ഹരിദ്വാറിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമാണ് ശിവാലി കുന്ന്. ഇതിനു മുകളിലാണ് മാനസാദേവിയുടെ ക്ഷേത്രം. ദുര്‍ഗ്ഗയും ശിവനുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. ക്ഷേത്രത്തിലെത്താന്‍ പടികള്‍ നടന്ന് കയറണം. റോപ്പ് വേ സൌകര്യവുമുണ്ട്.
വാസ്തവത്തില്‍ ഹരിദ്വാറിന്‍റെ വിഹഗവീക്ഷണം ഇവിടെ നിന്നാണ് സാധ്യമാവുന്നത്. മാനസാദേവി ക്ഷേത്ര നടയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ഹരിദ്വാറിന്‍റെ ദൃശ്യം വാക്കുകള്‍ക്ക് അതീതമാണ്.
ചണ്ഡികാദേവി ക്ഷേത്രം
ശിവാലികുന്നിന്‍റെ എതിര്‍വശത്തായി മറ്റൊരു കുന്നുണ്ട് - ചണ്ഡി ഹില്‍സ്. ഇവിടെയാണ് ചണ്ഡികാദേവി പ്രതിഷ്ഠയുള്ള ക്ഷേത്രം. റോപ്പ് വേ വഴി ഇവിടേക്ക് എത്തിച്ചേരാം. ദുര്‍ഗ്ഗാ ദേവി ക്രൂരരാക്ഷസന്‍മാരായ ചണ്ഡമുണ്ഡന്‍മാരെ നിഗ്രഹിച്ചത് ഈ പര്‍വതത്തില്‍ വച്ചാണ് എന്നാണ് വിശ്വാസം. ഗംഗയുടെ മറുകരയിലാണ് ചണ്ഡികാദേവി ക്ഷേത്രം . ഹരിദ്വാറില്‍ നിന്ന് ഇവിടെയെത്താന്‍ ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി.
1929 ല്‍ കാശ്മീര്‍ രാജാവ് സുചത് സിംഗാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ചണ്ഡീ ഘട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മലകയറിയാലേ ക്ഷേത്രത്തില്‍ എത്താനാവു. എട്ടാം നൂറ്റാണ്ടില്‍ ആദിശങ്കരനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം.
ഹനുമാന്‍റെയും അഞ്ജനാദേവിയുടേയും ഓരോ ക്ഷേത്രം ഇതിനു തൊട്ടടുത്തായുണ്ട്. അഞ്ജനാദേവി ഹനുമാന് ജന്‍മം നല്‍കിയത് ഈ പര്‍വതത്തില്‍ വച്ചാണ് എന്നാണ് വിശ്വാസം. ഒട്ടേറെ കുരങ്ങന്‍മാരെയും ഇവിടെ കാണാം. അവയ്ക്ക് ഭക്ഷണം നല്‍ക്കുന്നത് ഭക്തജനങ്ങള്‍ പുണ്യമായി കരുതുന്നു.
സപ്തസരോവരം
ഗംഗ ഹരിദ്വാറില്‍ ഏഴായി പിരിഞ്ഞാണ് ഒഴുകുന്നത്. ആശ്രമം കെട്ടി തപസ്സ് അനുഷ്ഠിച്ചിരുന്ന സപ്തര്‍ഷിമാര്‍ക്കായി ഗംഗ ഏഴ് കൈവഴികളായി പിരിഞ്ഞ് ഓരോ ആശ്രമത്തിനു സമീപത്തുകൂടിയും ഒഴുകി എന്നാണ് ഐതിഹ്യം.
ഗംഗ ഏഴായി പിരിഞ്ഞ് ഒഴുകുന്ന പ്രദേശം സപ്തസരോവരം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ഏഴ് കൈവഴികളും പിന്നീട് ഒന്നിച്ച് ഒരു നദിയായി ഒഴുകുന്നു.
കംഗല്‍ - നീലധാര
പാര്‍വ്വതി ദേവിയുടെ അച്ഛനായ ദക്ഷപ്രജാപതിയുടെ ആസ്ഥാനമായിരുന്നു കങ്കല്‍. ഈ സ്ഥലത്താണ് ഭര്‍ത്താവിനെ കുറിച്ചുള്ള ആക്ഷേപ വാക്കുകളും അപമാനവും സഹിക്കാതെ പാര്‍വതി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി നടത്തിയത്. ഇതേ സ്ഥലത്താണ് വിവരം അറിഞ്ഞെത്തിയ പരമശിവന്‍ സംഹാര താണ്ഡവം ആടിയത്.
കങ്കലിലെ നീലധാരയിലാണ് സന്യാസിമാര്‍ ജലസമാധി സ്വീകരിക്കുന്നത്. സ്വാമി അഭേദാനന്ദ മഹാരാജ് സമാധിയായപ്പോള്‍ ഗംഗയില്‍ ലയിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം കങ്കലാണ്.
ഹിമാലയ യാത്ര തുടങ്ങുന്നതിനു മുമ്പും തിരിച്ചെത്തിയ ശേഷവും തീര്‍ത്ഥാടകര്‍ ഇവിടെയെത്തി പൂജയും അര്‍ച്ചനയും നടത്തുകയും പുണ്യാത്മാക്കള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യാറുണ്ട്. ഗംഗാനദി ഇവിടെ പൂര്‍ണ്ണത പ്രാപിച്ച് ഒഴുകുന്നു എന്നാണ് വിശ്വാസം.