ഭാര്യയുടെ ചാരിത്യ്രത്തില്‍ സംശയിച്ച ജമദഗ്നി അമ്മയെ വെട്ടിക്കൊല്ലാന്‍ കല്പിച്ചുവെന്നും പരശുരാമന്‍ തെല്ലും കൂസാതെ അമ്മയെ കൊന്നുവെന്നും, അച്ഛനോട് വരം ചോദിച്ച് അമ്മയെ വീണ്ടും ജീവിപ്പിച്ചുവെന്നും കഥയുണ്ട്.
മാതൃഹത്യ കൊടിയ പാപമാണ്. ആ പാപത്തില്‍ നിന്നും മുക്തി കിട്ടുന്നതിനായി പരശുരാമന്‍റെ മനസ്സ് തപിച്ചു കൊണ്ടിരുന്നു.
ക്ഷത്രിയ വിരോധിയായിരുന്നു പരശുരാമന്‍. അതാണ് ത്രേതായുഗത്തില്‍ ശ്രീരാമന്‍റെ വിവാഹഘോഷയാത്രയെ തടഞ്ഞു നിര്‍ത്തി യുദ്ധത്തിന് വെല്ലുവിളിക്കാന്‍ പരശുരാമനെ പ്രേരിപ്പിച്ചത്.
പരശുരാമന്‍റെ ശൈവചാപം രാമന്‍ ജയിച്ചതോടെ ശ്രീരാമന്‍ വിഷ്ണുവാണെന്ന് മനസ്സിലാക്കുകയും തന്‍റെ വിദ്വോഷവും കോപവും അക്രമവാസനയും വെടിഞ്ഞ് ബ്രഹ്മര്‍ഷിയായി ജീവിക്കുകയും ചെയ്തു.
പരശുരാമന്‍റെ ക്ഷത്രിയരോടുള്ള വിരോധത്തിന് വലിയൊരു കാരണമുണ്ട്. ഒരിക്കല്‍ കാര്‍ത്ത്യവീരാര്‍ജുനന്‍ എന്ന രാജാവ് നായാട്ടിനായി സൈന്യ സമേതം ജമദഗ്നി മഹര്‍ഷിയുടെ ആശ്രമത്തിലെത്തി.