1959 ല്‍ ഹവായില്‍ നിന്നും കാലിഫോര്‍ണിയയിലെത്തി. 1975 ല്‍ അദ്ദേഹത്തിന്‍റെ മുഖം കവര്‍ ചിത്രമായി ടൈം മാസികയില്‍ പ്രത്യക്ഷപ്പെട്ടു. 1960 മുതല്‍ 70 വരെയുള്ള കാലത്ത് അദ്ദേഹം അതീന്ദ്രിയ ധ്യാനത്തിന്‍റെ പ്രചാരണത്തിനായി പ്രഭാഷണങ്ങളും ക്ലാസുകളും സംഘടിപ്പിച്ചു. ഇക്കാലത്താണ് പ്രസിദ്ധ ഗായക സംഘമായ ബീറ്റില്‍സ്, ബീച്ച് ബോയ്സ് എന്നിവര്‍ മഹേഷ് യോഗിയുടെ വിദ്യകള്‍ അഭ്യസിക്കുന്നത്.
ബീച്ച് ബോയ്സിലെ മൈക്ക് ലവ് പിന്നീട് അതീന്ദ്രിയധ്യാന അദ്ധ്യാപകനായി മാറുകയുണ്ടായി. ഹാസ്യനടന്‍ ആന്‍ഡി കൌഫ്മാന്‍, മാന്ത്രിമാന്‍ ഡഗ് ഹെന്നിംഗ്, ക്ലിന്‍റ് ഈസ്റ്റ് വുഡ്, ഡേവിഡ് ലിഞ്ച്, ഡോനോവാന്‍ എന്നിവര്‍ മഹര്‍ഷിയുടെ ശിഷ്യന്‍മാരായിരുന്നു.
ഇക്കാലത്ത് അദ്ദേഹം ഇന്ത്യയില്‍ നിന്നുള്ള ഒട്ടേറേ പേരെ ധ്യാനവിദ്യകള്‍ പഠിപ്പിക്കുകയും അവര്‍ ഇന്ത്യയില്‍ ഉടനീളം അതീന്ദ്രിയ ധ്യാനം പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. മഹര്‍ഷി യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്‍റ് എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന മഹര്‍ഷി ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റി അദ്ദേഹം കാലിഫോര്‍ണിയയില്‍ സ്ഥാപിച്ചു.
1968 ലാണ് ബീറ്റില്‍സ് ഋഷീകേഷില്‍ ചെന്ന് മഹര്‍ഷി മഹേഷ് യോഗിയുടെ അതീന്ദ്രിയ ധ്യാന ക്ലാസില്‍ ചേരുന്നത്. അദ്ദേഹത്തെ കുറിച്ച് സെക്സി സാഡി (വാട്ട് ഹാവ് യു ഡണ്‍ ? യു മെയ്ഡ് എ ഫൂള്‍ ഓഫ് എവരി വണ്‍) എന്ന പേരില്‍ പ്രസിദ്ധമായ ഗാനം ജോണ്‍ ലെനന്‍ ആവിഷ്കരിച്ചു. ഇത് പ്രധാനമായും മിയാ ഫറോവിനെയും മഹര്‍ഷിയേയും കുറിച്ച് കേട്ട കഥകളെ കുറിച്ചുള്ളതായിരുന്നു.
അതീന്ദ്രിയ ധ്യാന സമയത്ത് മഹര്‍ഷി തന്നെ മുറുകെ പുണര്‍ന്നുവെന്നും താന്‍ അതുകൊണ്ട് പേടിച്ചോടിപ്പോന്നു എന്നും മിയാ ഫെറോ ആത്മകഥയില്‍ വളരെ വ്യക്തമല്ലാത്ത ചില സൂചനകള്‍ നല്‍കുന്നുണ്ട്. മഹര്‍ഷി ലൈംഗികമായ ചില കുസൃതിത്തരങ്ങള്‍ ഫെറോവിനോട് കാട്ടി എന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നാണ് പിന്നീടുള്ള ജീവചരിത്രകാരന്‍മാരുടെ വിലയിരുത്തല്‍.
അതീന്ദ്രിയ ധ്യാനത്തിലൂടെ ചമ്രം പടഞ്ഞ് വായുവില്‍ ഉയര്‍ന്നു നില്‍ക്കാന്‍ കഴിയുമെന്ന് മഹേഷ് യോഗി പറഞ്ഞിരുന്നു. ഇത് വാസ്തവത്തില്‍ ആളെ പറ്റിക്കുന്ന പരിപാടിയാണെന്ന് ആരോപണം ഉണ്ടായിരുന്നു. ആകാശത്തിലേക്ക് ഉയരുകയല്ല, ഇരുന്നിടത്തു നിന്ന് കുതിച്ചുപൊങ്ങുകയാണെന്നായിരുന്നു ആരോപണം.
ഈ ആരോപണം വന്നശേഷവും മഹര്‍ഷിയുടെ പ്രശസ്തിയും പ്രസക്തിയും ഒട്ടും കുറഞ്ഞില്ല. ഐ.ബി.എം., ടയോട്ട തുടങ്ങിയ വമ്പന്‍ കമ്പനികളിലെ എക്സിക്യൂട്ടീവുകള്‍ മഹര്‍ഷിയുടെ അതീന്ദ്രിയ ധ്യാനം അഭ്യസിച്ചതോടെ ഉല്‍പ്പാദനക്ഷമത വളരെയേറെ കൂടി. ഇതിനെ തുടര്‍ന്ന് ലോകത്തിലെ വലിയ വലിയ കമ്പനികള്‍ അതീന്ദ്രിയ ധ്യാനത്തിനായി സ്വന്തം ജോലിക്കാരെ മഹര്‍ഷിയുടെ അടുത്തേക്ക് അയയ്ക്കാന്‍ തുടങ്ങി. 1955 ലായിരുന്നു അദ്ദേഹം ആദ്യമായി കേരളത്തില്‍ വന്നത്.