നവരാത്രിയും സപ്തമാതൃസങ്കല്പവും

WEBDUNIA|
നവരാത്രിക്കാലം ശക്തിയാരാധനാ കാലമാണ്. ദേവീ പൂജയും നാരീ പൂജയും ഇക്കാലത്ത് നടത്തുന്നു. നവരാത്രി സാധനയോടൊപ്പം നടക്കുന്ന മറ്റൊന്നാണ് സപ്തമാതൃക്കളുടെ പൂജ. ഐശ്വര്യ ദേവതയായ ലക്ഷ്മിയെ കൂടി കൂട്ടി അഷ്‌ഠമാതൃക്കള്‍ എന്നും സങ്കല്‍പ്പിക്കാറുണ്ട്.

ബ്രാഹ്മണി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, മാഹേന്ദ്രി, ചാമുണ്ഡി എന്നിവയാണ് സപ്തമാതൃക്കള്‍. ഇതിന് അഗ്നിപൂജയുമായും ബന്ധം കാണാം. കാളി, കരാളി, മനോജവ, സുലോഹിത, സുധൂമ്രവര്‍ണ്ണ, സ്തൂലിംഗിനി, വിശ്വരുചി എന്നിങ്ങനെ അഗ്നിക്ക് ഏഴ് നാവുകളുണ്ട്.

ഈ ഏഴു നാവുകള്‍ സപ്തമാതൃക്കളെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് നവരാത്രിക്കാലത്ത് ചെയ്യുന്ന ശ്രീചക്രോപാസന അഗ്നിപൂജയുടെ മറ്റൊരു രൂപമാണെന്ന് വിശ്വസിക്കേണ്ടിവരും.

ഭാരതത്തില്‍ കണ്ടുവരുന്ന ശ്രീവിദ്യോപാസനയാണ് നവരാത്രിക്കാലത്ത് ശ്രീചക്രപൂജയായി മാറുന്നത്. ശ്രീചക്രം എന്നത് പ്രപഞ്ചത്തിന്‍റെ തന്നെ പ്രതീകമാണ്. ശ്രീചക്രത്തിലെ ആദ്യത്തെ ആവരണത്തില്‍ എട്ട് ശക്തികളെയാണ് കാണാനാവുക. അതില്‍ സപ്തമാതൃക്കളും ഉണ്ട്.

നവരാത്രിക്കാലത്ത് ശ്രീചക്രത്തിലെ ഒമ്പത് ആവരണങ്ങള്‍ക്കും ഓരോ ദിവസവും പൂജ ചെയ്യുന്ന പതിവ് മുമ്പ് ഉണ്ടായിരുന്നു. മുത്തുസ്വാമി ദീക്ഷിതരുടെ നവാവരണ കീര്‍ത്തനങ്ങളാണ് ഓരോ ദിവസവും ആലപിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :