“പണം നല്‍കിയില്ലെങ്കില്‍ കൊല്ലും” - കരണ്‍ ജോഹറിന് അധോലോക ഭീഷണി
മുംബൈ|
WEBDUNIA|
PTI
അധോലോകം വീണ്ടും ബോളിവുഡ് സിനിമാ സാമ്രാജ്യത്തില്‍ പിടിമുറുക്കുകയാണ്. സംവിധായകന്‍ കരണ്‍ ജോഹറിനെ വധിക്കുമെന്നാണ് ഇപ്പോള്‍ അധോലോകം ഭീഷണി മുഴക്കിയിരിക്കുന്നത്. അധോലോകരാജാവ് രവി പൂജാരിയാണ് കരണ്‍ ജോഹറിനെ വധിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയത്.
പണം നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നാണ് തന്നെ രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. കരണ്‍ ജോഹര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എത്ര പണമാണ് രവി പൂജാരി ആവശ്യപ്പെട്ടതെന്ന് പൊലീസോ കരണോ വ്യക്തമാക്കിയിട്ടില്ല.
രവി പൂജാരി വിദേശത്തുനിന്നാണ് കരണ്‍ ജോഹറിനെ ഫോണ്‍ ചെയ്തതെന്നാണ് സൂചന. ഇന്‍റര്‍നെറ്റ് സംവിധാനത്തിലൂടെയാണ് കോള്‍ ചെയ്തിരിക്കുന്നത്. രവി പൂജാരിയുടെ ഭീഷണി മുംബൈയിലെ മറ്റ് പല പ്രമുഖര്‍ക്ക് നേരെയും ഉയര്‍ന്നിട്ടുണ്ടെന്നാണ് സൂചന. നിര്‍മ്മാതാവ് ബോണി കപൂറിന് നേരെയും ദിവസങ്ങള്‍ക്ക് മുമ്പ് രവി പൂജാരി ഭീഷണി സന്ദേശമയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ബോളിവുഡിലെ പ്രമുഖ സംവിധായകനും ഹൃത്വിക് റോഷന്‍റെ പിതാവുമായ രാകേഷ് റോഷന് മുമ്പ് അധോലോക സംഘം നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. കാസറ്റ് രാജാവ് ഗുല്‍ഷന്‍ കുമാറിനെ വധിച്ചതും അധോലോക സംഘങ്ങളാണ്. പല പ്രമുഖരും ഭീഷണി കാരണം വലിയ സുരക്ഷാ സന്നാഹങ്ങളോടെയാണ് സഞ്ചരിക്കുന്നത്.