vishnu|
Last Modified വെള്ളി, 8 മെയ് 2015 (13:37 IST)
പരിഷ്കരവാദി, വിപ്ലവത്തിന്റെ തീജ്വാലകള്‍ നെഞ്ചിലേറ്റി നടന്ന സമരത്തിന്റെ തീഷ്ണ യൌവ്വനം ഇവയൊക്കെയാണ് പൂതാംപള്ളി ബാലകൃഷ്ണമേനോൻ. എന്നാല്‍ എറണാകുളത്ത് 1916 മെയ് എട്ടിന് കുട്ടന്‍ മേനോന്‍ പാറുക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച് ബാലകൃഷ്ണ മേനോന്‍ ആത്മീയതയുടെ ഉത്തുംഗ ശൃംഗങ്ങളിലേക്ക് കയറി സച്ചിദാന്ദ സ്വരൂപത്തെ കണ്ട് ചിന്മയാനന്ദ സരസ്വതിയായ ഓരോ നിമിഷവും ആശ്ചര്യപൂരിതങ്ങളാണ്.
തരം കിട്ടിയാൽ ആരെയും തമാശക്കഥകളിലെ കഥാപാത്രങ്ങളാക്കി ചെണ്ട കൊട്ടിക്കാൻ ബഹു കേമൻ പിന്നീട് സര്‍വ്വ ചരാചരങ്ങളിലും അത്മസ്വരൂപത്തില്‍ വസിക്കുന്ന സച്ചിദാനന്ദ സ്വരൂപത്തെ ജനപദങ്ങള്‍ക്ക് മുമ്പില്‍ അനാവൃതം ചെയ്യുന്ന മഹത്വത്തിലേക്കുയര്‍ന്നത് യാദൃശ്ചികമല്ല. പകരം ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കാവുന്ന നിയോഗം മാത്രം. കോടി പുണ്യം നേടിയ
ആ താപസ ജന്മത്തിലേക്ക് ഒരു എത്തിനോട്ടമാണ് ഇവിടെ.
1916 മെയ് എട്ടിന് കുട്ടന്‍ മേനോന്‍ പാറുക്കുട്ടി ദമ്പതികളുടെ മകനായാണ് ബാലകൃണമേനോന്‍ ജനിക്കുന്നത്. എറണാകുളത്ത് മോഡേണ്‍ ഇംഗ്ലീഷ് സ്‌കൂളിലായിരുന്നു പഠിത്തം. ഒപ്പം മലയാളവും സംസ്‌കൃതവും പഠിച്ചെടുത്തു. 1940ല്‍ ലഖ്‌നൌ സര്‍വകലാശാലയില്‍ ബാലകൃഷ്ണ മേനോന്‍ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിയായി. കോളേജില്‍ നാടകനടനും സാഹിത്യ സമാജത്തിലെ സജീവാംഗവും സര്‍വകലാശാലാ ടെന്നീസ് ടീം അംഗവുമായിരുന്നു. അവിടെനിന്ന് ദേശാഭിമാനമുള്ള ഏത് ഭാരതീയനും അക്കാലത്ത് എത്തിപ്പെടുമായിരുന്ന സ്വാതന്ത്ര്യ സമര പഥത്തിലെത്തി. ഉള്ളിലുറഞ്ഞ് കൂടിയ സ്വാതന്ത്ര്യ വാഞ്ച അക്ഷരങ്ങളും വാക്കുകളും കവിതകളും, കഥകളുമായി പുറത്തേക്ക് ചാടി. അതിന്റെ ചൂടേറ്റ് ഭരണകൂടത്തിന്റെ കരിങ്കല്‍ തൂണുകള്‍ക്ക് പോലും പൊള്ളലേറ്റു.
ഒടുവില്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായ മേനോന്‍ 1942ല്‍ ക്വിറ്റ്
ഇന്ത്യ പ്രക്ഷോഭത്തില്‍ പൊലീസിന്റെ പിടിയിലായി കല്‍ത്തുറുങ്കില്‍ അടക്കപ്പെട്ടു. കഠിനമായ ടൈഫസ് രോഗം ബാധിച്ച് മരണത്തോട് മല്ലിട്ടപ്പോൾ ബാലകൃഷ്ണനെ ബ്രിട്ടീഷുകാരനായ ജയിലര്‍ തെരുവില്‍ ഉപേക്ഷിച്ചു. മകൻ മരിച്ചു പോയ ഒരമ്മ വീണുകിടക്കുന്ന
ബാലനെ കണ്ട് വീട്ടിലെത്തിച്ച് ശുശ്രൂഷിച്ചു . ആരോഗ്യം വീണ്ടെടുത്തപ്പോൾ
പത്രപ്രവർത്തന രംഗത്തേക്ക് തിരിഞ്ഞ മേനോന്‍1945ല്‍ നാഷണൽ ഹെറാൾഡിൽ ചലപതി റാവുവിന്റെ ശിക്ഷണത്തിൽ സബ് എഡിറ്ററായി ചേർന്നു .
ഇക്കാലത്താണ് മേനോന്റെ ജീവിതം മാനസിക പരിവര്‍ത്തനത്തിലോട്ടു വിഹരിച്ചത്. പതുക്കെപ്പതുക്കെ മതവിശ്വാസം അദ്ദേഹത്തില്‍ വര്‍ധിക്കാന്‍ തുടങ്ങി. തത്ത്വചിന്താഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കുന്നതിലേക്ക് അദ്ദേഹം നീങ്ങി. ഹിമാലയത്തിലെ സന്ന്യാസി സ്വാമി ശിവാനന്ദനാണ് മേനോനെ കൂടുതല്‍ ആകര്‍ഷിച്ചത്. പച്ചപ്പരിഷ്കാരത്തിന്റെ മേലങ്കികൾ അണിഞ്ഞ്
ഭൗതിക ജീവിതത്തെ ആവോളം ആസ്വദിച്ചു കൊണ്ടിരുന്ന കാലത്ത് തന്നെ സാക്ഷാൽ രമണമഹർഷിയെ കണ്ടു. മേനോന്റെ ജന്മ ദൌത്യം കണ്ടറിഞ്ഞ് അദ്ദേഹം തന്റെ മുന്നിലുള്ള ഭാവി പ്രവാചകന്റെ ഉള്ളിലെ ആത്മീയ തേജസിനെ അതിന്റെ ചാരങ്ങളില്‍ നിന്ന് ഊതി തെളിയിച്ചു.
ഇതോടെ ഹിമാലയങ്ങളില്‍ വസിക്കുന്ന സന്യാസിമാരിലൂടെ ആത്മീയത തേടി മേനോന്‍ നാഷണല്‍ ഹെറാല്‍ഡിന്റെ പടിയിറങ്ങി. 1947ല്‍ സ്വാമി ശിവാനന്ദനെ കാണാനായി ബാലകൃഷ്ണന്‍ ഹിമാലയത്തിലെ ഋഷികേശിലേക്ക് പോയി. ശിവാനന്ദനുമായി ദീര്‍ഘസംഭാഷണങ്ങളില്‍ മേനോന്‍ മുഴുകി. ഒരു മാസത്തിനു ശേഷം തിരികെ ഡല്‍ഹിയിലെത്തി. ഋഷീകേശിലെ ശിവാനന്ദാശ്രമത്തിലെത്തിയ ബാലനിൽ രമണ മഹർഷിയാൽ ഊതിത്തെളിക്കപ്പെട്ട ആത്മീയതയുടെ കനൽ അപ്പോഴും കെട്ടടങ്ങിയിരുന്നില്ല. മറ്റുള്ളവരിലേക്ക് നോക്കി നടന്ന അയാൾ പതിയെ തന്നിലേക്ക് നോക്കിത്തുടങ്ങുകയായിരുന്നു .
ആത്മീയതയുടെ ചൂടില്‍ വെന്തുരുകിത്തുടങ്ങിയ മേനോന്‍ അടങ്ങിയിരുന്നില്ല. വീണ്ടും ഋഷികേശിലേക്ക് യാത്രതിരിച്ചു. 1949 ഫെബ്രുവരി 25ന് ശിവാനന്ദാശ്രമത്തില്‍ അന്തേവാസിയായി. സ്വാമി ചിന്മയാനന്ദ സരസ്വതി എന്ന പേരോട് കൂടി അദ്ദേഹത്തിന് സ്വാമി ശിവാനന്ദന്‍ സന്ന്യാസ ദീക്ഷ നല്‍കി. ഋഷീകേശിൽ നിന്ന് ചാർധാമിലേക്ക് , പിന്നീട് കാശിയിലേക്കും വാരണാവതത്തിലേക്കും ഹിമഗിരിനിരകളിലൂടെ ആത്മാന്വേഷണ തൃഷ്ണയുമായി ചിന്മയാനന്ദൻ അലഞ്ഞു. കുറച്ചു കാലത്തിനു ശേഷം ഉത്തരകാശിയില്‍ തപോവനം എന്ന ആശ്രമം സ്ഥാപിച്ചു കഴിയുന്ന മലയാളിയായ തപോവന സ്വാമികളുടെ കീഴില്‍ ഭഗവദ്ഗീതയും ഉപനിഷത്തുകളും ബ്രഹ്മസൂത്രവും പഠിച്ചു.
തനിക്ക് ലഭിച്ച ആത്മജ്ഞാനം
ആത്മവിസ്മൃതിയിലാണ്ട ഭാരതത്തിന് നൽകണമെന്ന് സ്വാമികൾ എപ്പോഴും ആഗ്രഹിച്ചിരുന്നു .
പിന്നീടൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല .ഗുരുവിന്റെ അനുവാദത്തോടെ സ്വാമികൾ ഹിമാലയമിറങ്ങി ജനസമുദ്രത്തിലലിഞ്ഞു. 1951ല്‍ ഗുരുദേവന്റെ അനുഗ്രഹത്തോടെ വെറും നാലു കേള്‍വിക്കാരുമായാണ് പൂനെയില്‍ സ്വാമി ചിന്മയാനന്ദന്‍ തന്റെ ആദ്യത്തെ ഗീതാജ്ഞാന യജ്ഞം ആരംഭിച്ചത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആത്മ സ്വരൂപത്തെ മറന്നു തുടങ്ങിയ ജനങ്ങള്‍ക്കായി കാശ്മീരം മുതൽ കന്യാകുമാരി വരെ ,കച്ച് മുതല്‍ കാമരൂപം വരെ സഞ്ചരിച്ച് ചിന്മയാനന്ദന്‍ സര്‍വ്വവ്യാപിയായ സച്ചിന്മയ സ്വരൂപത്തെ കാട്ടിക്കൊടുത്തു.
നഗ്ന പാദനും നഗ്ന ശീര്‍ഷവുമായി ജനപദങ്ങളിൽ നിന്നും ജനപദങ്ങളിലേക്ക് ചിന്മയാനന്ദന്‍ പ്രയാണം ചെയ്തു.
വിവേകാനന്ദസ്വാമികള്‍ വിഭാവനം ചെയ്തിരുന്ന വേദോപനിഷത്തുകളിലെ ജ്ഞാനം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് സ്വാമി ചിന്മയാനന്ദന്‍ ഗണ്യമായ സംഭാവനയാണ് നല്കിയിട്ടുള്ളത്.
ദയാനന്ദന്റെയും വിവേകാനന്ദന്റെയും ബംഗാളും നാനാക്കിന്റെ പഞ്ചാബും കൽഹണന്റെ കാശ്മീരവും ശങ്കരന്റെയും ശ്രീനാരായണന്റെയും കേരളവുമെല്ലാം പുതിയ അവധൂതനെ അറിഞ്ഞു.
ഭാരതം പുതിയൊരു വേദാന്ത ജൈത്രയാത്രയ്ക്ക് സാക്ഷ്യം വഹിച്ചു.
ആ ജൈത്രയാത്ര ഏഴ് ഭൂഖണ്ഡങ്ങളും ഏഴ് കടലും കടന്ന് വിജയക്കൊടി പാറിച്ചു.1992ല്‍ ഐക്യരാഷ്ട്ര സഭയിലും ചിന്മയാനന്ദന്റെ വാഗ്ഖ്വൈരി അനര്‍ഗളം പ്രവഹിച്ചു.
‘ഭൂമി പ്രതിസന്ധിയില്‍’ എന്ന ശ്രദ്ദേയമായ അദ്ദേഹത്തിന്റെ പ്രഭാഷണം ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ മനസിനെ പിടിച്ചുകുലുക്കി.
ഒടുവിൽ നാൽപ്പത്തിരണ്ട് വർഷത്തെ ആദ്ധ്യാത്മിക സപര്യയ്ക്ക് 1993 ൽ അമേരിക്കയിലെ സാൻഡിയാഗോയിൽ അവസാനമായി . പൂർവ്വാശ്രമത്തിലെ സമരതീഷ്ണതയും സന്യാസജീവിതത്തിലെ ആത്മീയ ചേതനയും പരമശാന്തിയിൽ വിലയം പ്രാപിച്ചു. ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഭൗതികശരീരം ഹിമാലയത്തിലെ സിദ്ധബാഡിയിലുള്ള ആശ്രമത്തില്‍ സമാധി ഇരുത്തി. ഹിമാലയത്തില്‍ നിന്ന് ആരംഭിച്ച ആതീയക്ക് യാത്രയ്ക്ക് ഹിമാലയം തന്നെ അവസാന സ്ഥാനവും എന്ന് ശിഷ്യര്‍ നിശ്ചയിച്ചു.
1953ല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ചേര്‍ന്ന് ചിന്മയ ഫൌണ്ടേഷന്‍ സ്ഥാപിച്ചു. ആത്മീയം, വിദ്യാഭ്യാസം, ജീവകാരുണ്യം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യം. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചിന്മയമിഷന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ശാഖകളുണ്ട്. കുട്ടികളുടെ മാനസിക വികാസം ലക്ഷ്യമാക്കി ബാലവിഹാര്‍, യുവകേന്ദ്ര എന്നീ ക്ലാസ്സുകളും സ്വാമി ആരംഭിച്ചു. ഇന്ന് ഇന്ത്യയില്‍ പല ഭാഗങ്ങളിലായി സ്‌കൂളുകള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയുമുണ്ട്. ചിന്മയാനന്ദ സ്വാമികളുടെ നൂറാം ജന്മദിനമാണിന്ന്.