പേരന്‍റിംഗ് അഥവാ ശിശുപരിപാലനം

WEBDUNIA|
ശിശുപരിപാലനത്തിന്‍റെ അടിത്തറ കുടുംബമായതിനാല്‍ ഭദ്രമായ കുടുംബ ബന്ധം ഇതിന് അത്യാവശ്യമാണ്.

കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ നിലവാരം, സംസ്കാരം എന്നിവ കുട്ടിയുടെ വളര്‍ച്ചയിലും വികസനത്തിലും സ്ഥായിയായ പങ്ക് വഹിക്കുന്നുണ്ട്.

കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന അറിവിന്‍റെയും മൂല്യബോധത്തിന്‍റെയും പ്രതിഫലനമാണ് കുട്ടിയുടെ പെരുമാറ്റം.

കുട്ടിയുടെ ജന്മസിദ്ധമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് കുടുംബമാണ്.

കുട്ടിയുടെ മാനസികാരോഗ്യം കുടുംബാംഗങ്ങളുടെ മാനസികാരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്നേഹവും വിശ്വാസവും സഹകരണവും മാനസികാരോഗ്യം മെച്ചപ്പെടുത്തും.

കുട്ടിയുടെ ആദ്യത്തെ പരിശീലന കളരിയാണ് കുടുംബം. കുട്ടിക്ക് തന്‍റെ വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കുന്നതിനും അവയിലെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്നതിനും കുടുംബം വേദിയൊരുക്കുന്നു.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ അടിപതറാതെ, അവസരങ്ങള്‍ പരിപൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനുള്ള ബാലപാഠം കുട്ടിക്ക് കുടുംബത്തില്‍ നിന്നും കിട്ടണം.

സാമ്പത്തിക ഭദ്രത കുടുംബത്തിന് ആവശ്യം വേണ്ട ഒരു ഘടകമാണ്. ഇതിന്‍റെ പോരായ്മ കുട്ടിയുടെ പരിപാലനത്തെ ബാധിക്കും. അതിനാല്‍ ഉള്ള വരുമാനം കൊണ്ട് കടക്കെണിയില്‍ പെടാതെ ജീവിക്കാന്‍ മാതാപിതാക്കള്‍ പഠിക്കണം.

പാഴ്ചിലവുകള്‍ നിയന്ത്രിച്ച്, പരിമിതികള്‍ അറിഞ്ഞ് മാതാപിതാക്കള്‍ പരസ്പര ധാരണയോടെ ജീവിക്കാന്‍ ശ്രമിക്കണം.

വീട്ടിലെ പരിമിതി മറച്ചുവച്ച് കടംവാങ്ങിപ്പോലും കുട്ടികളുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന ജീവിതരീതി അഭിലക്ഷണീയമല്ല.

മാതാപിതാക്കളുടെ വരവും അവസ്ഥയും അറിഞ്ഞ് കുട്ടിക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കണം.

കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാനുള്ള അവസരം സൃഷ്ടിക്കണം. അങ്ങനെ കിട്ടുന്ന അനുഭവവും അറിവും, കളികൂട്ടുകാരോടൊപ്പമുള്ള, വ്യായാമവും ഉല്ലാസവും, കുട്ടികളുടെ ശാരീരിക ബൗദ്ധിക വികാസത്തിന് വഴിയൊരുക്കും.

മാതാപിതാക്കളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്ന ശരിയായ സംരക്ഷണവും, ശുശ്രൂഷയും സ്നേഹവും സഹകരണവും കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ശിശുപരിപാലനം ഒരു വശത്തേക്കു മാത്രം നടക്കുന്ന പ്രക്രിയ അല്ല. പല ഘടകങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സ്വാധീനിക്കുന്ന ഒരു പ്രക്രിയ ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :