ഗുരുവായൂര്‍ ക്ഷേത്രം ദര്‍ശിക്കൂ... ജന്മാന്തരപുണ്യം നേടൂ

ജന്മപുണ്യത്തിന് ഗുരുവായൂര്‍ ദര്‍ശനം

thrissur, guruvayur, mahavishnu, mammiyur, krishnanattam, karnataka sangeetham, majulal, kesavan, sreekishnan തൃശ്ശൂർ, ഗുരുവായൂര്‍, മഹാവിഷ്ണു, മമ്മിയൂര്‍, കൃഷ്ണനാട്ടം, കഥകളി, കര്‍ണാടകസംഗീതം, മഞ്ജുളാല്‍, കേശവന്‍, ശ്രീകൃഷ്ണന്‍
സജിത്ത്| Last Updated: ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (15:13 IST)
തിരുപ്പതി ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന പുണ്യസങ്കേതമാണ് ഗുരുവായൂര്‍. തൃശ്ശൂർ ജില്ലയിലാണ് ഗുരുവായൂർ സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ വസുദേവ കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. നാലു കൈകളിലായി പാഞ്ചജന്യം, ഗദ, സുദര്‍ശനചക്രം, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ നിലകൊള്ളുന്നത്.

വസുദേവന്‍, ദേവകി, ബലരാമന്‍ തുടങ്ങിയ യാദവര്‍ പൂജിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം തന്നെയാണ് വായുവും ബൃഹസ്പതിയും ചേര്‍ന്ന് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. പാതാളാഞ്ജനം എന്ന വിശിഷ്ടമായ കല്ലുകൊണ്ടാണ് ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ഭൂലോക വൈകുണ്ഠം എന്ന് വിളിക്കപ്പെടുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനം മുക്തിമാര്‍ഗമായാണ് ഭക്തര്‍ കണക്കാക്കുന്നത്. കര്‍ണാടകസംഗീതത്തിനും കഥകളിക്കും കൃഷ്ണനാട്ടത്തിനും പേരുകേട്ട ഗുരുവായൂര്‍ ക്ഷേത്രം നിരവധി ഭക്തരുടെ അത്ഭുത കഥകള്‍കൊണ്ടും പ്രശസ്തമാണ്.

ഗുരുവായൂരിൽ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമാണ് നടക്കാറുള്ളത്. പുലർച്ചെ മൂന്ന് മണിക്കാണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത്. മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ടാണ് ഭഗവാനെ പള്ളിയുണർത്തുക. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമ്മല്യ ദർശനം. രാവിലെ 3:20 തൊട്ട് 3:30 വരെയാണ് വാകച്ചാര്‍ത്ത് ദര്‍ശനം നടക്കുക.

നിര്‍മ്മാല്യദര്‍ശനം, തൈലാഭിഷേകം, വാകച്ചാര്‍ത്ത്, ശംഖാഭിഷേകം, ബാലങ്കാരം, പാലഭിഷേകം, നവകാഭിഷേകം, ഉച്ചപൂജ, സായംകാലപൂജ, ദീപാരാധന, അത്താഴപൂജ, തൃപ്പൂക എന്നിങ്ങനെ പന്ത്രണ്ട് ചടങ്ങുകളാണ് ദിവസവും അമ്പലത്തില്‍ നടക്കുന്നത്. ഇതിനു പുറമേ ചിലവേറിയ വഴിപാടുകളായ ഉദയാസ്തമനപൂജ, ആനയെ നടക്ക് ഇരുത്തല്‍ എന്നിവയും നടത്തി വരാറുണ്ട്. ഇതിനെല്ലാം പുറമേ വിവാഹം, തുലാഭാരം, ചോറൂണ്‍ തുടങ്ങിയവ അമ്പലത്തില്‍ വച്ച് നടത്തി കൃതാര്‍ത്ഥതയടയുന്ന ഭക്തരും നിരവധിയാണ്.

ഗുരുവായൂരപ്പനെ അരനൂറ്റാണ്ടിലധികം കാലം സേവിച്ച്, അതായത് ഭഗവാന്റെ തിടമ്പ് വഹിച്ച് 1976ലെ ഗുരുവായൂര്‍ ഏകാദശി നാളില്‍ അനായാസമൃത്യു വരിച്ച ഗുരുവായൂര്‍ കേശവനെന്ന ഗജശ്രേഷ്ടന്റെ സ്മരണ ഗജരാജ സ്മരണയായി ദശമിദിവസം ദേവസ്വം ആഘോഷിക്കുന്നു. അതുപോലെ ക്ഷേത്രത്തില്‍ പതിവായി നടത്തുന്ന വിശേഷങ്ങളില്‍ ഭക്താഗ്രാണികളായ മേല്‍പ്പത്തൂരിന്റേത് നാരായണീയദിനമായും ചെമ്പൈയുടേത് സംഗീതോത്സവമായും പൂന്താനത്തിന്റേത് പൂന്താനദിനമായും ആഘോഷിച്ചു വരുന്നു.

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേ മൂലയിലാണ് ഗണപതിയുടെ പ്രതിഷ്ഠ. ഏകദേശം ഒരടി മാത്രം ഉയരമുള്ളതാണ് ഗണേശ വിഗ്രഹം. കിഴക്കോട്ടാണ് ഇവിടെ ദർശനം. ആദ്യകാലങ്ങളില്‍ ഇവിടെ പ്രദക്ഷിണം വെയ്ക്കാൻ സൗകര്യമുണ്ടായിരുന്നില്ല. എന്നാല്‍ അമ്പലത്തിലുണ്ടായ തീപിടുത്തത്തിനുശേഷം പുതുക്കി പണിതപ്പോളാണ് ഇവിടെ പ്രദക്ഷിണത്തിന് സൗകര്യമുണ്ടാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ഗണേശപ്രീതിക്കായി ഗണപതിഹോമം നടത്താറുണ്ട്.

അമ്പലത്തിന്റെ തെക്കുഭാഗത്തെ പ്രദക്ഷിണവഴിക്കരികിലായാണ് ധര്‍മ്മശാസ്താവ് അയ്യപ്പന്റെ ശ്രീകോവില്‍. പടിഞ്ഞാറെ മൂലയില്‍ പത്തായപ്പുരമാളികയും തെക്കുഭാഗത്ത് കലവറയുമാണ് ഉള്ളത്. വടക്കേ ഊട്ടുപുരയുടെ അടുത്തായാണ് തീര്‍ത്ഥകുളം അഥവാ രുദ്രതീര്‍ത്ഥം. ഈ രുദ്രതീര്‍ത്ഥത്തിന് തൊട്ടു തെക്കു വശത്താണ് ഇടത്തരികത്തുകാവില്‍ ഭഗവതിയുടെ ശ്രീകോവില്‍. ഇക്കാലങ്ങളില്‍ എല്ലാ ദിവസവും ചുറ്റുവിളക്കുകളും ദീപസ്തംഭങ്ങളും വഴിപാടായി തെളിയിക്കാറുണ്ട്. ഇതാണ് ലക്ഷംദീപം എന്നറിയപ്പെടുന്നത്.

ക്ഷേത്രത്തിൽ ശിവന്റെ പ്രതിഷ്ഠയില്ലെങ്കിലും ശിവന്റെ ഒരു അദൃശ്യസാന്നിദ്ധ്യം അവിടെയുണ്ട്. വായുദേവനും ബൃഹസ്പതിയും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവനാണ് മമ്മിയൂരിൽ അവതരിച്ചതെന്നാണ് കഥ. പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായാണ് മമ്മിയൂരിൽ ശിവന്‍ അവതരിച്ചതെന്നാണ് ഐതിഹ്യം. തന്മൂലം ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുന്ന ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് അതായത് വടക്കുപടിഞ്ഞാറ് നോക്കിയാണ് ശിവനെ വന്ദിക്കുന്നത്.

നാലമ്പലത്തിന്റെപടിഞ്ഞാറെ ഭിത്തിയില്‍ കരിങ്കല്ലില്‍ അതിസുന്ദരമായി കൊത്തിയെടുത്ത ഒരു അനന്തശയന ശില്പമുണ്ട്. ഇതിന് തൊട്ടടുത്താണ് കരിങ്കല്‍ തൂണിലെ ഹനുമാന്‍ ശില്പം. നമസ്കാരമണ്ഡപത്തിന്റെ വടക്കു ഭാഗത്തായി മുളയറയുടെ മുന്നിലായി കാണുന്നതാണ് മണികിണര്‍ അഥവാ രുദ്രകൂപം. കൃഷ്ണനാട്ടത്തിന്റെ ഉപഞ്ജാതാവായ മാനവേദന്‍ സാമൂതിരി താമസിച്ചിരുന്ന കോവിലകം നിന്നിരുന്ന സ്ഥലത്താണ് പാഞ്ചജന്യം, ശ്രീവത്സം എന്നീ ദേവസ്വം അഥിതി മന്ദിരങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

അമ്പലത്തിന്റെ കിഴക്കേ നടയിലാണ് പ്രസിദ്ധമായ മഞ്ജുളാല്‍ എന്ന അരയാല്‍ മരം നില്‍ക്കുന്നത്. ഇവിടെ നിന്നാണ് ഉത്സവത്തിന്റെ ആദ്യ ദിവസം ആനയോട്ടം നടക്കുന്നത്. ഈ ആല്‍ത്തറയില്‍ നിന്നും നോക്കിയാല്‍ ശ്രീകോവിലിലെ വിഗ്രഹം ദര്‍ശിക്കാന്‍ സാധിക്കും. കിഴക്കേ നടയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു പിന്നിലായാണ് കാര്യാലയ ഗണപതിയുടെ പ്രതിഷ്ഠ. ഈ ശ്രീകോവിലിനും മേൽക്കൂരയില്ല. മറ്റുള്ള ഗണപതി വിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വിഗ്രഹത്തില്‍ ഇടതുഭാഗത്താണ് തുമ്പിക്കൈ.

കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. നാളികേരമുടക്കലാണ് ഇവിടുത്തെ പ്രധാനവഴിപാട്. കിഴക്കുഭാഗത്തുനിന്നുവരുന്ന ഭൂരിപക്ഷം ഭക്തരും ഇവിടെ തൊഴുതശേഷമാണ് ഗുരുവായൂരപ്പദർശനത്തിനായി ചെല്ലുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ദേവസ്വം സത്രത്തിന്റെ വളപ്പിലാണ് നാഗദൈവങ്ങളുടെ സ്ഥാനം. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയുമാണ് പ്രതിഷ്ഠ. എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും നടക്കാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :