച്ച രാമേശ്വരം ക്ഷേത്ര ദര്‍ശനം പൂര്ണ്ണാമാകണമെങ്കില് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ കൂടി ദര്‍ശനം നടത്തണമെന്ന് കല്പിച്ച ശ്രീരാമന് യുഗങ്ങള്‍ക്ക് മുന്‍പേ അഖണ്ഡഭാരത സങ്കല്പമാണ് മുന്നോട്ടു വച്ചത്.
വടക്കും തെക്കും താമസിക്കുന്നവര്‍ ഒരേ സംസ്കൃതിയുടെയും പൈതൃകത്തിന്റെയും ഭാഗമാണെന്ന മഹത്തായ സന്ദേശം ശ്രീരാമന് അരുള്‍ചെയ്തു.
ത്യാഗത്തിന്റെ ധാര്‍മ്മികത
മര്യാദാ പുരുഷോത്തമന് എന്ന പേരുകേട്ട ശ്രീരാമന്റെ ജ-ീവിതം ത്യാഗസുരഭിലമാണ്. സമഭാവനയുടെ സന്ദേശം തരുന്നതാണ്. ത്യാഗത്തില്‍ അധിഷ്ഠിതമായ ഭാരതീയ മൂല്യങ്ങളെയാണ് ശ്രീരാമന്റെ ജീവിതം പ്രതിനിധാനം ചെയ്യുന്നത്.
കിരീട ധാരണത്തിന് തൊട്ടു തലേന്ന് രാജ്യം വലിച്ചെറിഞ്ഞ് കാട്ടിലേക്ക് പോകേണ്ടിവന്നു ശ്രീരാമന്. സുഖത്തിലും ദു:ഖത്തിലും ഭര്‍ത്താവിനോടൊപ്പം നിന്ന സീത. എന്നിട്ടും ജ-നഹിതത്തിന് വേണ്ടി പ്രിയതമയെ വെടിയേണ്ടിവന്ന അവസ്ഥ.
ഇവിടെയെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ സ്വന്തം സുഖ സൗകര്യങ്ങള്‍ ഉപേക്ഷിക്കുക എന്നത് മനുഷ്യ ധര്‍മ്മമാണെന്ന് ശ്രീരാമന് കാണിച്ചുതന്നു.