മഹര്‍ഷി-അതീന്ദ്രിയ ധ്യാനത്തിന്‍റെ ആചാര്യന്‍

ടി. ശശി മോഹന്‍

maharshi mahesh yogi
WDWD
ശാന്തിയുടേയും ഒരുമയുടേയും ഒരു പുതിയ ലോകത്തിലേക്ക് ധ്യാനസൌഭഗത്തിലൂടെ നയിക്കാന്‍ ശ്രമിച്ച മഹര്‍ഷിക്ക് ലോകത്തെമ്പാടുമായി 50 ലക്ഷം ശിഷ്യന്‍‌മാരുണ്ടായിരുന്നു. കോടിക്കണക്കിന് ഡോളര്‍ ആസ്തിയുള്ള ഒരു ആഗോള സാമ്രാജ്യത്തിന് അദ്ദേഹം ഉടമയുമായിരുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഒരു എളുപ്പവിദ്യയായിട്ടാണ് അതീന്ദ്രിയ ധ്യാനത്തെ ലോകമെമ്പാടുമുള്ള ശിഷ്യന്‍‌മാര്‍ കണ്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഫോക്ക് ഗായകനായ ഡോനാവാനും ചലച്ചിത്ര സംവിധായകന്‍ ഡേവിഡ് ലഞ്ചും സ്കോട്ട്‌ലന്‍റില്‍ അതീന്ദ്രിയ ധ്യാനം പഠിപ്പിക്കുന്ന ഒരു സര്‍വകലാശാലയ്ക്ക് തുടക്കമിടുമെന്നും മാനസിക സമ്മര്‍ദ്ദം, അക്രമം, കുറ്റകൃത്യങ്ങള്‍ എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

മഹേഷ് പ്രസാദ് വര്‍മ്മ എന്നും മഹേഷ് ശ്രീവാസ്തവ എന്നും അദ്ദേഹത്തെ ചെറുപ്പ കാലങ്ങളില്‍ വിളിച്ചിരുന്നു. 1918 ജനുവരി 12 ന് മധ്യപ്രദേശിലെ ജബല്‍‌പൂരിലാണ് അദ്ദേഹം ജനിച്ചത് എന്നാണ് പൊതുവേയുള്ള വിശ്വാസം. 1911, 17 എന്നിങ്ങനെയും പറഞ്ഞു കേള്‍ക്കുന്നുണ്ട്. മഹര്‍ഷി എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു

മഹേഷ് യോഗിയുടെ അച്ഛന്‍ വനം വകുപ്പില്‍ ജോലി ചെയ്തിരുന്ന ഒരു ക്ഷത്രിയനായിരുന്നു. ശങ്കരന്‍റെ പിന്‍‌ഗാമിയായതുകൊണ്ട് അദ്ദേഹം അദ്വൈത സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിച്ചു. ധ്യാനത്തിലൂടെ മോക്ഷം പ്രാപിക്കാം എന്നാണ് അദ്ദേഹം പഠിപ്പിച്ചത്.

ഹോളണ്ടിലെ വ്ലോഡ്രോപ്പില്‍ 2008 ഫെബ്രുവരി അഞ്ചിന് ഈ ആത്മീയ ഗുരു നിര്‍വാണമടഞ്ഞു. തികച്ചും സ്വാഭാവികമായിരുന്നു അദ്ദേഹത്തിന്‍റെ മരണം. മഹര്‍ഷിയുടെ അതീന്ദ്രിയ ധ്യാനവിദ്യകള്‍ അമേരിക്കയിലും ചീനയിലുമെല്ലാം സ്കൂളുകളിലും സര്‍വകലാശാലകളിലുമെല്ലാം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹം ഫിസിക്സില്‍ ബിരുദമെടുത്തു. 1939 ല്‍ അദ്ദേഹം സ്വാമി ബ്രഹ്മാനന്ദ സരസ്വതിയുടെ ശിഷ്യനായി മാറി. ഹിമാലയ സാനുക്കളിലുള്ള ശങ്കരാചാര്യ ജ്യോതിര്‍ മഠത്തിന്‍റെ അധിപതിയായിരുന്നു സ്വാമി ബ്രഹ്മാനന്ദ സരസ്വതി. ശങ്കരാചാര്യ ദര്‍ശനത്തില്‍ നിന്നാണ് താന്‍ ഊര്‍ജ്ജം ഉള്‍ക്കൊണ്ടതെന്ന് മഹര്‍ഷി മഹേഷ് പറയാറുണ്ടായിരുന്നു.

1953 ല്‍ ബ്രഹ്മാനന്ദ സരസ്വതി അന്തരിച്ചെങ്കിലും ബ്രാഹ്മണന്‍ അല്ലാത്തതുകൊണ്ട് മഹര്‍ഷി മഹേഷ് യോഗിക്ക് മഠാധിപതിയാകാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അദ്ദേഹം ഉത്തരകാശിയിലേക്ക് യാത്രയായി. അവിടെ അദ്ദേഹം സ്വാമി കൃഷ്ണാനന്ദ സരസ്വതിയുമായി പരിചയപ്പെട്ടു. 1955 ല്‍ ഉത്തരകാശിയില്‍ നിന്ന് യാത്ര തിരിച്ച അദ്ദേഹം പരമ്പരാഗത ധ്യാന വിദ്യകള്‍ പൊതുജനങ്ങളെ പഠിപ്പിക്കാന്‍ തുടങ്ങി. ഇതാണ് പിന്നീട് അതീന്ദ്രിയ ധ്യാനം എന്ന പേരില്‍ പ്രസിദ്ധമായത്.

1957 ല്‍ മദ്രാസില്‍ അദ്ദേഹം സ്പിരിച്വല്‍ റീജനറേഷന്‍ മൂവ്‌മെന്‍റ് എന്നൊരു പ്രസ്ഥാനത്തിന് തുടക്കമിട്ടു. അവിടെ നിന്നാണ് ധ്യാനവിദ്യകള്‍ ലോകത്തെ പഠിപ്പിക്കുന്നത് ഗുണപരമായിരിക്കും എന്ന വെളിപാട് അദ്ദേഹത്തിനുണ്ടായത്. അടുത്ത വര്‍ഷം അദ്ദേഹം ലോകപര്യടനത്തിനിറങ്ങി. ആദ്യം മ്യാന്‍‌മാറിലെ റംഗൂണിലേക്കും പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും യാത്ര തിരിച്ചു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :