മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് അനുകൂലമായി സുപ്രീംകോടതി പരാമര്‍ശം. ജനങ്ങളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും സുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്നും സുപ്രീംകോടതി. ഇതുസംബന്ധിച്ച് കേരളത്തിന് നിയമനിര്‍മ്മാണം നടത്താമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
1886ലെ കരാറിന്‍റെ പിന്തുടര്‍ച്ചാവകാശത്തെപ്പറ്റി തമിഴ്നാട് ചൊവ്വാഴ്ച നിരത്തിയ വാദങ്ങള്‍ തൃപ്തികരമല്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. തമിഴ്നാടിന് അനുകൂലമായി 2006ല്‍ ഉണ്ടായ വിധി എല്ലാക്കാലത്തും നിലനില്‍ക്കുന്നതല്ല. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ആ വിധിയടക്കം ഒലിച്ചുപോകും - സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
1886ല്‍ ബ്രിട്ടീഷ് സര്‍ക്കാരുമായുണ്ടാക്കിയ കരാറില്‍ തമിഴ്നാടിന് എന്താണ് കാര്യമെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി ചോദിച്ചിരുന്നു. അതേസമയം, അണക്കെട്ട് ബലപ്പെടുത്താനുള്ള തമിഴ്നാടിന്‍റെ ശ്രമങ്ങള്‍ കേരളം തടസപ്പെടുത്തുകയാണെന്ന് തമിഴ്നാട് വാദിച്ചു.
മുല്ലപ്പെരിയാര്‍ കേസില്‍ ചൊവ്വാഴ്ച മുതലാണ് സുപ്രീംകോടതിയുടെ അഞ്ചംഗബഞ്ച് അന്തിമവാദം കേട്ട് തുടങ്ങിയത്. ഇരുസംസ്ഥാനങ്ങളും പ്രഗത്ഭരായ അഭിഭാഷകരുടെ സംഘത്തെയാണ് നിരത്തിയിരിക്കുന്നത്. അന്തിമവാദം കേള്‍ക്കല്‍ മൂന്നാഴ്ചയോളം നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിരീക്ഷണങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും അന്തിമവിധിയിലും ഇത് പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുന്‍ ജലസേചനമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു.