ഭൂചലനത്തില്‍ ഉണ്ണി മുകുന്ദന്‍ തെറിച്ചുവീണു; 'സാമ്രാജ്യം 2' ഷൂട്ടിംഗ് മുടങ്ങി

ദുബായ്| WEBDUNIA|
PRO
PRO
ചൊവ്വാഴ്ച ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങളില്‍ ഗള്‍ഫ് മേഖല കുലുങ്ങി വിറച്ചിരുന്നു. കെട്ടിടങ്ങള്‍ ആടിയുലഞ്ഞതോടെ പരിഭ്രാന്തരായ ജനങ്ങള്‍ പുറത്തേക്ക് ഓടി. ‘സാമ്രാജ്യം 2, സണ്‍ ഓഫ് അലക്സാണ്ടര്‍‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബായില്‍ നടക്കുന്നതിനിടെയായിരുന്നു ഭൂചലനം. ചിത്രത്തിലെ ഗാനം ചിത്രീകരിക്കുമ്പോഴായിരുന്നു ഇത്. ശക്തമായ ചലനത്തിനിടെ നായകന്‍ ഉണ്ണിമുകുന്ദന്‍ തെറിച്ച് താഴെ വീഴുകയും ചെയ്തു. ക്യാമറകളും മറ്റും താഴേക്ക് വീണു. ഇതോടെ സെറ്റില്‍ എല്ലാവരും പരിഭ്രാന്തരായി ഷൂട്ടിംഗ് നിര്‍ത്തിവച്ചു.

ദുബായിലെ മംസര്‍ പാര്‍ക്കില്‍ ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവങ്ങള്‍.

മമ്മൂട്ടി കരുത്തുറ്റ നായകവേഷത്തിലെത്തിയ ചിത്രം സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമാണ് 'സാമ്രാജ്യം2, സണ്‍ ഓഫ് അലക്‌സാണ്ടര്‍' എന്ന ബിഗ് ബജറ്റ് ചിത്രം. അലക്സാണ്ടര്‍ എന്ന മമ്മൂട്ടിയുടെ കഥാ‍പാത്രത്തിന്റെ മകനായ ജോര്‍ദാന്റെ തിരിച്ചുവരവാണ് ഈ ചിത്രം. ഉണ്ണി മുകുന്ദനാണ് ജോര്‍ദാനായെത്തുന്നത്.

അലക്സാണ്ടര്‍ വെടിയേറ്റു വീഴുന്നിടത്താണ് സാമ്രാജ്യം അവസാനിക്കുന്നത്. കൊച്ചുകുട്ടിയായ അലക്സാണ്ടറുടെ മകനെ ദുബായിലേക്ക് കൊണ്ടു പോയത് അലക്സാണ്ടറിന്റെ സന്തത സഹചാരിയും വിശ്വസ്തനുമായ ഖാദറാണ്(വിജയരാഘവന്‍). ബുദ്ധിമാനും പരിശ്രമശാലിയുമായജോര്‍ദ്ദാന്‍ പിതാവിന്റെ സാമ്രാജ്യം ഏറ്റെടുക്കാനായി തിരിച്ചുവരികയാണ്.

തിരുപ്പാച്ചി, ശിവകാശി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പേരരശ് കഥയെഴുതി സംവിധാനം ചെയ്യുന്ന സാമ്രാജ്യം 2, സണ്‍ ഓഫ് അലക്സാണ്ടര്‍ ആക്‍ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ്.

സാമ്രാജ്യം നിര്‍മ്മിച്ച അജ്മല്‍ ഹസ്സന്‍, ബൈജു ആദിത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :