കോട്ടയം|
VISHNU.NL|
Last Updated:
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (17:00 IST)
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം പ്രശസ്തമാണ്. പ്രത്യേകിച്ച് നവരാത്രി അടുത്ത് വരുന്ന സാഹചര്യത്തില്‍ വിദ്യാ ദേവതയുടെ മുമ്പില്‍ വിദ്യാരംഭത്തിനും വിദ്യ അഭ്യസിക്കുന്നതിന് തുടക്കം കുറിക്കുന്നതും പൊതുവേ മംഗളകരമായി കരുതപ്പെടുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കര്‍ണ്ണാടകയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് എല്ലാവര്‍ക്കും എത്തിപ്പെടാന്‍ സാധിക്കുകയില്ല.
എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് പ്രത്യേകിച്ച് കോട്ടയം കാര്‍ക്ക് അഭിമാനിക്കാനും ആശ്വസിക്കാനും ഒരു ആരാധനാ കേന്ദ്രമുണ്ട്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതിക്ഷേത്രം. 25 മുതല്‍ ഒക്ടോബര്‍ മൂന്നുവരെയാണ് ഇവിടെ ആഘോഷം നടക്കുന്നത്. വിജയദശമി ദിനമായ മൂന്നിനു വിദ്യാദേവതയുടെ മുന്നില്‍ ആയിരക്കണക്കിനു കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കും. ഒക്ടോബര്‍ ഒന്നിനാണ് പൂജവയ്പ്. തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണു ചടങ്ങുകള്‍.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ലഭിക്കുന്ന അതേ ഫലമാണ് ഇവിടുത്തേ ദര്‍ശനത്തില്‍ നിന്നും ലഭിക്കുന്നതെന്നാണ് വിശ്വാസം. കോട്ടയം ജില്ലാ തലസ്ഥാനത്തു നിന്നും 18 കിലോമീറ്റര്‍ അകലെയാണ് പനച്ചിക്കാട് ക്ഷേത്രം. തെക്കിന്റെ മൂകാംബിക എന്ന് അര്‍ത്ഥം വരുന്ന ദക്ഷിണ മൂകാംബിക എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും, സരസ്വതീ ക്ഷേത്രമായാണ് ഇത് അറിയപ്പെടുന്നത്.
പണ്ട് കൊല്ലൂര്‍ മൂകാംബിക ദേവിയുടെ ഭക്തനായ ഒരു ബ്രാഹ്മണന്‍ ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹം എല്ലാ വര്‍ഷവും കൊല്ലൂര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നു. പ്രായമായി അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചപ്പോള്‍ എല്ലാ വര്‍ഷവും ഇനി കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല എന്ന് അദ്ദേഹത്തിനു ബോധ്യമായി. അവസാനമായി കൊല്ലൂര്‍ സന്ദര്‍ശിച്ച അദ്ദേഹം തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓലക്കുടയുടെ മുകളില്‍ കയറി മൂകാംബികാ ദേവി ഇവിടെ വന്ന് പനച്ചിക്കാട് ക്ഷേത്രം ഇന്നു നില്‍ക്കുന്ന സ്ഥലത്ത് കുടികൊണ്ടു എന്നാണ് വിശ്വാസം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.