ഇന്ദ്രിയാതീതമായ ധ്യാനത്തിലൂടെ ശാന്തിയും സമാധാനവും ആരോഗ്യവും ആര്‍ജ്ജിക്കാമെന്ന സന്ദേശവുമായി അറുപതുകളിലും എഴുപതുകളിലും ലോകമെങ്ങും നിറഞ്ഞു നിന്ന ഭാരതീയ ആത്മീയ ആചാര്യനായിരുന്നു മഹര്‍ഷി മഹേഷ് യോഗി.
അദ്ദേഹത്തിന്റെ അതീന്ദ്രിയ ധ്യാനം (ട്രന്സെന്ഡെന്റല് മെഡിറ്റേഷന്‍) വലിയൊരു അനുഷ്ഠാനമായി ലോകമെങ്ങും മാറുകയുണ്ടായി.
പ്രയാസമില്ലാതെ ആര്‍ക്കും ശീലിക്കാനാവുന്ന ലഘുവായ ധ്യാനരീതിയായിരുന്നു മഹര്‍ഷി മഹേഷ് യോഗി ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്. ജാതി മത വര്‍ഗ്ഗ ഭേദമന്യേ ആര്‍ക്കും പരിശീലിക്കാവുന്നതും എപ്പോഴും എവിടെ വച്ചും ചെയ്യാവുന്നതുമായ ധ്യാനമായിരുന്നു അത്.
അതില്‍ ആത്മീയതയുടെ അംശമുണ്ടായിരുന്നു. അതോടൊപ്പം പ്രായോഗികതയുടേയും അംശമുണ്ടായിരുന്നു. ഇന്ത്യന്‍ യോഗ വിദ്യയുടെ ലളിതമായ ഒരു ആവിഷ്കാരമായിരുന്നു അതെന്ന് കരുതുന്നവരും ഉണ്ട്.
ഇതോടൊപ്പം തന്നെ അദ്ദേഹം ആയുര്‍വേദത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. വേദിക് ജ്യോതിശാസ്ത്രത്തില്‍ നിന്നും ഉണ്ടാക്കിയ മഹര്‍ഷി ജ്യോതിഷ്, വേദ വാസ്തുവിദ്യയില്‍ നിന്നുണ്ടാക്കിയ മഹര്‍ഷി സ്ഥാപത്യവേദ, വിവിധ സംഗീതങ്ങളോട് ബന്ധപ്പെട്ട മഹര്‍ഷി ഗാന്ധര്‍വ്വ വേദ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.
പാരമ്പര്യ ഇന്ത്യന്‍ വിദ്യയായ അതീന്ദ്രിയ ധ്യാനത്തെ സ്വന്തം ട്രേഡ് മാര്‍ക്കായി വികസിപ്പിച്ചെടുക്കാന്‍ മഹേഷ് യോഗിക്ക് കഴിഞ്ഞു എന്നുള്ളതാണ് അദ്ദേഹത്തിന്റെ വിജയം.