ശ്രേഷ്ഠമായ നവരാത്രി വ്രതം

WEBDUNIA|

നന്‍‌മയുടെ വിജയത്തിന്‍റെ വിദ്യയുടെ ഉത്സവമാണ് വിജയ ദശമി. അഹന്തയുടെ പര്യായമായിരുന്ന മഹിഷാസുരനെ ദേവി നിഗ്രഹിച്ചതിന്‍റെ ഓര്‍മ്മ പുതുക്കാനാണ് വിജയദശമി ആഘോഷിക്കുന്നത് എങ്കിലും അതിനു പിന്നില്‍ ദേവി ആരാധന സംബന്ധിച്ച ഒട്ടേറെ കാര്യങ്ങളുണ്ട്.

നവരാത്രിയുടെ ഒടുവിലാണല്ലോ വിജയം നല്‍കുന്ന ദശമിയുടെ വരവ്. ഒമ്പത് ദിവസവും വ്രതാനുഷ്ഠാനവും പൂജയും നടത്തണം. 2007 ല്‍ ഒക്‍ടോബര്‍ 12 നാണ് നവരാത്രി വ്രതം തുടങ്ങുക. സര്‍വ്വ വിഘ്നങ്ങളും മാറ്റി ഐശ്വര്യങ്ങള്‍ നേടാനുള്ളതാണ് ഈ വ്രതം.

വ്രതം എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഒക്‍ടോബര്‍ പതിനൊന്നിനുള്ള അമാവാസി നാളില്‍ പിതൃപ്രീതി വരുത്തേണ്ടതാനെന്ന് ജ്യോതിഷ പണ്ഡിതന്‍‌മാര്‍ പറയുന്നു. ദേവി പ്രീതിക്കായി വ്രതം അനുഷ്ഠിക്കുന്നതിനു മുമ്പ് ലോകഗുരുവായ ദക്ഷിണാമൂര്‍ത്തിയേയും മാതാപിതാക്കളേയും ഗുരുക്കന്‍‌മാരേയും മനസ്സില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം.

മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം.

ഒക്‍ടോബര്‍ പതിനൊന്നു മുതല്‍ തന്നെ വ്രതം ആരംഭിക്കണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒരിക്കല്‍ എടുക്കുകയും പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുകയും നല്ലതാണ്.

ആളുകള്‍ മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ്.

നവരാത്രിക്കാലത്ത് കന്യകാ പൂജയും സുമംഗലീ പൂജയും ശ്രേയസ്കരമായിട്ടാണ് കാണുന്നത്. കാരണം നവരാത്രി ഭാരതത്തിലെ സ്ത്രീ ആരാധനയുടെ ശക്തമായ ആചാരമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :