സമയമാണ് ദൈവം, വിജയിക്കണമെങ്കില്‍ ആ ദൈവത്തെ ആരാധിക്കുക!

സമയം, ദൈവം, വിജയം, ജീവിതവിജയം, Time, God, Success, Life Style
BIJU| Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (14:35 IST)
ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും കഠിനധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും കഥയുണ്ടാകും. കൃത്യമായ ആസൂത്രണവും സ്വയം അവ പാലിച്ചുകൊണ്ടുള്ള പ്രവൃത്തികളുമായിരിക്കും ഓരോരുത്തരെയും വിജയത്തിലേക്ക് എത്തിക്കുന്നത്. ജീവിത വിജയം നേടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും അവ കൃത്യമായി പാലിക്കുകയും ചെയ്താല്‍ മാത്രം മതി. സമയം ഫലപ്രദമായി വിനിയോഗിക്കാനുള്ള കഴിവാണ് ജീവിതത്തിലെ എല്ലാ വിജയങ്ങളുടെയും അടിത്തറ. ഫലപ്രദമായി സമയം ക്രമീകരിക്കുന്നവരും പാലിക്കുന്നവരുമാണ് ജീവിത വിജയം നേടുന്നവരില്‍ ഭൂരിഭാഗവും. സമയ പരിപാലനം എന്നാല്‍ 24 മണിക്കൂറും ജോലി ചെയ്യുകയെന്നോ വിശ്രമമില്ലാതെ ലക്ഷ്യത്തിനു വേണ്ടി പ്രയത്‌നിക്കുകയോ ചെയ്യുക എന്നതല്ല. വിശ്രമത്തിനും വിനോദത്തിനുമെല്ലാം സമയം മാറ്റി വച്ച് പ്രധാന ലക്ഷ്യത്തിനായി നീക്കിവെച്ച സമയം കൃത്യമായി പാലിക്കുക എന്നത് മാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ കാര്യങ്ങള്‍ക്കായി സമയം ക്രമീകരിക്കുമ്പോള്‍ നമ്മുടെ ലക്ഷ്യത്തിന് മുന്‍ തൂക്കം നല്‍കുകയും അതിന് കൂടുതല്‍ സമയം മാറ്റി വയ്ക്കുകയും വേണമെന്ന് മാത്രം.

മുന്‍ഗണന നിശ്ചയിക്കല്‍

ചെയ്യാനുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അത് 'വളരെ അത്യാവശ്യം, അത്യാവശ്യം, അത്ര പ്രധാന്യമില്ലാത്തത്' എന്ന രീതിയില്‍ തരം തിരിക്കാന്‍ ആദ്യം സാധിക്കണം. ഇതിനായി എ ബി സി എന്നിങ്ങനെ കാര്യങ്ങളെ തരംതിരിച്ച് ക്രമീകരിക്കാം. ഇങ്ങനെ വേര്‍തിരിച്ച് പ്രാധാന്യം തരംതിരിക്കുമ്പോള്‍ അത് വിജയം എളുപ്പമാക്കാന്‍ സഹായകമായിരിക്കുന്നു.

ഓരോ ദിവസവും പ്ലാന്‍ ചെയ്യുക

ആസൂത്രണത്തില്‍ തോല്‍ക്കുക എന്നാല്‍ തോല്‍ക്കാന്‍ വേണ്ടി ആസൂത്രണം ചെയ്യുക എന്ന അര്‍ത്ഥമുണ്ട്. തോല്‍ക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ വിജയിക്കണമെങ്കില്‍ ഓരോ ദിവസവും ഓരോ മണിക്കൂറും ആസൂത്രണം ചെയ്യുകയും അത് നടപ്പിലാക്കുകയും വേണം.

ശുഭ ചിന്തകളോടെ ദിവസം ആരംഭിക്കുക

ഓരോ പ്രഭാതവും ആരംഭിക്കേണ്ടത് ശുഭ ചിന്തകളോടെയും ഉയര്‍ന്ന പ്രതീക്ഷയോടെയും ആയിരിക്കണം. രാവിലെ ഉറക്കമുണരുമ്പോള്‍ 10 മിനിറ്റ് ഇരുന്ന് റിലാക്‌സ് ചെയ്യുക. ദീര്‍ഘമായി ശ്വാസം എടുത്ത് പതിയെ പുറത്തേക്ക് വിടുക. പിന്നീട് അന്നത്തെ ദിവസം ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഓര്‍ത്തെടുക്കുക.

മള്‍ട്ടി ടാസ്‌ക്

ഒന്നില്‍ കൂടുതല്‍ ജോലികള്‍ ഒരേ സമയം സമന്വയിപ്പിച്ച് ചെയ്യുന്നത് ജോലികള്‍ എളുപ്പമാക്കുന്നതിന് മടുപ്പ് ഒഴിവാക്കുന്നതിനും സഹായകമാണ്. (ഉദാഹരണം- ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ പത്രം വായിക്കുക) ഇത്തരത്തില്‍ ചെയ്യുമ്പോള്‍ സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒന്നിലധികം ജോലികള്‍ ഒരുമിച്ച് ചെയ്ത് ചെയ്യുന്ന ജോലിയുടെ ഗുണമേന്മയും ഉത്തരവാദിത്വവും കളയരുത്.

കാലതാമസം ഒഴിവാക്കുക

സമയം സംബന്ധിച്ച് എല്ലാ പ്രശ്‌നങ്ങളുടെയും പ്രധാന കാരണം കാലതാമസം ആണ്. സമയം കൃത്യമായി ഉപയോഗിക്കുമെങ്കില്‍ കാലതാമസം എങ്ങനെ ഒഴിവാക്കാമെന്ന് മനസിലാകും. ഒരു ജോലി ചെയ്യുന്നതിലുള്ള മടുപ്പാണ് കാലതാമസം വരുത്താനുള്ള പ്രധാന കാരണം. കാലതാമസം ഒഴിവാക്കുന്നതിനായി വലിയ ജോലികള്‍ ചെറിയ ചെറിയ ഭാഗങ്ങളാക്കുകയും അത് വ്യത്യസ്ത സമയങ്ങളില്‍ ചെയ്ത് തീര്‍ക്കുകയും ചെയ്യാം.

അറിവുകള്‍ ക്രമീകരിക്കുക

ഇത് അറിവിന്റെ യുഗമാണ്. ധാരാളം അറിവുകള്‍ പല മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന കാലഘട്ടമാണ് ഇത്. അത് കൃത്യമായി ക്രമീകരിക്കുകയും കൃത്യമായി മനസിലാക്കുകയും വേണം.

പ്രതിനിധീകരിക്കാന്‍ പഠിക്കുക

ഓരോ കാര്യങ്ങളെ പ്രതിനിധീകരിക്കാനും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കാനും കഴിവ് നേടണം. എന്നാല്‍ ഗ്രൂപ്പ് ആയി ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നതും ശരിയല്ല. ജോലികള്‍ മറ്റുള്ളവര്‍ക്കും പകുത്ത് നല്‍കണം.

വിശ്രമം വേണം

എല്ലാ സമയവും ജോലി ചെയ്തുകൊണ്ടിരിക്കുക എന്നത് മുഷിപ്പുണ്ടാക്കുന്ന കാര്യമാണ്. പിന്നീട് ജോലിയോടും നമ്മുടെ ലക്ഷ്യത്തോടും തന്നെ മടുപ്പ് തോന്നാന്‍ അത് കാരണമായേക്കാം. അത്തരം സാഹചര്യം ഉണ്ടാകാതിരിക്കണമെങ്കില്‍ കൃത്യമായ വിശ്രമം അത്യാവശ്യമാണ്. ആഴ്ചയില്‍ ഒരു ദിവസം കുടുംബമൊത്ത് സമയം ചെലവഴിക്കുക. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക, യാത്ര പോവുക, വിശ്രമിക്കുക തുടങ്ങിയവയെല്ലാം നല്ലതാണ്.

മതിയായ ഉറക്കം

രാത്രിയില്‍ ദീര്‍ഘ സമയം ജോലി ചെയ്ത് പലരും വൈകിയാണ് ഉറങ്ങാറ്. എന്നാല്‍ രാവിലെ നേരത്തെ ഉണരുകയും ചെയ്യും. മതിയായ ഉറക്കം ആരോഗ്യത്തിനും ജോലികള്‍ കൃത്യമായി ചെയ്യുന്നതിനും സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :