rahul balan|
Last Updated:
ചൊവ്വ, 7 ജൂണ്‍ 2016 (20:08 IST)
ഒരുകാലത്ത് മുംബൈ അധോലോകത്തെ അടക്കിഭരിച്ചിരുന്ന ദാവൂദ് ഇബ്രാഹിമിന്റെ വലം കയ്യായിരുന്നു രാജേന്ദ്ര സദാശിവ് നിഖല്‍ജി എന്ന ഛോട്ടാ രാജന്‍. ദാവൂദ് ഇബ്രാഹിമിന്റെ
വിശ്വസ്തനായിരുന്ന സുഭാഷ് താക്കൂറിന്റെ കൊലപാതകത്തോടെയാണ് തര്‍ക്കങ്ങളില്ലാതെ നേര്‍രേഖയില്‍ സഞ്ചരിച്ചിരുന്ന ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ക്ക് തുടങ്ങിയത്. ഛോട്ടാ രാജന്റെ ഗ്രൂപ്പില്‍പ്പെട്ടവരായിരുന്നു കൊലപാതകത്തിന് പിന്നില്‍. 1992ലെ മുംബൈ ബോംബ് സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ഛോട്ടാരാജനും ദാവൂദും വഴിപിരിഞ്ഞു. ദാവൂദുമായി പിരിയാനും സ്വന്തം സംഘമുണ്ടാക്കാനും രാജന്‍ മുംബൈ സ്‌ഫോടന പരമ്പര ഉപയോഗപ്പെടുത്തി, പ്രധാനമായും ഛോട്ടാ ഷക്കീലിന്റെ വളര്‍ച്ച മൂലം ദാവൂദ് സംഘത്തില്‍ തന്റെ സ്ഥാനത്തിനുണ്ടായേക്കാവുന്ന പ്രസക്തി കുറയുന്നുവെന്നു മനസ്സിലാക്കിയായിരുന്നു അത്.
1994 ആയപ്പോഴേക്കും ദാവൂദിന്റെ സംഘത്തിലെ വലിയൊരു ഭാഗം അംഗങ്ങളുമായി ഛോട്ടാരാജന്‍ ദുബായില്‍ നിന്നും കോലാലംപൂരിലേക്ക് പറന്നു. ഛോട്ടാരാജന്റെ ആള്‍ക്കാര്‍ ദാവൂദിന്റെ വിശ്വസ്ത ഭൃത്യന്‍ സുനില്‍ സാവന്തിനെ 1995-ല്‍ ദുബായില്‍ വച്ചു വെടിവെച്ചു കൊന്നതോടെ തന്നെ ശത്രുതയും കൂട്ടക്കൊലകളും തുടങ്ങിയിരുന്നു. ദാവൂദ് ഇതിനു പകരം വീട്ടിയത് രാജനോട് അടുപ്പമുണ്ടെന്നു പറയപ്പെട്ടിരുന്ന മുബൈയിലെ ഹോട്ടല്‍ ബിസിനസ്സുകാരന്‍ രാംനാഥ് പയ്യെടെയെ വെടിവച്ചു കൊന്നാണ്. രാജന്‍ പ്രതികരിച്ചത് ദാവൂദിന്റെ കൊള്ളസംഘത്തിലെ മൂന്നുപേരുടെ ജീവനെടുത്തും.
തുടര്‍ന്ന് 1995-ല്‍ അന്നത്തെ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് തലവന്‍ തഖിയുദ്ദീന്‍ വാഹീദ്, 1998 ജൂണില്‍ നേപ്പാള്‍ മുന്‍ മന്ത്രി മിര്‍സാ ദിശാദ് ബെഗ്, 1998 മാച്ചില്‍ ശിവസേനാ നേതാവ് സലിം ബദ്ഗുജാര്‍ തുടങ്ങി പല പ്രമുഖവ്യക്തികളുടെയും ജീവന്‍ കൊള്ളസംഘങ്ങളുടെ വെടിയുണ്ടകള്‍ക്കിരയാവുകയുണ്ടായി.
2003 ജനുവരി 19ന് പ്രമുഖ ഹോട്ടല്‍ വ്യവസായി ശരദ് ഷെട്ടി ദുബായിലെ പോപ്പുലര്‍ ഇന്ത്യ ക്ലബ്ബില്‍ വച്ച് രണ്ടു കൊലയാളികളുടെ വെടിയേറ്റു മരിച്ചു. പിന്നീടാണ് ദാവൂദ് ഇബ്രാഹിമിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് പിന്നില്‍ 45-കാരനായ ഷെട്ടി ആയിരുന്നു എന്ന് പുറത്തറിയുന്നത്. പിന്നീട് ദാവൂദിന്റെ ഡി കമ്പനിയുടെ ആക്രമണത്തില്‍ ബാങ്കോക്കില്‍ വച്ച് ഛോട്ടാരാജനു പരിക്കേറ്റു. അയാളുടെ വലംകൈയായ ഹാമര്‍ എന്നറിയപ്പെട്ടിരുന്ന രോഹിത് വര്‍മ്മ എതിരാളികളുടെ മെഷീന്‍ ഗണ്ണുകള്‍ ഉതിര്‍ത്ത 32 വെടിയുണ്ടകള്‍ ഏറ്റാണ് അന്ന് കൊല്ലപ്പെട്ടത്.
തനിക്കെതിരെ ഉണ്ടായ ആക്രമനത്തിന് പിന്നില്‍ ഷെട്ടി പ്രധാന പങ്കുവഹിച്ചിട്ടുണ്ടാവുമെന്ന് ഛോട്ടാ രാജന്‍ വിശ്വസിച്ചിരുന്നു. ചില ഒട്ടപ്പെട്ട ആക്രമണങ്ങള്‍ പിന്നീടും നടന്നു. ഛോട്ടാ രാജനെ ഇന്ത്യയ്ക്ക് കൈമാറിയതിന് ശേഷവും ദാവൂദ് ഭീഷണി സന്ദേശം അയച്ചിരുന്നു. രാജന്റെ മുംബൈ ജയിലില്‍ വച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം