ഗുരു എസ് എന്‍ ഡി പിയുടേതു മാത്രമല്ല

PROPRO
ശ്രീനാരായണഗുരു എസ് എന്‍ ഡി പിയുടേതു മാത്രമല്ലെന്ന് നിത്യചൈതന്യ യതിയുടെ ശിഷ്യനും നാരായണീയദര്‍ശന വ്യാഖ്യാതാവുമായ വിനയചൈതന്യ. ഒരു വാരികയ്ക്കു വേണ്ടി താഹ മാടായിക്ക് അനുവദിച്ച അഭിമുഖത്തിലാണ് എസ് എന്‍ ഡി പിക്കെതിരെ വിമര്‍ശനവുമായി വിനയചൈതന്യ രംഗത്തെത്തിയിരിക്കുന്നത്. നാരായണഗുരുവിനെ കേരളീയ സമൂഹം വേണ്ടതുപോലെ പഠിച്ചില്ലെന്നും വിനയചൈതന്യ വിമര്‍ശിക്കുന്നു.

ഗുരുവിന് മനുഷ്യസമുദായമാണ് സ്വന്തം സമുദായം. ഗുരുവിനെ ലോകം ആദരിക്കുന്നില്ലെങ്കില്‍ അതിന് തീയര്‍ക്ക് അല്ലെങ്കില്‍ ഈഴവര്‍ക്ക് മാത്രമായി ഉത്തരവാദിത്തമുള്ളതായി തോന്നുന്നില്ല. ഗുരുവിനെ എന്തിനാണ് തീയര്‍ക്ക് മാത്രമായി വിട്ടുകൊടുക്കുന്നത്. നാരായണഗുരു എല്ലാവര്‍ക്കും ഗുരുവാണ്. എസ് എന്‍ ഡി പിയുടെ മാത്രം ഗുരുവല്ല - വിനയചൈതന്യ പറയുന്നു.

ഈ ഭാഗം എസ് എന്‍ ഡി പിക്ക് എതിരായ വിമര്‍ശനമായി കരുതാനാവില്ലെങ്കിലും തുടര്‍ന്നിങ്ങോട്ട് എസ് എന്‍ ഡി പിയെ നിശിതമായി വിമര്‍ശിക്കുകയാണ് വിനയ ചൈതന്യ.

“എസ് എന്‍ ഡി പി യോഗത്തിന് ഒരു ‘ജാതി’ എന്ന നിലയില്‍ സംഘടിക്കാനും സാമൂഹികമായ ചില നേട്ടങ്ങള്‍ കൈവരിക്കാനും ഗുരുവിനെ ആവശ്യമായിരുന്നു. ആ ആവശ്യം കഴിഞ്ഞപ്പോള്‍ എസ് എന്‍ ഡി പി ഗുരുവിനെ തള്ളി. തള്ളിയത് മുപ്പതുകോടി ദേവതകളുടെ കൂട്ടത്തിലേക്കായിരിക്കാം. പക്ഷേ, ആ പ്രസ്ഥാനത്തിന് ‘ഗുരുത്വം’ നഷ്ടപ്പെട്ടു.” - വിനയചൈതന്യ പറയുന്നു.

എസ് എന്‍ ഡി പി പ്രസ്ഥാനത്തെ നാരായണഗുരു തന്നെ തള്ളിപ്പറഞ്ഞിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു കത്തിനെപ്പറ്റിയും വിനയചൈതന്യ ഈ അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. “യോഗത്തിന് ജാത്യാഭിമാനം വര്‍ദ്ധിച്ചുവരുന്നതുകൊണ്ടും യോഗത്തിന്‍റെ തീരുമാനങ്ങള്‍ നമ്മെ അറിയിക്കാതെ എടുത്തുവരുന്നതു കൊണ്ടും നമ്മെ സംബന്ധിച്ച കാര്യങ്ങള്‍ക്ക് യോഗത്തിന്‍റെ ആനുകൂല്യം ഒട്ടും ഇല്ലാതിരിക്കുന്നതുകൊണ്ടും മുന്‍‌പേ തന്നെ മനസില്‍ നിന്നും വിട്ടിട്ടുള്ളതുപോലെ മേലില്‍ വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും കൂടി നാം എസ് എന്‍ ഡി പി യോഗത്തെ വിട്ടിരിക്കുന്നു” - എന്ന് നാരായണഗുരു ഡോ. പല്‍‌പ്പുവിന് കത്തെഴുതിയതിനെപ്പറ്റി വിനയചൈതന്യ വ്യക്തമാക്കുന്നു.

WEBDUNIA|
കേരളീയ സമൂഹം നാരായണഗുരുവിനെ പഠിച്ചില്ല. ജിദ്ദു കൃഷ്ണമൂര്‍ത്തിയെയും ഓഷോയെയും നാം വായിക്കുന്നു. ‘മനുഷ്യന്‍ ഒരു ജാതിയാണ്’ എന്നു പറയേണ്ട സാമൂഹ്യ സാഹചര്യത്തിലൂടെ ജിദ്ദു കടന്നുപോയിരുന്നില്ല. ആ ആവശ്യം നാരായണഗുരുവിനുണ്ടായിരുന്നു. സാമൂഹ്യമായി ഒരു ആവശ്യത്തോട് പ്രതികരിക്കാന്‍ നാരായണഗുരു ബാധ്യസ്ഥനായിരുന്നു. നമ്മുടെ ആവശ്യത്തോട് പ്രതികരിച്ചവരെ നാം കയ്യൊഴിഞ്ഞു. മുറ്റത്തെ മുല്ലകളുടെ മണമില്ലായ്മ - വിനയചൈതന്യ കുറ്റപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :