വിവാഹം നടത്തുന്നതില്‍ എത്രയെത്ര പരീക്ഷണങ്ങളാണ് ലോകത്ത് നടന്നത്, നടക്കുന്നത്. കടലിനടിയില്‍, പാരച്യൂട്ടില്‍, വിമാനത്താവളത്തില്‍ .... ഈ പട്ടിക അങ്ങനെ നീണ്ടുപോകും. ഇപ്പോള്‍ ലോകമെമ്പാടുമുള്ള മറ്റൊരു പ്രവണത മധുവിധു എങ്ങനെ ആസ്വാദ്യമാക്കാം എന്നതാണ്.
നവമിഥുനങ്ങള്‍ ഒരുമിച്ച് ഒരു യാത്ര പുറപ്പെടുക പണ്ടേയുള്ള ഒരു ഏര്‍പ്പാടാണ്. ഇതിലെ പുതുമകള്‍ തേടിയാണ് പുതു ലോകത്തിലെ യുവദമ്പതികളുടെ പരക്കം പാച്ചില്‍.
ഇപ്പോള്‍ അവരൊരു പുതിയ മധുവിധു സങ്കല്‍പ്പത്തില്‍ ചുറ്റിത്തിരിയുകയാണ്- ഓളപ്പരപ്പിന്‍റെ താലോലം ഏറ്റുവാങ്ങിയുള്ള മധുവിധു. വെള്ളത്തിലൂടെയുള്ള ആസ്വാദ്യകരമായ നീണ്ട യാത്ര. ദിവസങ്ങളോളം നീളുന്ന യാത്ര. ആ യാത്ര നല്‍കുന്ന മധുവിധു അനുഭൂതികള്‍ പകരം വയ്ക്കാനില്ലാത്തതാണ് എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
FILE
FILE
ഹണിമൂണ്‍ ക്രൂയിസസ് എന്നാണ് ഈ മധുവിധു യാത്രയെ പാശ്ചാത്യര്‍ വിളിക്കുക. സ്വൈരമായ പ്രണയ സല്ലാപത്തിനും പ്രണയ കേളികള്‍ക്കും പറ്റിയ ഒരിടം, മറ്റെല്ലാവരില്‍ നിന്നും മാറിനില്‍ക്കല്‍, സ്വൈരം, വിശ്രമം ഇതെല്ലാം ഹണിമൂണ്‍ യാത്ര ചെയ്യുന്ന യുവതീ യുവാക്കളുടെ പ്രധാന ആവശ്യങ്ങളാണ്. അതിന് നൌകയിലും ബോട്ടുകളിലും ചെറു കപ്പലുകളിലും ഉള്ള യാത്ര പോലെ പറ്റിയ മറ്റൊന്നില്ല.
ഹണിമൂണ്‍ യാത്രയ്ക്കിടയിലാണ് നവ വിവാഹിതര്‍ പരസ്പരം കാണുകയും മനസിലാക്കുകയും ചെയ്യുന്നത്. വിദേശ രാജ്യങ്ങളില്‍ ക്രൂയിസ് ലൈനേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന അത്യാഡംബര കപ്പലുകള്‍ മറ്റേത് മുന്തിയ ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മെച്ചമായ സൌകര്യങ്ങളാണ് കപ്പലുകളില്‍ ഒരുക്കിയിരിക്കുന്നത്.
FILE
FILE
ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള ഭക്ഷണം, കുതിച്ചു മറിയാന്‍ പാകത്തില്‍ ഒരുക്കിയ മൃദുവായ മെത്തകളുള്ള അലങ്കാരവും ദീപങ്ങളും മത്തു പിടിപ്പിക്കുന്ന മുറികള്‍, സഹായത്തിന് വിരല്‍ ഞൊടിച്ചാല്‍ എത്തുന്ന പരിചാരകര്‍, ലോകോത്തരമായ സേവന സൌകര്യങ്ങള്‍. വിദേശത്ത് ഇത്തരം കപ്പലുകളില്‍ വിവാഹം നടത്തി മധുവിധു യാത്ര ആരംഭിക്കുകയാണ് പതിവ്.
വിനോദസഞ്ചാര മേഖലയുടെ പുതിയ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ് ആഡംബര നൌകകള്‍. ജലയാത്രയ്ക്ക് താത്പര്യമുള്ള ഒട്ടേറെ വിദേശികള്‍ ഇന്ത്യയില്‍ എത്തി ഈ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മുമ്പ് കശ്മീരിലെയും ഉത്തരേന്ത്യയിലെയും ഒന്നു രണ്ട് തടാകങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന ഈ ജലയാത്രകള്‍ ഇന്ന് തെന്നിന്ത്യയിലേക്കും കേരളത്തിലേക്കും വ്യാപിച്ചിട്ടുണ്ട്.