ക്ഷേത്രത്തിലെ സ്വര്‍ണ്ണ കൊടിമരം വളരെ പ്രസിദ്ധമാണ്. 1888 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ കാലത്താണ് ഇത് പ്രതിഷ്ഠിച്ചത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയെ കുറിച്ചും ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്.
ഖരാസുരന് പരമശിവന്‍ നല്‍കിയ മൂന്ന് ശിവലിംഗങ്ങളില്‍ ഒന്നാണ് ഏറ്റുമാന്നൂരില്‍ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം (മറ്റ് രണ്ടെണ്ണം വൈക്കത്തും കടുത്തുരുത്തിയിലും). ബലിക്കല്‍ പുരയ്ക്ക് മുമ്പില്‍ വാടാവിളക്കുണ്ട്. നാലമ്പലത്തിലെ നമസ്കാര മണ്ഡപം വളരെ വലുതാണ്. അത് ചെമ്പ് തകിടുകൊണ്ട് മേഞ്ഞിരിക്കുന്നു. ഒട്ടേറേ കൊത്തുപണികളും കാണാം.
അവിടെക്കാണുന്ന നന്ദികേശ്വരന്‍റെ വിഗ്രഹം അസുഖം മാറാന്‍ ചെമ്പകശേരി രാജാവ് സമര്‍പ്പിച്ചതാണ്. കരിങ്കല്ലിലാണ് വൃത്താകൃതിയിലുള്ള ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതിഷ്ഠാ വിഗ്രഹത്തിന് തൊട്ടടുത്ത് രണ്ട് യാത്രാബിംബങ്ങളുണ്ട്. ഒന്ന് സ്വര്‍ണ്ണം കൊണ്ടും മറ്റേത് പഞ്ചലോഹം കൊണ്ടുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചലോഹ തിടമ്പ് നിത്യശീവേലിക്കുള്ളതാണ്. തന്ത്രി ബലികര്‍മ്മം ചെയ്യുമ്പോള്‍ മാത്രമാണ് സ്വര്‍ണ്ണ വിഗ്രഹം എഴുന്നള്ളിക്കുക.
WD
WD
ക്ഷേത്രത്തില്‍ സ്വര്‍ണ്ണ താഴികക്കുടങ്ങളും കാണാം. ക്ഷേത്ര ചുവരില്‍ ശ്രദ്ധേയമായ ചുമര്‍ ചിത്രങ്ങളുണ്ട്. മഹേശ്വരന്‍റെ നടന വൈഭവം വിളിച്ചോതുന്ന പ്രദോഷ നൃത്ത ആലേഖനമാണ് അതില്‍ പ്രസിദ്ധം. അപസ്മാര രോഗികള്‍ ക്ഷേത്രത്തിലെ നെയ്യും പഞ്ചഗവ്യവും സേവിച്ച് ഭജനമിരിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം.
പതിവില്‍ നിന്ന് വിപരീതമായി ഏറ്റുമാന്നൂര്‍ ക്ഷേത്രം പടിഞ്ഞാറുഭാഗത്തുള്ള റോഡില്‍ നിന്ന് രണ്ട് മീറ്ററോളം താഴ്ചയിലാണ്. മറ്റൊരു പ്രത്യേകത ക്ഷേത്ര കുളത്തിന് കുലച്ച വില്ലിന്‍റെ ആകൃതിയാണുള്ളത്.