മഹാഭാരതത്തില്‍ ധൌമ്യമുനി യുധിഷ്ഠിരനോട് ഭാരതത്തിലെ പുണ്യതീര്‍ത്ഥങ്ങളെ കുറിച്ച് പറയുന്ന കൂട്ടത്തില്‍ ഗംഗാദ്വാര്‍ (ഹരിദ്വാര്‍), കങ്കല്‍ എന്നിവയെ പറ്റി പറയുന്നുണ്ട്. ക്രിസ്ത്വാബ്ധം തുടങ്ങുന്നതിനു മുമ്പ് മയൂര രാജവംശത്തിനു കീഴിലായിരുന്ന ഹരിദ്വാര്‍ പിന്നീട് കുഷാന്‍ രാജാക്കന്‍മാരുടെ അധീനത്തിലായി. ഹുയാംഗ് സാങ് സന്ദര്‍ശിച്ചത് ഹര്‍ഷവര്‍ദ്ധന രാജാവിന്‍റെ കാലത്താണെന്നാണ് വിശ്വാസം.
അക്ബറിന്‍റെ ഭരണകാലത്ത് പതിനാറാം നൂറ്റാണ്ടില്‍ അബുള്‍ ഫൈസല്‍ ഐനി അക്ബറി എന്ന പുസ്തകത്തില്‍ ഹരിദ്വാറിനെ മായാപൂര്‍ എന്നാണ് വിശേഷിച്ചത്. അക്ബറിന്‍റെ നാണയ കമ്മട്ടം ഹരിദ്വാറില്‍ ഉണ്ടായിരുന്നു.
അംബറിലെ രാജാ മാന്‍സിംഗാണ് ഇന്ന് കാണുന്ന ഹരിദ്വാര്‍ നഗരം പുനരുദ്ധരിച്ച് നിലനിര്‍ത്തിയതും ഹരി കി പൌലി എന്ന സ്നാനഘട്ടം ഉണ്ടാക്കിയതും.
ഏതാണ്ട് 12302 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ഹരിദ്വാര്‍ സമുദ്രനിരപ്പില്‍ നിന്ന് 294 മീറ്റര്‍ ഉയരത്തിലാണ്. എല്ലാ കാലത്തും സുഖദമായ കാലാവസ്ഥയാണ്. എന്നാലും വേനല്‍ കാലത്ത് ചൂട് 40 ഡിഗ്രി വരെ ഉയരാറുണ്ട്. തണുപ്പ് കാലത്ത് താപനില -06 വരെ താഴാറുമുണ്ട്.
41 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡൂണിലെ വിമാനത്താവളമാണ് ഹരിദ്വാറിനോട് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളുമായും റയില്‍ ബന്ധമുണ്ട്.
ദില്ലിയില്‍ നിന്ന് റോഡ് മാര്‍ഗ്ഗം 214 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഹരിദ്വാറിലെത്താം.
പ്രസിദ്ധമായ രാജാജി ദേശീയ ഉദ്യാനം ഇവിടെ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ്.