അഞ്ചുവര്‍ണ്ണ തെരുവിലെ നെയ്ത്ത് വിശേഷം

ഓണത്തിനു തുണി നെയ്യുന്ന ബാലരാമപുരം തെരുവ്

WEBDUNIA|
പാരമ്പര്യത്തില്‍ മാത്രം വിശ്വസിച്ച് കൈത്തറി വസ്ത്ര നിര്‍മ്മാണത്തിന്‍റെ ഊടും പാവും നെയ്യുകയാണ് അഞ്ചുവര്‍ണ്ണ തെരുവിലെ കൊച്ചു കുട്ടികള്‍ മുതല്‍ മുത്തച്ഛന്മാര്‍ വരെ. ഗീതാസന്ദേശം, ചുണ്ടന്‍വള്ളം, നൃത്തരൂപങ്ങള്‍ തുടങ്ങിയ രൂപങ്ങള്‍ പതിച്ച കസവു വസ്ത്രങ്ങള്‍ ഇത്തവണത്തെ ഓണത്തിനായി ഇവിടെ തയാറായി കഴിഞ്ഞു.

പതിനയ്യായിരം മുതല്‍ നാല്‍പ്പതിനായിരം രൂപ വരെ വില വരുന്ന വസ്ത്രങ്ങള്‍ ആധുനിക യന്ത്രസാമഗ്രികളുടേയോ സാങ്കേതിക വിദ്യയിലൂടെയോ അല്ല അഞ്ചുവര്‍ണ്ണതെരുവില്‍ തയാറാക്കുന്നത്. പാരമ്പര്യമായി ലഭിച്ച കരവിരുതിലൂടെ മാത്രം.

തിരുവനന്തപുരത്തെ ബാലരാമപുരം കൈത്തറി വസ്ത്രങ്ങള്‍ക്ക് പേര് കേട്ട സ്ഥലമാണ്. രാജ്യം ഭരിച്ചിരുന്ന തിരുവിതാംകൂര്‍ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയായിരുന്നു ഇവിടെ കൈത്തറി വസ്ത്ര നിര്‍മ്മാണം തുടങ്ങിയത്. ബാലരാമപുരത്തെ ഒരു വ്യാവസായിക കേന്ദ്രമാക്കി മാറ്റിയതും കൈത്തറി തന്നെ.

രാജകുടുംബാംഗങ്ങള്‍ നേരിട്ടെത്തി കൈത്തറി വസ്ത്രങ്ങള്‍ വാങ്ങിയിരുന്ന ഇവിടെ രാജവാഴ്ച അവസാനിച്ചതോടെ വിപണി കണ്ടെത്താനായി ഇവര്‍ക്ക് അന്യ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നു. ലണ്ടന്‍, അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഇവര്‍ക്ക് നല്ല വിപണി കണ്ടെത്താനായി.

ശുദ്ധമായ കസവില്‍ നെയ്തെടുക്കുന്ന ഇവിടത്തെ വസ്ത്രങ്ങള്‍ എന്നും ഒളിമങ്ങാതെ നിലനില്‍ക്കും. വില അല്പം കൂടിയാലും ഇവിടത്തെ കൈത്തറി വസ്ത്രങ്ങള്‍ക്ക് ഇന്നും പ്രിയം കൂടുന്നതിനും കാരണം ഇതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധയിനം വസ്ത്രങ്ങള്‍ ഇവിടെ തയാറാക്കുന്നുണ്ട്. ഔഷധ ഗുണമുള്ള വസ്ത്രങ്ങളും പ്രശസ്ത കസവ് കടയായ കറാല്‍കടയ്ക്കുമുള്ള വസ്ത്രങ്ങളും ബാലരാമപുരത്താണ് നെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :