നിങ്ങള്‍ എന്ത് കണ്ടെന്നാ ഈ പറയുന്നത്? ഒന്നും കണ്ടിട്ടില്ല, കാണുന്നുമില്ല!

ആരോഗ്യം, കണ്ണുകള്‍, കാഴ്ച, നോട്ടം, ലോകം, പ്രകൃതി, Health, Eyes, See, Vision, World
BIJU| Last Modified വെള്ളി, 4 മെയ് 2018 (12:36 IST)
മനസിന് ഏറെ ടെന്‍ഷന്‍ ഉണ്ടാക്കുന്ന കാ‍ര്യങ്ങളാണ് ദിവസവും നമുക്ക് ചുറ്റും നടക്കുന്നത്. റോഡിലൂടെ നടന്നുപോകുമ്പോള്‍ ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ മതി. മനസ് അസ്വസ്ഥമാകുന്ന നിരവധി കാഴ്ചകള്‍ കാണാം. ഒന്നും വേണ്ട, രാവിലെ പത്രമൊന്ന് തുറന്നുനോക്കൂ. ടിവി ഒന്ന് ഓണ്‍ ചെയ്യൂ. വാര്‍ത്തകള്‍ നമ്മുടെ കഴുത്തുഞെരിക്കുന്നത് അനുഭവിക്കാം.

ഇതില്‍ നിന്നൊക്കെ എങ്ങനെ മോചനം നേടാം. സമാധാനമായി ഓരോ ദിവസവും എങ്ങനെ കടന്നുപോകാം. ദിവസവും പോയി ഫീല്‍ഗുഡ് സിനിമ കാണാന്‍ കഴിയുമോ? അല്ലെങ്കില്‍ എപ്പോഴും എ ആര്‍ റഹ്‌മാന്‍റെ മെലഡി കേട്ടുകൊണ്ടിരിക്കാന്‍ കഴിയുമോ? അതൊന്നും പരിഹാരമല്ല. ഒരു സിമ്പിള്‍ വഴിയുണ്ട്. പ്രകൃതിയിലേക്ക് കണ്ണുതുറന്നുപിടിക്കുക എന്നതാണ് അത്.

നമ്മള്‍ പ്രകൃതിയെ കാണുന്നില്ല എന്നത് സത്യമല്ലേ? അംഗീകരിച്ചുതരാന്‍ പ്രയാസമാണ് അല്ലേ? നമ്മള്‍ കാട് കാണുന്നുണ്ട്, പുഴ കാണുന്നുണ്ട്, റോഡും മരങ്ങളും മനുഷ്യരെയും കാണുന്നുണ്ട്. സകല ജീവജാലങ്ങളെയും കാണുന്നുണ്ട്. ശരിയാണ്. എന്നാല്‍ ഇവയെയൊന്നും യഥാര്‍ത്ഥത്തില്‍ കാണുന്നില്ല എന്നതാണ് വസ്തുത.

കാണുകയും അറിയുകയും രണ്ടും രണ്ടാണ്. നമ്മള്‍ ചെയ്യേണ്ടത് കാണുകയും അറിയുകയും ചെയ്യുകയാണ്. ആരോ നമ്മളോട് പറഞ്ഞുതന്നിരിക്കുന്നു, ആ നില്‍ക്കുന്നത് നീര്‍മാതളമാണെന്ന്. അവര്‍ പറഞ്ഞുതന്നതുകൊണ്ട് നമ്മള്‍ അത് നീര്‍മാതളമാണെന്ന് വിശ്വസിക്കുന്നു. നമ്മള്‍ നീര്‍മാതളത്തെ കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുന്നില്ല. അതിന്‍റെ ഇലകളെ അറിയുന്നില്ല. ആരോ പരിചയപ്പെടുത്തിത്തന്ന വാക്കുകളിലാണ് നാം. നമ്മള്‍ മനസുകൊണ്ട് കാണുന്നില്ല.

ഏതൊരു കാര്യത്തെയും കണ്ണുകൊണ്ട് മാത്രമല്ല, മനസുകൊണ്ടും കാണാന്‍ കഴിയണം. പുഴ കാണുമ്പോള്‍ പുഴയിലിറങ്ങി അത് അനുഭവിക്കണം. കരയുന്ന ഒരു കുട്ടിയെ കാണുമ്പോള്‍ കരയാനുള്ള കാരണവും അറിയണം. അതിന് പരിഹാരവും കാണണം. വിശപ്പുമാറ്റാന്‍ നമുക്ക് മുന്നില്‍ കൈനീട്ടുന്ന ഒരു വൃദ്ധനെ കാണുമ്പോള്‍, നമ്മള്‍ ആ വിശപ്പും കാണണം.

ഇങ്ങനെ കണ്ണും മനസും തുറന്നുവച്ച് ഈ ലോകത്തെ കാണൂ. പ്രകൃതിയെ അറിയൂ. നിങ്ങളുടെ ടെന്‍ഷനും അസ്വസ്ഥതകളും ഇല്ലാതെയാകും. അങ്ങനെ നോക്കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ടെന്‍ഷനടിക്കാന്‍ സമയമുണ്ടാകില്ല എന്നതാണ് സത്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :