‘എകെ 47 പരാമര്‍ശം സേനയുടെ മനോവീര്യം തകര്‍ത്തു; മോഡി തരംഗം കെട്ടിച്ചമച്ചത്’

തിരുവനന്തപുരം| WEBDUNIA|
PTI
PTI
മോഡിയുടെ പരാമര്‍ശം സേനയുടെ മനോവീര്യം തകര്‍ത്തുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഇത്തരം പരാമര്‍ശം നടത്തരുതായിരുന്നു. മോഡി തരംഗം കെട്ടിച്ചമച്ചതാണെന്നും ഏകെ ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പ് കേവലം വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ലെന്നും ആശയങ്ങള്‍ തമ്മിലുള്ളത് കൂടിയാണെന്നും തിരുവനന്തപുരം പ്രസ് ക്ലബിന്റെ സംവാദം പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

മോഡിയുടെ അജണ്ട നടപ്പായാല്‍ രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കും. ഗുജറാത്തല്ല ഇന്ത്യയെന്ന് തിരിച്ചറിയണം. മാധ്യമങ്ങള്‍ പ്രവചിക്കുന്നതല്ല യഥാര്‍ഥ തെരഞ്ഞെടുപ്പ് ഫലം. ആയുധവ്യാപാരികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയില്ലെന്നതാണ് തനിക്കെതിരേയുള്ള ഏക ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ബിജെപിയാണ്. അഴിമതിക്കെതിരേ കടുത്ത നടപടിയെടുത്ത സര്‍ക്കാരാണ് യുപി‌ഐയുടേത്. യുപി‌എയെ അങ്ങനെ എഴുതിത്തള്ളാനാവില്ല.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. ജനങ്ങളുടെ മനസ് യുഡിഎഫിനൊപ്പമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടിത്തറ നഷ്ടമായിരിക്കൊണ്ടിരിക്കുകയാണ്. അത് അവര്‍ തന്നെ പരസ്യമായി സമ്മതിച്ചതാണ്. കാലഹരണപ്പെട്ട ആശയങ്ങളും നയങ്ങളുമാണ് സിപിഎം നടപ്പാക്കുന്നത്. അതിന് മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ നവീന കേരളത്തില്‍ സിപിഎമ്മിന് പിടിച്ചു നില്‍ക്കാനാവില്ല.

പതിനഞ്ചു സീറ്റിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. അഞ്ചു സീറ്റില്‍ സ്വതന്ത്രന്മാരും. ആ സീറ്റുകളില്‍ ജയിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് സ്വതന്ത്രരെ നിറുത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്നും ആന്റണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :