ഓസീസിനു കനത്ത തകര്‍ച്ച

india
FILEFILE

മുന്‍പ് നടന്ന ആറു മത്സരങ്ങളിലും ഫീല്‍ഡിംഗില്‍ നടപ്പാക്കാന്‍ കഴിയാഞ്ഞ തന്ത്രങ്ങള്‍ ആദ്യമായി നടപ്പില്‍ വരുത്തിയപ്പോള്‍ കംഗാരുക്കളെ വരുതിയിലാക്കാന്‍ ഇന്ത്യയ്‌ക്കായി. ഫ്യൂച്ചര്‍ കപ്പ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്‌‌ത ഓസ്ട്രേലിയയെ 193 റണ്‍സിനു പുറത്താക്കിയ ഇന്ത്യ വിജയപ്രതീക്ഷയിലാണ്.

പരമ്പരയില്‍ ആദ്യമായി തിളങ്ങിയ ഇന്ത്യന്‍ ബൌളിംഗും ഫീല്‍ഡിംഗും മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ പേരുകേട്ട ഓസീസ് ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. കരിയറിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടയിലൂടെ സ്പിന്നര്‍ മുരളീ കാര്‍ത്തിക്ക് ഓസ്ട്രേലിയന്‍ ഇന്നിംഗ്‌സിന്‍റെ നടുവും വാലും തകര്‍ത്തു. ആറു വിക്കറ്റുകളാണ് കാര്‍ത്തിക്ക് നേടിയത്.

ദേശീയ ടീമിനായി കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത മുരളി നല്‍കിയത് 27 റണ്‍സായിരുന്നു മൂന്ന് മെയ്‌ഡന്‍ ഓവറുകളും അദ്ദേഹം എറിഞ്ഞു. ഓസീസ് നിരയില്‍ നായകന്‍ പോണ്ടിംഗിനു മാത്രമാണ് നല്ല സമ്പാദ്യം ഉണ്ടാക്കാനായത്. 78 പന്തുകളില്‍ ഒമ്പതു ഫോറിന്‍റെ പിന്‍‌ബലത്തില്‍ 57 റണ്‍സായിരുന്നു ഓസീസ് നായകന്‍ അടിച്ചത്.

പരമ്പരയില്‍ ആദ്യമായി ഇന്ത്യന്‍ ബൌളര്‍മാരെല്ലാം റണ്‍ നല്‍കുന്നതില്‍ പിശുക്കു കാട്ടി. മികച്ച തുടക്കം നല്‍കുന്ന ഹെയ്‌‌ഡന്‍റെ അഭാവവും മദ്ധ്യനിരയിലെ എപ്പോഴത്തെയും രക്ഷകന്‍ സൈമണ്‍സിനെ തുടങ്ങുന്നതിനു മുമ്പ് തന്നെ പുറത്താക്കുക കൂടി ചെയ്തപ്പോള്‍ ഓസീസ് ഇന്നിംഗ്‌സ് ചുരുണ്ടു.

ഹെയ്‌ഡന് പകരക്കാരനായി ഓപ്പണിംഗിനെത്തിയ മൈക്കല്‍ ക്ലാര്‍ക്കായിരുന്നു ആദ്യം പുറത്തായത്. കഴിഞ്ഞ മത്സരത്തിലെ വിധി തന്നെ. സഹീര്‍ ഖാന്‍ എറിഞ്ഞ ആദ്യ പന്തില്‍ എല്‍ ബി. നാലു ഫോറുമായി റണ്‍ റേറ്റിനു ഗതിവേഗം നല്‍കി തുടങ്ങിയ ഗില്‍ ക്രിസ്റ്റിന്‍റെ(19) ഊഴമായിരുന്നു അടുത്തത്. പത്താന്‍റെ പന്തില്‍ ഹര്‍ഭജനു ക്യാച്ച്. അതിനു ശേഷം ഇന്ത്യയെ ഭയപ്പെടുത്തി കൊണ്ട് ക്രീസില്‍ ഉറച്ചു നിന്ന പോണ്ടിംഗിനെ ആര്‍ പി സിംഗ് ധോനിയുടെ കയ്യില്‍ എത്തിച്ചു.

ഹോഡ്ജേയെ(16) സ്വന്തം പന്തില്‍ പിടിച്ചു കൊണ്ടായിരുന്നു കാര്‍ത്തിക്ക് തുടങ്ങിയത്. തൊട്ടടുത്ത പന്തില്‍ തന്നെ സൈമണ്‍സിനെ കാര്‍ത്തിക്ക് സച്ചിന്‍റെ കയ്യിലും എത്തിച്ചു. 19 റണ്‍സ് എടുത്ത ഹാഡിനെ കാര്‍ത്തിക്ക് എല്‍ ബി ഡബ്ല്യൂവില്‍ കുരുക്കിയപ്പോള്‍. ഹോഗിനും ലീയ്‌ക്കും നല്ല പന്ത് തെരഞ്ഞെടുക്കാനുള്ള സമയം കിട്ടിയില്ല. ഹോഗിനെ ഉത്തപ്പയുടെ കയ്യിലും ലീയെ ആര്‍ പി സിംഗിന്‍റെ കയ്യിലും എത്തിച്ച് മുരളി തന്നെ ഇന്ത്യയ്‌ക്ക് മുന്‍ തൂക്കം നല്‍കി.

പ്രഖ്യാപിത ബാറ്റ്‌സ്‌മാന്‍‌മാരെല്ലാം 150 റണ്‍സിനു മുമ്പ് കൂടാരം കയറിയ മത്സരത്തില്‍ വാലറ്റത്ത് ജോണ്‍സണും(24) ബ്രാക്കനും(മൂന്ന്) നടത്തിയ ചെറുത്തു നില്‍പ്പാണ് പൊരുതാനുള്ള അക്കൌണ്ട് കംഗാരുക്കള്‍ക്ക് നല്‍കിയത്. 200 റണ്‍സ് തികയുന്നതിനു മുമ്പ് തന്നെ ആര്‍ പി സിംഗ് ബ്രാക്കനെ ഹര്‍ഭജന്‍റെ കയ്യില്‍ എത്തിച്ചതോടെ ഓസീസിന്‍റെ പെട്ടിയുടെ അവസാന ആണിയും അടിച്ചു.

മുംബൈ:| WEBDUNIA|
സ്കോര്‍ബോര്‍ഡ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :