ഇനിയും വേണ്ടത്ര പ്രചാരം സിദ്ധിച്ചിട്ടില്ലാത്ത വൈദ്യ ശാസ്ത്ര ശാഖയാണ് യുനാനി. പ്രയോജനപ്രദവും ചെലവ് കുറഞ്ഞതും ആണെങ്കിലും ജനങ്ങള്‍ ഇതേക്കുറിച്ച് വേണ്ട്ത്ര ബോധവാന്മാരല്ലാത്തതാണ് ഈ ചികിത്സാ ശാഖ ഇനിയും പ്രചാരം നേടാത്തതിന് കാരണം എന്ന് കരുതുന്നു.
പ്രാചീന ഗ്രീസിലാണ് യുനാനി ചികിത്സാ ശാഖയുടെ തുടക്കം. യുനാനി ചികിത്സാ ശാഖ ഹിപ്പോക്രാറ്റസിന്‍റെ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ താരതമ്യം ചെയ്ത്കൊണ്ടുള്ള അദ്ദേഹത്തിന്‍റെ പഠനം ആഹാരവും വിശ്രമവും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിലെ പ്രകൃതിയാലുള്ള ശക്തികളെ സഹായിക്കുകയാണ് ഒരു ഭിഷഗ്വരന്‍റെ കടമയെന്നാണ് ഹിപ്പോക്രാറ്റസിന്‍റെ പക്ഷം. ശരീരത്തിലെ നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് യുനാനി ചികൊത്സ നിശ്ചയിക്കുന്നത്. രക്തം, കഫം, പിത്തം(മഞ്ഞ, കറുപ്പ്) എന്നിവയാണ് ഈ ഘടകങ്ങള്‍. ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍ക്ക് സമാനമാണ് ഇത്.
ഹിപ്പോക്രാറ്റസിന് ശേഷം നിരവധി ഗ്രീക്ക് പണ്ഡിതന്മാര്‍ യുനാനിയെ തങ്ങളുടേതായ സംഭാവനകള്‍ കൊണ്ട് സമ്പന്നമാക്കി. എന്നാല്‍, അറബ് ഭിഷഗ്വരന്മാരായ റാസസ്(850-932 AD) അവിസന്ന(980-1037 AD) എന്നിവരുടെ സംഭാവനകള്‍ എടുത്ത് പറയേണ്ടതാണ്. റാസസും അവിസന്നയും തങ്ങളുടെ പരീക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളായ അല്‍-ഹവി, അല്‍-ഖാനൂ എന്നിവയും പ്രസിദ്ധീകരിച്ചു.