തെരുവില്‍ നിന്നൊരു കോടീശ്വരന്‍

WEBDUNIA|
വികാസ് സ്വരൂപിന്‍റെ ‘ക്യൂ ആന്‍റ് എ’ എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് സ്ലംഡോഗ് മില്യണയര്‍. ഡാനി ബോയ്‌ല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. (ഹിന്ദി സിനിമാ സംവിധായകന്‍ സഞ്ജയ് ഗുപ്ത ‘ക്യൂ ആന്‍റ് എ’ സിനിമയാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അതിനായി വികാസ് സ്വരൂപിനെ സമീപിച്ചെങ്കിലും നോവല്‍ സിനിമയാക്കാനുള്ള അവകാശം ഡാനി ബോയ്‌ലിന് വിറ്റതായി വികാസ് അറിയിച്ചു. സ്ലംഡോഗ് മില്യണയര്‍ ഒരു ഇംഗ്ലീഷ് ചിത്രമായി കാണാനാണ് പ്രേക്ഷകരുടെ യോഗമെന്ന് സഞ്ജയ് ഗുപ്ത പറയുന്നു).

പൂര്‍ണമായും മുംബൈയില്‍ ചിത്രീകരിച്ച ഈ സിനിമ മുംബൈയിലെ ഗലികളുടെ കഥയാണ് പറയുന്നത്. ഇന്ത്യന്‍ വംശജനായ ദേവ് പട്ടേലാണ് ജമാല്‍ മാലിക് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഹൂ വാണ്ട്സ് ടു ബീ എ മില്യണയര്‍’ ഷോയുടെ അവതാരകനും നിര്‍മ്മാതാവുമായ പ്രേം കുമാറായി അനില്‍കപൂര്‍ അഭിനയിക്കുന്നു. ഇര്‍ഫാന്‍ ഖാനാണ് പൊലീസ് ഉദ്യോഗസ്ഥന്‍.

കറുത്ത റിയലിസം എന്ന് ഈ സിനിമയെ വിശേഷിപ്പിക്കുമ്പോള്‍ ഇതൊരു മനോഹരമായ പ്രണയചിത്രം കൂടിയാണ്. നായകന്‍റെ ജീവിതം ലതിക(ഫ്രീദ പിന്‍റോ) എന്ന ബാല്യകാലസഖിയുടെ ഓര്‍മ്മകള്‍ക്കൊപ്പമാണ്. അവള്‍ക്കുവേണ്ടിയാണ് അവന്‍ ജീവിക്കുന്നത്. അവളെ നേടുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു.

എ ആര്‍ റഹ്‌മാന്‍ ഈണമിട്ട രണ്ടു ഗാനങ്ങളും പശ്ചാത്തല സംഗീതവും ഈ സിനിമയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ചിത്രത്തിന്‍റെ അന്ത്യത്തില്‍ കോടിപതി ഷോയില്‍ വിജയിക്കുകയും പ്രണയിനിയെ സ്വന്തമാക്കുകയും ചെയ്യുന്ന നായകന്‍ ‘ജയ് ഹോ...’ എന്ന ഗാനത്തിനൊപ്പം നൃത്തമാടുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :