മാത്രമല്ല, ആഡംബര കപ്പലുകള്‍ വഴി ഇന്ത്യയില്‍ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കൊല്ലം നൌകകളില്‍ ഇന്ത്യന്‍ തീരത്തണഞ്ഞ വിദേശ സഞ്ചാരികളുടെ എണ്ണം 50,000 ആയി. കഴിഞ്ഞ വര്‍ഷം ഇത് 25,000 ആയിരുന്നു.
മുംബൈ, മര്‍മ്മ ഗോവ, ന്യൂ മാംഗളൂര്‍, കൊച്ചി, ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളില്‍ ആണ് പ്രധാനമായും ഇത്തരം അലങ്കാര കപ്പലുകളിലും ബോട്ടുകളിലും വിദേശ സഞ്ചാരികള്‍ എത്തുന്നത്.
2010 ആകുമ്പോഴേക്കും ഓരോ വര്‍ഷവും പത്ത് ലക്ഷം ക്രൂയിസ് യാത്രക്കാര്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുമെന്നും 55 അന്തര്‍ദ്ദേശീയ ക്രൂയിസ് ജലയാനങ്ങള്‍ ഇന്ത്യയില്‍ വരുമെന്നും ആണ് ടൂറിസം മന്ത്രാലയത്തിന്‍റെ കണക്കുകൂട്ടലുകള്‍.
ഇന്ത്യന്‍ ഉപദ്വീപിലെ വിവിധ തുറമുഖങ്ങള്‍ക്ക് ഇതൊരു ഉത്സവകാലമായിരിക്കും. കാരണം ഓരോ യാത്രക്കാരും തുറമുഖ നഗരങ്ങളില്‍ 200 മുതല്‍ 300 വരെ അമേരിക്കന്‍ ഡോളര്‍ ചെലവാക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ അവസരം മുതലെടുക്കാന്‍ പാകത്തില്‍ ഒരു ക്രൂയിസ് ടൂറിസം നയത്തിന് രൂപം കൊടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
ക്രൂയിസ് ടൂറിസത്തില്‍ ഇന്ത്യയിപ്പോള്‍ പിന്നോക്കമാണ്. പക്ഷെ, ക്രൂയിസ് സഞ്ചാരികളുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാംസ്കാരിക വകുപ്പും കപ്പല്‍ ഗതാഗത വകുപ്പും ചേര്‍ന്ന് കിഴക്ക് പടിഞ്ഞാറന്‍ തീരങ്ങളിലായി സര്‍ക്യൂട്ട് തുറമുഖങ്ങള്‍ ഒരുക്കാന്‍ ആലോചിക്കുന്നുണ്ട്.
FILE
FILE
ഇപ്പോള്‍ ഇന്ത്യയിലെ ജലവിനോദസഞ്ചാരം പ്രധാനമായും കേരളത്തിലെ കായലുകള്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍, 7,000 കിലോമീറ്റര്‍ വരുന്ന ഇന്ത്യന്‍ കടലോരത്തെ ഈ ആവശ്യത്തിന് ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് സര്‍ക്കാരിന്‍റെ ലക്‍ഷ്യം. മഹാരാഷ്ട്ര (മുംബൈ), ഗോവ (മര്‍മ്മഗോവ), കര്‍ണ്ണാടക (മംഗലാപുരം), കേരളം (കൊച്ചി) എന്നീ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കിഴക്കന്‍ സംസ്ഥാനമായ തമിഴ്നാട്ടിലുമാണ് (ചെന്നൈ, തൂത്തുക്കുടി) സര്‍ക്യൂട്ട് തുറമുഖങ്ങള്‍ സജ്ജമാക്കുന്നത്.
ലോകത്തിലെ ഏഴാമത്തെ മികച്ച വിനോദസഞ്ചാര മേഖലയായാണ് ഇന്ത്യയെ വിലയിരുത്തുന്നത്. മറ്റൊരു കാര്യം, ക്രൂയിസ് ടൂറിസത്തിനായി പോകുന്നവരുടെ കൂട്ടത്തില്‍ ഒട്ടേറെ ഇന്ത്യക്കാരും ഉണ്ടെന്നുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 26,000 ഇന്ത്യക്കാര്‍ ഇത്തരം വിനോദയാത്ര നടത്തി. ഇതില്‍ ഏറിയ പങ്കും നവവിവാഹിതരായിരുന്നു എന്നതാണ് രസകരം.