വ്യാസകൃതികളില്‍ എന്നപോലെ കാവ്യരചയിതാവ് കഥാപാത്രമാവുന്ന കവന രീതിയാണ് വാത്മീകിയുടെ രാമായണത്തിലും കാണാന്‍ കഴിയുക. വാത്മീകി രാമായണത്തിന്‍റെ ആദ്യത്തെ ശ്ലോകത്തില്‍ തന്നെ വാത്മീകിയെ പരാമര്‍ശിക്കുന്നുണ്ട്.
ഏറ്റവും ഉത്തമനായ മനുഷ്യന്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് വാത്മീകി നാരദനോട് ചോദിക്കുന്നതായാണ് സന്ദര്‍ഭം. അപ്പോള്‍ നാരദന്‍ രാമകഥ ചുരുക്കി പറഞ്ഞുകൊടുക്കുന്നു. ഇതിനു ശേഷമാണ് ക്രൌഞ്ച മിഥുനങ്ങളില്‍ ഒന്നിനെ വേടന്‍ കൊന്നിടുന്നതും മാ നിഷാദ.... എന്ന് തുടങ്ങുന്ന ശ്ലോകം വാത്മീകിയില്‍ നിന്ന് ഉറവ പൊട്ടുന്നതും എല്ലാം.
ഈ ശ്ലോകം ഉണ്ടായതില്‍ പിന്നെയാണ് ബ്രഹ്മാവ് വന്ന് രാമകഥ എഴുതണം എന്ന് വാത്മീകിയോട് ആവശ്യപ്പെടുന്നത്. 24,000 ശ്ലോകങ്ങളിലാണ് അദ്ദേഹം രാമായണം അവതരിപ്പിക്കുന്നത്.
വാത്മീകിയുടെ രാമായണത്തില്‍ സ്വന്തം കഥ പറയുന്നില്ല. പക്ഷെ, എഴുത്തച്ചന്‍ അതിനെ ഉപജീവിച്ച് അദ്ധ്യാത്മ രാമായണം എഴുതിയപ്പോള്‍ അതില്‍ വാത്മീകിയുടെ ജീവിതകഥ അദ്ദേഹത്തിന്‍റെ തന്നെ ഓര്‍മ്മക്കുറിപ്പായി ചേര്‍ത്തിട്ടുണ്ട്.
വനവാസത്തിനു പുറപ്പെട്ട രാമലക്ഷ്മണന്‍മാരും സീതയും വാത്മീകിയുടെ ശിഷ്യരിലൊരാളായ ഭരദ്വാജ മുനിയുടെ ആശ്രമത്തിലാണ് എത്തുന്നത്. പിന്നീടവര്‍ വാത്മീകിയുടെ ആശ്രമത്തിലും എത്തുന്നു. അപ്പോഴാണ് വാത്മീകി തന്‍റെ പൂര്‍വ്വ കഥ വിവരിക്കുന്നത്.