ശമ്പളമില്ല: റിയാദില്‍ മലയാളികള്‍ കോടതിയിലേക്ക്

റിയാദ്| WEBDUNIA| Last Modified തിങ്കള്‍, 25 ജനുവരി 2010 (17:53 IST)
ജോലിയില്‍ പ്രവേശിച്ചതിനു ശേഷം ഇതുവരെ ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്കെതിരെ റിയാദിലുള്ള മലയാളികള്‍ കോടതിയിലേക്ക്. തങ്ങള്‍ക്ക് ഇതുവരെയായും ശമ്പളം നല്കാത്ത കമ്പനി അധികൃതര്‍ക്കെതിരെ മലയാളികളായ പ്രിന്‍റിങ് പ്രസ് തൊഴിലാളികള്‍ കോടതിയെയും ഇന്ത്യന്‍ എംബസിയെയുമാണ് സമീപിച്ചിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി സ്വദേശിയായ ബാബു, മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശിയായ ഷൌക്കത്ത് എന്നിവരാണ് പരാതിക്കാര്‍. റിയാദിലെ കേളി ജീവകാരുണ്യ വിഭാഗത്തിന്‍റെ സഹായത്തോടെയാണ് ഇവര്‍ കമ്പനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കേളി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ ജബ്ബാര്‍ ആലുവയാണ് ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് റിയാദിലെ ഒരു പ്രിന്‍റിങ് പ്രസിലേക്കുള്ള വിസയില്‍ ഇവര്‍ എത്തിയത്.

നാട്ടില്‍ നിന്നു ജോലിക്കായി എത്തിയതിനു ശേഷം ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. 1100 റിയാല്‍ ആയിരുന്നു ഇവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിമാസ ശമ്പളം. ഇതു കൂടാതെ, അധിക സമയം ജോലി ചെയ്യുകയാണെങ്കില്‍ പ്രതിഫലവും സൌജന്യ താമസ-ഭക്ഷണ സൌകര്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ജോലിയില്‍ പ്രവേശിച്ച് രണ്ടു വര്‍ഷം കൂടുമ്പോള്‍ അവധിയും വിമാ‍ന ടിക്കറ്റും വിസ ഏജന്‍റെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ജോലിക്കായി സൌദിയിലെത്തിയപ്പോള്‍ ഏജന്‍റിന്‍റെ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറന്നു.

ശമ്പളമായി 800 റിയാല്‍ മാത്രമേ നല്‍കുകയുള്ളൂവെന്ന് പ്രസ് അധികൃതര്‍ നിലപാടെടുത്തു. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ളവയ്ക്കുള്ള ചെലവ് സ്വന്തം നിലയ്ക്ക് വഹിക്കാന്‍ ആവശ്യപ്പെട്ടു. പ്രസിന്‍റെ ഗോഡൌണിലായിരുന്നു ആദ്യം താമസസൌകര്യം നല്‍കിയത്. പിന്നീട് പ്രസുള്‍പ്പടെ ഫൈസലിയയിലേക്ക് മാറ്റി. അവിടെ നിന്ന് ഒരു മാസം മുമ്പ് എക്സിറ്റ് അഞ്ചിലേക്കും മാറ്റി. ഇപ്പോള്‍ ഫൈസലിയയിലേക്ക് തന്നെ വീണ്ടും കൊണ്ടുവന്നിരിക്കുകയാണ്. മാറിമാറി വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നതല്ലാതെ ശമ്പളം നല്‍കുന്നില്ല. ശമ്പളം ചോദിക്കുമ്പോള്‍ കമ്പനി അധികൃതര്‍ ഓരോ ഒഴിവുകഴിവുകള്‍ പറയുകയാണെന്നും പരാതിയില്‍ പറയുന്നു.

നേരത്തെ തൊഴില്‍ കോടതിയില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇവരുടെ സഹപ്രവര്‍ത്തകനായിരുന്നു സിബി എന്നയാളെ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ശമ്പളം ലഭിക്കാതെ രണ്ടുവര്‍ഷമായി ജോലി ചെയ്യുകയായിരുന്ന മറ്റ് രണ്ടു മലയാളികള്‍ ഇപ്പോള്‍ പുറത്തുപോയി ജോലി ചെയ്യുകയാണ്.
ശമ്പളമില്ലാതെ ഇനി ജോലിയില്‍ തുടരാന്‍ കഴിയില്ല. ഒന്നുകില്‍ പുറത്തുപോയി ജോലി ചെയ്യാനുള്ള അനുമതി നല്‍കുക. അല്ലെങ്കില്‍ വിസ റദ്ദുചെയ്ത് നാട്ടിലേക്ക് തിരിച്ചയക്കുക. ഇതിലെതെങ്കിലും ഒന്നു ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :