നവരാത്രിക്കാലത്ത് കന്യകാ പൂജ ചെയ്യുന്നത് വളരെ നല്ലതാണ്. ഇതുവഴി പൂജയ്ക്ക് 12 ഇരട്ടി ഫലസിദ്ധി ഉണ്ടാവും എന്നാണ് വിശ്വാസം.
ഒമ്പത് വയസ്സില്‍ കുറവ് പ്രായമുള്ള പെണ്‍കുട്ടിയെ പുതുവസ്ത്രം അണിയിച്ച് ആടയാഭരണങ്ങള്‍ ചാര്‍ത്തി ദേവിയായി സങ്കല്‍പ്പിച്ച് പൂജ നടത്തുകയാണ് ചെയ്യുന്നത്. നവരാത്രിക്കാലത്തെ ഓരോ ദിവസവും കന്യകമാരെ ദേവിയുടെ ഓരോ ഭാവമായി സങ്കല്‍പ്പിച്ചാണ് പൂജ നടത്തേണ്ടത്.
അതായത് കന്യകാ പൂജയ്ക്കായി ഒമ്പത് കൊച്ചു പെണ്‍കുട്ടികള്‍ കണ്ടെത്തേണ്ടതുണ്ട്. ചില ക്ഷേത്രങ്ങളില്‍ പോലും കന്യകാ പൂജ നവരാത്രി കാലത്ത് നടത്തുന്നു.
ദേവീ സങ്കല്‍പ്പം ഏറ്റെടുക്കുന്ന - പൂജയില്‍ പങ്കുകൊള്ളുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാ വിജയവും ഭാവിയില്‍ ദാമ്പത്യ വിജയവും ഉണ്ടാവും. ഈ പൂജ ചെയ്യുന്നത് മുജ്ജന്‍മത്തിലെ ദോഷങ്ങള്‍ മാറാനും കന്യാ ശാപവും സ്ത്രീ ശാപവും മാറിക്കിട്ടാനും നല്ലതാണ്.
എന്നാല്‍ സുമംഗലീ പൂജ സുമംഗലികളായ - വിവാഹിതകളായ സ്ത്രീകളെ ദേവിയായി സങ്കല്‍പ്പിച്ചു നടത്തുന്നതാണ്. എല്ലാ സ്ത്രീകളും ദേവിയുടെ പ്രതിരൂപം ആണെന്നാണ് ഭാരതീയ വിശ്വാസം. ഈ പൂജയും നവരാത്രി കാലത്ത് ചെയ്യുമ്പോള്‍ ഫലസിദ്ധി 12 ഇരട്ടിയാവും. സാധാരണ ഗതിയില്‍ പൌര്‍ണ്ണമി നാളിലാണ് സുമംഗലീ പൂജ എന്ന സ്ത്രീ പൂജ നടത്തുക.
മകം, കാര്‍ത്തിക, ഭരണി എന്നീ നാളുകളും വെള്ളി, ചൊവ്വ എന്നീ ആഴ്ചകളും പഞ്ചമി, നവമി എന്നീ തിഥികളും സുമംഗലീ പൂജയ്ക്ക് ഏറ്റവും പറ്റിയതാണെന്നാണ് ആചാര്യമതം.