മലപ്പുറത്ത് ഇ അഹമ്മദ് തന്നെ സ്ഥാനാര്‍ഥി

WEBDUNIA|
PRO
PRO
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിനെ തന്നെ മത്സരിപ്പിക്കാന്‍ മുസ്ലീം ലീഗില്‍ ധാരണ. പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ അനുനയ നീക്കങ്ങളുടെ ഭാഗമായാണ് ഈ ധാരണയിലെത്തിയത് എന്നാണ് വിവരം.

ലീഗ് സെക്രട്ടേറിയറ്റില്‍ ആണ് ഇത് സംബന്ധിച്ച ധാരണയായത്. പാണക്കാട് തങ്ങള്‍ സെക്രട്ടേറിയറ്റിലെ ഓരോ അംഗത്തെയും വിളിച്ച് അഹമ്മദ് മത്സരിക്കുന്ന കാര്യത്തില്‍ അഭിപ്രായം തേടിയിരുന്നു. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി നടത്തിയ അനുനയശ്രമങ്ങള്‍ ഫലം കാണുകയായിരുന്നു.

മത്സരിക്കണമെന്ന് കാര്യത്തില്‍ അഹമ്മദ് ഉറച്ചുനില്‍ക്കുകയായിരുന്നു. അദ്ദേഹം സ്വയം പിന്‍‌മാറാത്തതാണ് ലീഗിനെ കുഴക്കിയത്. മത്സരത്തില്‍ നിന്നു പിന്‍മാറുന്നതിനു പകരമായി രാജ്യസഭാ സീറ്റ് നല്‍കാമെന്ന ലീഗിന്റെ വാഗ്ദാനം അദ്ദേഹം അംഗീകരിച്ചില്ല.

അതേസമയം മലപ്പുറം സീറ്റിന് അവകാശവാദം ഉന്നയിച്ച് പി വി അബ്ദുള്‍ വഹാബ് രംഗത്തെത്തിയതിനെ കുറിച്ച് അറിയില്ലെന്ന് ലീഗ് നേതൃത്വം പ്രതികരിച്ചു. മലപ്പുറം സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന് ലീഗ് അറിയിച്ചതിനാല്‍ വഹാബ് വിമതനാകാനുള്ള പടയൊരുക്കത്തിലാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വയനാട്ടില്‍ സിപി‌എം പിന്തുണയോടെ മത്സരിക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി എന്നാണ് വിവരം.

പൊന്നാനി സീറ്റില്‍ ഇ ടി മുഹമ്മദ് ബഷീര്‍ തന്നെ മത്സരിക്കുമെന്നാണറിയുന്നത്.
സ്ഥാനാര്‍ഥികളെ ലീഗ് നാളെ പ്രഖ്യാപിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :