കവിതയും ഒരു ഓണക്കിറ്റും

കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണന്‍

WEBDUNIA|
അമ്മയെ കാണിക്കണം അതായിരുന്നു ആ എട്ടാം ക്ളസുകാരന്‍റെ മോഹം. നേരം ഒന്‍പത്- പത്ത് മണിയായിക്കാണും. ഞാന്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ അമ്മ കടയില്‍ പോയി വരികയാണ്. മുഖം വല്ലാതെ വാടിയിട്ടുണ്ട്. എന്തോ ഒരു പന്തിയില്ലായ്മ ഉണ്ട്.

എങ്കിലും അടുത്ത് ചെന്ന് അമ്മയോട് പറഞ്ഞു.'' അമ്മേ എന്‍റെ കവിത അച്ചടിച്ച് വന്നിട്ടുണ്ട്" ഉവ്വോ, എന്നാല്‍ അത് പുഴുങ്ങി തിന്നോ" അമ്മ വല്ലതെ ഉച്ചത്തില്‍ പറഞ്ഞു.

വീട്ടിലൊരു സാധനല്യാ. കുഞ്ഞിപ്പാപ്ളക്ക് മുന്നൂറുറുപ്യാ കൊടുക്കാനുള്ളത്. പിന്നെങ്ങിന്യാ കടം തര്യാ.

'' അമ്മ്വോ" കുഞ്ഞിപ്പാപ്ള എല്ലാ സ്ത്രീകളെയും അങ്ങിനെയാണ് വിളിക്കുക. '' കഴിഞ്ഞ മാസം വാങ്ങീതിന്‍റെയും കാശ് തന്നില്ല, ഈ മാസോം തന്നില്ല. ഞാനിത് വാങ്ങിക്കൊണ്ട് വന്ന് വിറ്റിട്ട് വേണ്ടേ പിന്ന ചരക്ക് വാങ്ങിക്കൊണ്ട് വരാന്‍" കുഞ്ഞിപ്പാപ്ള പറഞ്ഞു പോലും.

'' ഇനി വയ്യ, കടം ചോദിച്ച് പോവാന്‍" അമ്മ ആരോടെന്നില്ലാതെ പറഞ്ഞു''

നളെ തിരോണാണല്ലോ എന്ന് കരുതീട്ടാണ് ഒന്ന് പോയി കടം ചോദിക്കാന്‍ പറഞ്ഞത്. അത് ഇപ്പോ ഇങ്ങിനെ ആയീലോ തേവരേ, കുട്ട്യോളുക്ക് എന്താ ഒന്നുണ്ടാക്കി കൊടുക്ക്കാ?" അമ്മൂമ്മ നെറുകയില്‍ കൈകൂപ്പി ഉരുകിക്കൊണ്ടിരുന്നു.

ചാരുകസാലയില്‍ മുത്തഛന്‍ മൂകനായി ഇരിക്കുന്നുണ്ട്. പോസ്റ്റ്മാന്‍ വരുന്ന വഴിയിലാണ് മൂപ്പരുടെ കണ്ണ്. ഓണത്തിന് വരാറുള്ള മണിയോര്‍ഡര്‍ വന്നിട്ടില്ല.അതാണ് ഞെരുക്കത്തിന്‍റെ കാരണം.

ഇതിനിടയില്‍ എന്‍റെ കവിതാഘോഷം ചീറ്റിയ പടക്കമായിപ്പോയല്ലോ എന്ന ചെറിയ മനോവേദനയോടെ വേറെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് കുളിച്ച് വരാം എന്ന് കരുതി തോര്‍ത്തെടുത്ത് പുഴയിലേക്ക് പോകാനൊരുങ്ങി.

അപ്പോഴുണ്ട് പടി കടന്ന് ഒരു കൊട്ടയില്‍ കുറേ സാധനങ്ങളും അതിന് മുകളില്‍ ഒരു കുല പഴവുമായി പീടികേലെ പണിക്കാരന്‍ പ്രാഞ്ചി വരുന്നു.

"കുട്ടാ, ദ ഇബ്ടെ തരാന്‍ പറഞ്ഞു. കാശിന്‍റെ കാര്യോക്കെ പണം തരുമ്പോള്‍ പറയാംന്ന് മാപ്ളാര് പറഞ്ഞു. താന്‍ അമ്രാളെ ഒന്ന് വിളിക്ക്യോ"

'അമ്മേ, ദാ കുഞ്ഞിപ്പാപ്‌പ്ല സാധനങ്ങള്‍ കൊടുത്തയച്ചിരിക്കുന്നു" അതും പറഞ്ഞ് ഞാന്‍ വീണ്ടും കവിത നീട്ടിച്ചൊല്ലി പുഴവഴിയിലേക്ക് ഊളിയിട്ടു.

മാവേലി എന്ന് ഓര്‍ത്ത് പോവും കാലം കള്ളവുമില്ല മതവുമില്ല....


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :