‘ഇസ്രത് ജഹാനെ വധിക്കാന്‍ മോഡിയില്‍നിന്നും സമ്മതം ലഭിച്ചു’

അഹമ്മദാബാദ്: | WEBDUNIA|
PRO
PRO
ഇസ്രത് ജഹാനെ വധിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയില്‍നിന്നും സമ്മതം ലഭിച്ചിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്റെ മൊഴി. മോഡിയുടെ സമ്മതം ലഭിച്ചെന്ന് കേസിലെ പ്രതിയായ വന്‍സാര കീഴുദ്യോഗസ്ഥനോട് പറഞ്ഞെന്നാണ് സംഭവത്തിന് ദൃക്‌സാക്ഷിയായ പോലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്.

സിബിഐ അഹമ്മദാബാദ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മൊഴിയുള്ളത്. ക്രൈംബ്രാഞ്ച് ഡിഐജിയായ ഡി ജി വന്‍സാര തന്റെ കീഴ് ജീവനക്കാരനായ ജി എല്‍ സിംഗാളിനോട് വധത്തിന് നരേന്ദ്രമോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സമ്മതം കിട്ടിയതായി അറിയിച്ചിരുന്നു. മുംബൈയിലെ എസ്പ്ലാന്‍ഡെ കോടതിയില്‍ അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെയാണ് ക്രൈംബ്രാഞ്ച് ഡിഎസ്പിയായ ഡി എച്ച് ഗോസ്വാമി സുപ്രധാന മൊഴി നല്‍കിയത്.

അഹമ്മദാബാദ് കോടതിയില്‍ സിബിഐ ബുധനാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗോസ്വാമിയുടെ മൊഴിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രത് ജഹാനും കൂട്ടാളികളും കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ജിഎല്‍ സിംഗാളിനൊപ്പം അഹമ്മദാബാദിലെ ഷാഹിബൗഗ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ താന്‍ പോയിരുന്നു. എഡിജിപി പിപി പാണ്ഡെ, ഡി ജി വന്‍സാര, ഐബി ഓഫീസര്‍ രാജേന്ദ്രകുമാര്‍ എന്നിവര്‍ ആ സമയം ഓഫീസില്‍ ഉണ്ടായിരുന്നു. ഈ സമയം വെള്ളത്താടിക്കാരനെന്നും കറുത്ത താടിക്കാരനെന്നുമാണ് നരേന്ദ്രമോഡിയെയും അമിത് ഷായെയും സൂചിപ്പിക്കാന്‍ വന്‍സാര ഉപയോഗിച്ചതെന്നുമാണ് ഗോസ്വാമിയുടെ മൊഴിയിലുള്ളത്. ല്ഷ്‌കര്‍ ഇ തോയ്ബ ഓപ്പറേഷനെ കുറിച്ചും രാജേന്ദ്രകുമാറും വന്‍സാരയും സംസാരിച്ചിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്.

വ്യാജ ഏറ്റുമുട്ടല്‍ നടന്ന ജൂണ്‍ 14ന് ഉച്ചയ്ക്ക് ഒരു മണിയോടു കൂടി സിംഗാളിനൊപ്പം ഷാഹിബൗഗ് ഓഫീസില്‍ താന്‍ വീണ്ടും പോയിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. മൂന്നു പേരൊഴിച്ച് ഇസ്രതിനെ മാത്രം കൊല്ലാനുള്ള പ്ലാന്‍ വിശദീകരിക്കുന്ന എഴുതി തയ്യാറാക്കിയ ഒരു രേഖ അവിടെ വെച്ച് വന്‍സാര സിംഗാളിന് നല്‍കി. ഇസ്രതിനെ കൊല്ലാന്‍ സിംഗാള്‍ വിസമ്മതിച്ചപ്പോള്‍ പൊളിറ്റിക്കല്‍ ബോസുകളില്‍ നിന്നുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് വന്‍സാര പറഞ്ഞെന്നും ഗോസ്വാമി മൊഴി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :