ട്വന്‍റി 20: ഇന്ത്യ ചരിത്രമെഴുതി

team india
FILEFILE
ലോക ക്രിക്കറ്റില്‍ ചരിത്ര വിജയവുമായി ഇന്ത്യന്‍ യുവനിരയുടെ പട്ടാഭിഷേകം. പ്രഥമ ട്വന്‍റി 20 ലോകകപ്പിന്‍റെ ഫൈനലില്‍ പാകിസ്ഥാനെതിരെ തെല്ലൊന്നു കാലിടറിയെങ്കിലും തകര്‍പ്പന്‍ പോരാട്ടവുമായി തുടങ്ങിയ ഇന്ത്യ കലാശക്കൊട്ട് വിജയത്തോടെ തന്നെ ആടിത്തിത്തീര്‍ത്തു. ഫൈനലില്‍ അയല്‍ക്കാരായ പാകിസ്ഥാനെ അഞ്ച് റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്.

വെടിക്കെട്ടു ബാറ്റ്‌സ്‌മാന്‍‌മാരെയെല്ലാം വരിഞ്ഞു കെട്ടിയ ഇന്ത്യന്‍ ബൌളര്‍മാരും ഗൌതം ഗംഭീറിന്‍റെ ക്ലാസ്സിക് ബാറ്റിംഗുമായിരുന്നു ഇന്ത്യയ്‌ക്ക് ചരിത്രത്തില്‍ ഇടം നേടാന്‍ അവസരം നല്‍കിയത്. പരിശീലകനും കാര്യമായ മത്സര പരിചയവും ഇല്ലാതെ എത്തിയ ഇന്ത്യ ടീം സ്പിരിറ്റിലൂടെ നേടിയ വിജയമാണിത്.

ജയാപചയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഇര്‍ഫാന്‍ പത്താന്‍റെ മൂന്നു വിക്കറ്റ് കളിയില്‍ നിര്‍ണ്ണായകമായി. നാല് ഓവറുകളില്‍ 44 റണ്‍സ് നല്‍കിയെങ്കിലും ശ്രീശാന്തിന്‍റെ രണ്ടു ക്യാച്ചുകളും മത്സരത്തില്‍ നിറഞ്ഞു നിന്നു. ജോഗീന്ദര്‍ ശര്‍മ്മയുടെ പന്തില്‍ അവസാനം വരെ പോരാട്ടം നയിച്ച മിസ്‌ബാ ഉള്‍ ഹക്കിന്‍റേതായിരുന്നു ശ്രീയുടെ കയ്യില്‍ എത്തിയ വിജയം നിറച്ചക്യാച്ച്.

ആദ്യം ബാറ്റു ചെയ്‌‌ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എടുത്തപ്പോള്‍ പാകിസ്ഥാന്‍റെ മറുപടി 153ല്‍ റണ്‍സില്‍ അവസാനിച്ചു. ജോഗീന്ദര്‍ ശര്‍മ്മയുടെ അവസാന ഓവറില്‍ 12 റണ്‍സ് വേണമെന്നിരിക്കെ ജോഗീന്ദര്‍ ശര്‍മ്മയുടെ ആദ്യ പന്തില്‍ സിക്‍സര്‍. രണ്ടാം പന്തില്‍ ശ്രീയ്‌ക്കു ക്യാച്ച്. ഇന്ത്യ്യ്‌ക്ക് ജയം.

ഓപ്പണര്‍ ഹഫീസിനെ ഒരു റണ്‍സിനു സ്ലിപ്പില്‍ ഉത്തപ്പയുടെ കയ്യില്‍ എത്തിച്ച ആര്‍ പി സിംഗാണ് പാകിസ്ഥാന്‍ തകര്‍ച്ച തുടങ്ങി വച്ചത്. തൊട്ടടുത്തു തന്നെ അക്മലിനെയും പൂജ്യത്തിനു പറഞ്ഞു വിട്ടു. 33 റണ്‍സുമായി അടി തുടങ്ങിയ നസീറിനെ ഉത്തപ്പ റണ്ണൌട്ടാക്കുക കൂടി ചെയ്‌‌തപ്പോള്‍ പാകിസ്ഥാന്‍ അയഞ്ഞു.

24 റണ്‍സ് എടുത്ത യുനിസ് ഖാന്‍ ജോഗീന്ദര്‍ ശര്‍മ്മയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ യൂസുഫ് പത്താനു പിടി നല്‍കി. നായകന്‍ മാലിക്കിനെയും(എട്ട്) അഫ്രീദിയെയും(പൂജ്യം) പത്താന്‍ മടക്കി അയയ്‌ക്കുക കൂടി ചെയ്‌‌തപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിയിലായി. ജോഗീന്ദര്‍ശര്‍മ്മയ്‌ക്കും ശ്രീശാന്തിനുമായിരുന്നു ക്യാച്ച്. അറാഫത്തിനെയും പത്താന്‍ തന്നെ മടക്കി.

ടോസ് നേടിയ ഇന്ത്യ പതിവു പോലെ തന്നെ ബാറ്റിംഗ് തെരഞ്ഞെടൂക്കുക ആയിരുന്നു. പരുക്കേറ്റ വീരേന്ദ്ര സെവാഗിനു പകരം പുതുമുഖം യൂസുഫ് പത്താനായിരുന്നു ഗൌതം ഗംഭീറിനൊപ്പം ഓപ്പണ്‍ ചെയ്‌‌തത്. ഒരു റണ്ണൌട്ടില്‍ നിന്നും യൂസുഫ് കഷ്ടിച്ചു രക്ഷപെട്ടു കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. ഈ പിഴവ് മുതലാക്കിയത് ഗംഭീറായിരുന്നു. അര്‍ദ്ധ ശതകം പിന്നിട്ട ഗംഭീര്‍ 54 പന്തുകളില്‍ രണ്ട് സിക്സിന്‍റെയും എട്ട് ബൌണ്ടറിയുടെയും സഹായത്താല്‍ 75 റണ്‍സ് എടുത്തു.

തിടുക്കം കൂടിപ്പോയ ഇന്ത്യയ്‌ക്ക് കാര്യമായ സ്കോര്‍ ഉയര്‍ത്താനായില്ല. തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും പിടിച്ചു നില്‍ക്കാന്‍ പുതുമുഖ താരം യൂസുഫ് പത്താനായില്ല. ഒരു ഫോറിനു തൊട്ടു പിന്നാലെ ഒരു സിക്‍സ് അടിച്ചു പ്രതീക്ഷ നല്‍കിയ യൂസുഫ് പത്താന്‍ പെട്ടെന്നു തന്നെ പുറത്തായി.‍ 15 റണ്‍സ് എടുത്ത പത്താനെ ആസിഫിന്‍റെ പന്തില്‍ മാലിക്ക് പിടി കൂടി.

രണ്ടാമതെത്തിയ ഉത്തപ്പയ്‌ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. എട്ടു റണ്‍സ് എടുത്ത ഉത്തപ്പയെ തന്‍‌വീറിന്‍റെ പന്തില്‍ അഫ്രീദി പിടികൂടി. പതിവിനു വിരുദ്ധമായി കരുതലോടെ കളിക്കാനുള്ള യുവിയുടെ ശ്രമം പാളി. 19 പന്തില്‍ 14 റണ്‍സ് എടുത്ത യുവിയെ സ്വന്തം പന്തില്‍ ഗുല്‍ പിടിച്ചു. ഏറെ താമസിയാതെ തന്നെ ധോനിയും ഗുല്ലിന്‍റെ മുന്നില്‍ കീഴടങ്ങി ആറു റണ്‍സ് എടുത്ത ധോനിയെ ഗുല്‍ ക്ലീന്‍ ബൌള്‍ ചെയ്‌‌തു കളഞ്ഞു.

കളിയില്‍ പാകിസ്ഥാന്‍റെ മദ്ധ്യനിരയെ തകര്‍ത്ത പത്താനാണ് കളിയിലെ കേമന്‍. ടൂര്‍ണമെന്‍റിലെ കേമന്‍ അഫ്രീദിയാണ്. കൂട്ടത്തില്‍ ചന്ദു ബോര്‍ദേയ്‌ക്കും ഫീല്‍ഡിംഗ് പരിശീലകന്‍ റോബിന്‍സിംഗിനും ബൌളിംഗ് പരിശീലകന്‍ വെങ്കിടേഷ് പ്രസാദിനും ഇന്ത്യന്‍ ക്രിക്കറ്റിനെ തകര്‍ച്ചയില്‍ നിന്നും കര കയറ്റിയതില്‍ അഭിമാനിക്കാം. അതിലുപരി ടീംഇന്ത്യയ്‌ക്ക് ആവേശം നല്‍കിയ ഇന്ത്യയിലുടനീളമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്കും സന്തോഷത്തിന്‍റെ നിമിഷം.

WEBDUNIA|
സ്കോര്‍ബോര്‍ഡ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :