സ്വാന്തനം

കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍ കവിത

WEBDUNIA|
കുഞ്ഞേ നിന്‍ ബാല്യത്തിന്‍ നഷ്ടസൗഭാഗ്യത്തിന്‍
ഭാണ്ഡത്തിലിനിയും മറഞ്ഞുപോകാത്തോ-
രപൂര്‍വ്വപൂപ്പാലിക പോലെത്ര തനിമകള്‍!

ഇതു മഹാനഗരം,
നിന്‍ മാതൃദേശം, ഭാഷ,
ഒക്കെയും വിട്ടകന്നിവിടെ വേരൂന്നവെ,
ആശങ്കയാണെനിക്കൈന്തൊക്കെയാവാം നീ
കാണുന്ന സ്വപങ്ങള്‍, ചിന്തകള്‍, കാഴ്ചകള്‍ ,
നഗര മാലിന്യങ്ങള്‍, മത്സരച്ചന്തകള്‍,
കാറ്റുപോലും വിഷക്കാറ്റായി, വൈചിത്യ്ര-
ഭ്രമതാണ്ഡവം നിന്‍െറ ചുറ്റിലും തിന്മകള്‍.

കണ്ടില്ല നീ വയല്‍പ്പൂവുകള്‍, മുക്കുറ്റി
ഓലവാലന്‍ കിളി, മുങ്ങാംകൂളിയി-
ട്ടൊന്നു പൊന്തും നേരമുണ്ടാവുമാറ്റിലെ
ആനന്ദവേളകള്‍, വെള്ളിലപ്പൂവുകള്‍
കണ്ടില്ല കൈകൂപ്പിചാഞ്ഞുകിടക്കുന്ന
ആലിപ്പഴത്തിന്‍ പ്രഭാതങ്ങള്‍, മന്ദ്രമാം
ശംഖനാദത്തോടെയെത്തുന്ന സിന്ദൂര
സന്ധ്യാ മനോജ്ഞങ്ങള്‍, അറിയില്ല പച്ചയായ്-
പഴമായിട്ടാടിത്തിമര്‍ക്കുന്ന ചാടി-
ക്കളിമ്പത്തിന്‍ ഹര്‍ഷങ്ങള്‍, നാടന്‍ വിശുദ്ധികള്‍,
മുത്തശ്ശിതന്‍ കരം താളം പിടിക്കുന്നൊ-
രത്താഴരാവുകള്‍, നല്‍പുണ്യനാളുകള്‍,
കണ്ടില്ല കുഞ്ഞേ നീ, കണ്ടില്ലിതൊന്നുമേ.

നഗരത്തിലീ,മഹാ മത്സരപ്പന്തിയില്‍
ഒപ്പമെങ്ങോയെത്താനോടുന്ന നീയിന്നു
കാണ്മതും കേള്‍പ്പതും അട്ടഹാസാജ്ഞകള്‍!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :