തന്‍റെ പക്കലുള്ള ദിവ്യ പശുവിനെ കൊണ്ട് മഹര്‍ഷി എല്ലാവര്‍ക്കും ആഹാരമൊരുക്കി. പശുവിനെ സ്വന്തമാക്കാന്‍ രാജാവിന് കലശലായ മോഹം. മഹര്‍ഷി കൊടുക്കാന്‍ തയാറല്ലായിരുന്നു. പശുവിനെ ബലാല്‍ക്കാരമായി രാജാവ് കൊണ്ടുപോയി.
വിവരമറിഞ്ഞ പരശുരാമന്‍ കോപിഷ്ടനായി കൊട്ടാരത്തിലെത്തി പശുവിനെ മോചിപ്പിച്ചു. എതിര്‍ത്ത രാജാവിനെ കൊല്ലുകയും ചെയ്തു.
കാര്‍ത്ത്യവീരാര്‍ജുനന്‍റെ മക്കള്‍ അവിടെയുണ്ടായിരുന്നില്ല. പരശുരാമന്‍ സ്ഥലത്തില്ലാത്ത തക്കം നോക്കി അവര്‍ ജമദഗ്നി മഹര്‍ഷിയെ കഴുത്തറുത്ത് കൊന്നു. ഇതിനു പകരം വീട്ടാന്‍ രാമന്‍ പരശുവുമായി 21 വട്ടം ഭാരതം ചുറ്റിക്കറങ്ങി. കണ്ണില്‍ക്കണ്ട ക്ഷത്രിയരെയെല്ലാം കൊന്നൊടുക്കി.
കൊലപാതകത്തിന്‍റെ പാപം തീര്‍ക്കാന്‍ കൈയടക്കിയ സ്ഥലം മുഴുവന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. അങ്ങനെ ആ യാത്രക്കൊടുവില്‍ ഗോകര്‍ണത്ത് നിന്നും പരശു വീശിയെറിഞ്ഞപ്പോള്‍ കടലില്‍ നിന്നും ഉയര്‍ന്നു വന്നതാണ് കേരളം എന്നാണ് സങ്കല്പം.
അതുകൊണ്ട് കേരളത്തെ ഭാര്‍ഗ്ഗവ ക്ഷേത്രം, പരശുരാമ ക്ഷേത്രം എന്നൊക്കെ വിളിക്കാറുണ്ട്.